പുനലൂർ ∙ കൊല്ലത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പഴനി വഴി ദിവസേന ഉണ്ടായിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഗേജ് മാറ്റം കാരണമാണ് സർവീസ് നിർത്തലാക്കിയത്.
ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവേ പാതയിലെ പ്രധാന ട്രെയിൻ സർവീസുകളിൽ ഒന്നായിരുന്നു ഇത്.
2018ൽ ഗേജ് മാറ്റം പൂർത്തിയാക്കി ചെന്നൈ, വേളാങ്കണ്ണി സർവീസുകൾ പുനരാരംഭിച്ചെങ്കിലും പഴനി വഴിയുള്ള കോയമ്പത്തൂർ സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
ഇപ്പോൾ തെക്കൻ കേരളത്തിൽ നിന്നു പഴനി ക്ഷേത്രത്തിലേക്ക് നേരിട്ട് അമൃത എക്സ്പ്രസ് മാത്രമാണുള്ളത്. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. കൊല്ലം, കൊട്ടാരക്കര, പുനലൂർ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ സ്വകാര്യ ബസുകൾ സ്പെഷൽ പെർമിറ്റ് എടുത്താണ് യാത്രക്കാരെ പഴനി ക്ഷേത്ര ദർശനത്തിനായി കൊണ്ടു പോകുന്നത്.
കൊല്ലം, മാവേലിക്കര എംപിമാർ റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർക്കും നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നു.
ഈറോഡിൽ നിന്നു കോയമ്പത്തൂർ, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ, മധുര, വിരുദ്നഗർ, രാജപാളയം, തെങ്കാശി, ചെങ്കോട്ട, പുനലൂർ വഴി കൊല്ലത്തേക്ക് സർവീസ് ആരംഭിക്കണം എന്ന ആവശ്യവും വളരെ ശക്തമാണ്. മീറ്റർഗേജ് കാലത്ത് ഓടിയിരുന്ന സർവീസുകൾ ഗേജ് മാറ്റം കഴിഞ്ഞ് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ നൽകിയ ഉറപ്പ് അവർ തന്നെ ലംഘിക്കുകയാണ്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, ഈറോഡ് – കൊല്ലം എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കണമെന്നും ജനപ്രതിനിധികൾക്കും ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയതായി കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സി.അജീഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

