
പത്തനാപുരം ∙ മലയോരത്തു വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം വർധിച്ചിട്ടും നടപടിയില്ലാത്തതു പ്രതിഷേധം ശക്തമാക്കുന്നു. പ്രതിപക്ഷ സംഘടനകൾ നടത്തിയിരുന്ന പ്രതിഷേധം ഭരണപക്ഷ സംഘടനകളും ഏറ്റെടുത്തു തുടങ്ങി.
കറവൂർ, പെരുന്തോയിൽ, കടശേരി, ചെല്ലപ്പള്ളി, കൈതക്കെട്ട്, മഹാദേവർമൺ, മുള്ളുമല, ചെരുപ്പിട്ടകാവ്, കുമരംകുടി എന്നീ സ്ഥലങ്ങളിലെല്ലാം ആന ഇറങ്ങാത്ത ദിവസങ്ങളില്ലെന്ന അവസ്ഥയാണ്. പത്തനാപുരം, മണ്ണാറപ്പാറ വനം റേഞ്ചുകളുടെ ഭാഗമായ ഇവിടങ്ങളിൽ വനം അധികൃതർ കടുത്ത അനാസ്ഥയാണു തുടരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കിടങ്ങും തൂക്കുവേലിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടന്നെങ്കിലും നാളുകൾ കഴിഞ്ഞിട്ടും നടപടികൾ മന്ദഗതിയിലാണ്.
റോഡുകളിലും പുരയിടങ്ങളിലും തമ്പടിക്കുന്ന കാട്ടാനകൾ കാട്ടിലേക്ക് മടങ്ങാൻ പോലും തയാറാകാത്തത് പ്രദേശവാസികളുടെ സ്വൈര്യജീവിതത്തെ തന്നെ ബാധിക്കുന്നുണ്ട്.
വൈകുന്നേരം ആയാൽ വീടിനു പുറത്തിറങ്ങാൻ ആളുകൾക്ക് പേടിയാണ്. പത്ത് വർഷം മുൻപ് വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന വന്യജീവികൾ, വനത്തിൽ നിന്നും 15 കിലോമീറ്റർ അകലെ വരെ ഇറങ്ങി.
കുറ്റിക്കാടുകളിലും പാറയിടുക്കുകളിലും തമ്പടിച്ച് കാർഷിക വിളകൾ ഭക്ഷിച്ച്, ഇവ വിഹരിക്കുന്നതിനെ തടയാൻ അധികൃതർക്കാകുന്നില്ല. കാട്ടാനയ്ക്കു പുറമേ, കാട്ടുപോത്ത്, പുലി, മയിൽ, കുരങ്ങ്, പന്നി, മ്ലാവ്, കേഴ എന്നിവയെല്ലാം നാട്ടിൽ വിഹരിക്കുകയാണ്. കറവൂർ–അച്ചൻകോവിൽ, കുമരംകുടി, കടശേരി ഭാഗങ്ങളിലുള്ള വിദ്യാർഥികളുൾപ്പെടെ വൈകിട്ട് മടങ്ങിയെത്താൻ പ്രയാസപ്പെടുകയാണ്.
വൈകിട്ട് 5 കഴിഞ്ഞാൽ വന്യമൃഗ ശല്യം മൂലം ബസുകളിൽ പോലും യാത്ര ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു.
റോഡ് വശങ്ങളിലെ കാടുകൾ നീക്കി ദൂരെ നിന്നു കാടിറങ്ങി വരുന്ന വന്യജീവികളെ കാണാൻ കഴിയുന്ന രീതിയിൽ കാഴ്ചതടസ്സം ഒഴിവാക്കിയാൽ തന്നെ യാത്രക്കാരുടെ പകുതി പ്രശ്നം അവസാനിക്കും എന്നും ഇവർ പറയുന്നു. എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സംയുക്ത യോഗം ചേർന്ന് പദ്ധതി ആവിഷ്കരിക്കണം എന്നു സിപിഎം ഏരിയ കമ്മിറ്റി അംഗം കറവൂർ എൽ.വർഗീസ് ആവശ്യപ്പെട്ടു.
കറവൂർ ചെക്പോസ്റ്റിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കുക, ആർആർടി സ്ക്വാഡ് സേവനം ഇവിടെയും ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ടു വയ്ക്കുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് – ബിജെപി തുടങ്ങി പ്രതിപക്ഷ സംഘടനകളും പോഷക സംഘടനകളും നടത്തിവരുന്ന പ്രക്ഷോഭത്തിനു പുറമേയാണു സിപിഎമ്മും സമരത്തിൽ പങ്കാളി ആകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]