ആയൂർ ∙ കൊല്ലം ജില്ലയിലെ ക്ഷീരസംഘത്തിലേക്കു വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള പുരസ്കാര നിറവിലാണ് വീട്ടമ്മയായ ഇടമുളയ്ക്കൽ മഠത്തിൽ ജെ.ആർ.ഫാത്തിമ. ഒരു ലക്ഷത്തിൽപ്പരം ലീറ്റർ പാൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ക്ഷീര സംഘത്തിനു നൽകിയതിനാണ് അംഗീകാരം ലഭിച്ചത്.
കൊല്ലത്തു നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം വരുമാനത്തിനായി ആദ്യം ഒരു പശുവിലാണ് തുടങ്ങിയത്. 4 വർഷം പിന്നിട്ടപ്പോൾ പശുക്കളുടെ എണ്ണം 40 ആയി.
30 കറവപ്പശുക്കളിൽ നിന്നായി 400 ലീറ്ററോളം പാൽ ദിവസവും ലഭിക്കുന്നു.
ഇതിൽ 250 ലീറ്റർ പാൽ ക്ഷീര സംഘത്തിലേക്കും ബാക്കി കുപ്പികളിലാക്കി വീടുകളിലും നൽകുന്നു. ഒരു പശുവിൽ തുടങ്ങി 9 പശു ആകുന്നതുവരെ കറവ ഉൾപ്പെടെയുള്ള ഇവയുടെ കാര്യങ്ങൾ നോക്കിയിരുന്നത് ഫാത്തിമയും ഭർത്താവ് സിദ്ദിഖുമായിരുന്നു.
പിന്നീട് പശുക്കളുടെ എണ്ണം ഉയർന്നതോടെ സഹായികളെയും ഒപ്പം കൂട്ടി. ഇപ്പോൾ 2 തൊഴിലാളികൾ സഹായത്തിനുണ്ട്.
തീറ്റയ്ക്കായി ഫാമിനു അടുത്തുള്ള 1.5 ഏക്കർ സ്ഥലത്ത് പുൽക്കൃഷി ചെയ്തിട്ടുണ്ട്. പുലർച്ചെ 3 ന് തുടങ്ങുന്ന കറവ ഉൾപ്പെടെയുള്ള ജോലികൾ രാവിലെ 7.30 ന് തീരും.
പിന്നീട് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു 5 മണിക്ക് അവസാനിക്കും.
യന്ത്രത്തിന്റെ സഹായത്തോടെയാണ് കറവ നടത്തുന്നത്. ഓട്ടമാറ്റിക് വാട്ടർ ബൗൾ ഉള്ളതിനാൽ കന്നുകാലികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പാത്രത്തിൽ കുടിവെള്ളം എത്തും.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് കഴിഞ്ഞ 2 വർഷവും ഫാത്തിമക്കാണു ലഭിച്ചത്. പശുക്കളെ കൂടാതെ ആടുകളെയും വളർത്തുന്നുണ്ട്.
ഇപ്പോൾ 12 ആടുകൾ ഫാമിലുണ്ട്. പ്ലസ്ടു വിദ്യാർഥിയായ മകൻ അബൂബക്കറും പഠനത്തിന്റെ ഇടവേളകളിൽ ഫാമിൽ എത്തി സഹാക്കാറുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

