ചവറ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകരപ്പാലത്തിനു സമാന്തരമായി നിർമാണത്തിലിരുന്ന പാലത്തിൽ നിന്ന് ഇരുമ്പു പാളം വീണു സുരക്ഷാ ജീവനക്കാരൻ മരിച്ചു. ബിഹാർ ലഖി സാരായി നഗരത്തിൽ സലോണ ചാക് സ്വദേശി വിനോദ് സിങ് (47) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.40 നായിരുന്നു സംഭവം.
സമീപത്തെ താമസസ്ഥലത്തു നിന്നു ഭക്ഷണം കഴിച്ച ശേഷം വെള്ളം എടുക്കാനായി പാലത്തിനടിയിലൂടെ നടന്നുപോകുന്നതിനിടെ പുതിയ പാലത്തിൽ ബീമുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വച്ചിരുന്ന ഇരുമ്പ് പാളം തലയിലേക്കു പതിക്കുകയായിരുന്നു. രക്തം വാർന്ന് കിടന്ന വിനോദ് സിങ്ങിനെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സുരക്ഷാ മാനദണ്ഡമില്ലാതെ പുതിയ പാലത്തിൽ 15, 20 അടി നീളമുള്ള സി ചാനൽ ഇരുമ്പ് പാളം അടുക്കിയിട്ടുണ്ട്.
ഇതു താഴേക്ക് പതിക്കാതിരിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് സുരക്ഷാ ജീവനക്കാരന്റെ മരണത്തിനു കാരണമായത്. നീണ്ടകരപ്പാലത്തിനു സമാന്തരമായി കിഴക്കും പടിഞ്ഞാറും ഭാഗത്ത് 2 പുതിയ പാലങ്ങളാണ് നിർമാണത്തിലിരിക്കുന്നത്.
കിഴക്കുഭാഗത്തെ പാലത്തിൽ നിന്നാണ് പാളം വീണത്. ഇതിന്റെ ബീമുകൾ പൂർണമായി ഉറപ്പിച്ചിരുന്നു. 20 അടി ഉയരത്തിൽ നിന്നാണ് പാളം താഴേക്കു പതിച്ചത്.
കഴിഞ്ഞ ദിവസം വരെ ഇവിടെ വല സ്ഥാപിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇത് അഴിച്ചു മാറ്റിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]