
കൊല്ലം ∙ ശസ്ത്രക്രിയ നടത്താൻ മാസങ്ങൾ വൈകിയതിനെ തുടർന്നു കശുവണ്ടി തൊഴിലാളിക്കു ചികിത്സാ ആനുകൂല്യം നഷ്ടമായി. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിൽ മതിയായ ഹാജർ ഇല്ലാത്തതിന്റെ പേരിലാണ് ഇഎസ്ഐ ആനുകൂല്യം മുടങ്ങിയത്.
അവധി ശമ്പളവും നഷ്ടമായി. ബോണസിലും കുറവുണ്ടാകുമെന്ന ആശങ്കയിലാണ് തൊഴിലാളി.
കശുവണ്ടി വികസന കോർപറേഷന്റെ കല്ലുംതാഴം ഫാക്ടറിയിലെ തൊഴിലാളി കടപ്പാക്കട ഭാവന നഗർ കിഴക്കിടത്ത് കിഴക്കതിൽ കെ.രജനിയ്ക്ക് (44) ആണ് ആനുകൂല്യം നഷ്ടമായത്.
19 വർഷമായി കശുവണ്ടി വികസന കോർപറേഷൻ തൊഴിലാളിയായ രജനിക്ക് ഏതാനും വർഷം മുൻപാണ് വയറ്റിൽ വേദന തുടങ്ങിയത്.
വേദന അസഹ്യമായതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ആശ്രാമം ഇഎസ്ഐ സൂപ്പർ സ്പെഷൽറ്റി ആശുപത്രിയിൽ ചികിത്സ തേടി. സ്കാനിങ് വേണമെന്ന് ഡോക്ടർ നിർദേശിച്ചു.
കടുത്ത വേദന അനുഭവപ്പെട്ട രജനിക്ക് സ്കാനിങ്ങിനുള്ള തീയതി നൽകിയത് മേയ് 16ന്!
റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ ശസ്ത്രക്രിയയ്ക്കായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് മേയ് 18ന് റഫർ ചെയ്തു.
ജൂലൈ 30ന് ആണ് ശസ്ത്രക്രിയ നടന്നത്.
അതുവരെ ആഴ്ചയിൽ രണ്ടു ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിത്സ തേടി. ഓരോ തവണയും 500 രൂപ ഓട്ടോ വാടക നൽകിയാണ് ആശുപത്രിയിൽ പോയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം 4,800 രൂപയുടെ ബിൽ തുക ലഭിക്കുന്നതിനു ഇഎസ്ഐയിൽ സമർപ്പിച്ചപ്പോഴാണ് മതിയായ ഹാജർ ഇല്ലെന്ന് പറഞ്ഞു നിരസിച്ചത്.
ജൂൺ 30നു മുൻപു ശസ്ത്രക്രിയ നടന്നിരുന്നെങ്കിൽ ആനുകൂല്യം ലഭിക്കുമായിരുന്നു. 2024 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസത്തെ ഹാജർ 2025 ജനുവരി മുതൽ ജൂൺ 30 വരെയാണ് ആനുകൂല്യങ്ങൾക്കു പരിഗണിക്കുന്നത്.
ഈ കാലയളവിൽ രജനിക്കു 100 ഹാജർ ലഭിച്ചു. 2024 ഒക്ടോബർ മുതൽ 2025 മാർച്ച് 31 വരെയുള്ള ഹാജരാണ് ജൂലൈ 1 മുതൽ 6 മാസത്തെ ആനുകൂല്യത്തിനു പരിഗണിക്കുന്നത്.
ഇക്കാലയളവിൽ 51 ജോലി മാത്രമേ നടന്നുള്ളു.
ആനുകൂല്യം ലഭിക്കണമെങ്കിൽ ആറു മാസക്കാലത്ത് കുറഞ്ഞത് 78 ഹാജർ വേണം. രണ്ടാം പാദത്തിൽ ഇതു ലഭിക്കാതിരുന്നതാണ് ആനുകൂല്യം നഷ്ടമാക്കിയത്.
ജൂണിൽ ശസ്ത്രക്രിയ നടന്നിരുന്നെങ്കിൽ ആദ്യ പാദഹാജരിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യം ലഭിക്കുമായിരുന്നു. രണ്ടാം പാദത്തിലെ ഹാജർ കുറവ് അവധി ശമ്പളവും നഷ്ടപ്പെടുത്തി. ഇപ്പോൾ ശമ്പളമില്ലാത്ത അവധിയിലാണ് രജനി.
ഇതു പൂർണ ബോണസ് ലഭിക്കുന്നതിനും തടസ്സമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]