
കൊല്ലം ∙ ജന്മനാട് തൊട്ടപ്പുറത്ത് ആലപ്പുഴ ജില്ലയാണെങ്കിലും വിഎസിന് ഏറ്റവും ഇഷ്ടപ്പെട്ട ജില്ലകളിലൊന്നു കൊല്ലം ആയിരുന്നു.
സിപിഎമ്മിൽ വിഎസിന്റെ വലംകൈ ആയി നിന്ന നേതാക്കളിൽ പ്രമുഖർ പലരും ഇതേ കൊല്ലം ജില്ലയിൽ നിന്നായിരുന്നു. അതുകൊണ്ടു തന്നെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളും വിട
വാങ്ങുമ്പോൾ കൊല്ലം വല്ലാതെ വിഷാദമാകുന്നു.കൊല്ലവും ആലപ്പുഴയും ഉൾപ്പെട്ട പഴയ തിരുവിതാംകൂറിൽ ജനിച്ച വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യം പിന്നീട് കൊല്ലം ജില്ലയിൽ സൃഷ്ടിച്ച അടയാളങ്ങൾ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായക അധ്യായങ്ങളാണ്.
പാർട്ടി സെക്രട്ടറി, എൽഡിഎഫ് കൺവീനർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലൊക്കെ വിഎസ് നടത്തിയ ഇടപെടലുകളിൽ കൊല്ലവും പലപ്പോഴും കടന്നു വന്നിട്ടുണ്ട്. പാർട്ടി നേതാവ് എന്ന നിലയിൽ നടത്തിയ സമരങ്ങൾ, മുഖ്യമന്ത്രി എന്ന നിലയിൽ നേതൃത്വം നൽകിയ വികസന പദ്ധതികൾ, വിഎസിന്റെ കൈ പിടിച്ചു പാർട്ടിയുടെ പടവുകൾ ചവിട്ടിയ നേതാക്കൾ വിഎസുമായി ബന്ധപ്പെട്ട
ഓർമകൾ ജില്ലയിൽ സമൃദ്ധമാണ്.
കറയും കരിയും പുരണ്ടിട്ടും ജീവിക്കാനാവശ്യമായ കൂലിയോ ആനുകൂല്യങ്ങളോ ഇല്ലാതെ വീർപ്പുമുട്ടിയ കശുവണ്ടിത്തൊഴിലാളികളുടെ ജീവിതം വിഎസിന്റെ ശ്രദ്ധയിൽപെടുന്നതു പാർട്ടി സെക്രട്ടറിയായിരിക്കെയാണ്. പാർട്ടിയുടെ ട്രേഡ് യൂണിയൻ സംഘടനകൾ ഇത്തരം തൊഴിൽ വിഷയങ്ങൾ ഏറ്റെടുക്കുന്നതായിരുന്നു അക്കാലത്ത് പതിവ്.
എന്നാൽ സർക്കാർ പ്രഖ്യാപിച്ച ക്ഷാമബത്ത കിട്ടാത്തതിൽ കശുവണ്ടിത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമായപ്പോൾ ആ സമരം പാർട്ടി നേരിട്ട് ഏറ്റെടുക്കുകയാണെന്നു പ്രഖ്യാപിച്ചതു വിഎസ് ആയിരുന്നു. സമരത്തിനു മുന്നോടിയായി നടന്ന കൺവൻഷൻ കൊല്ലം നഗരത്തിലെ ചാമക്കടയിലെ പഴയ കൃഷ്ണ തിയറ്ററിൽ ഉദ്ഘാടനം ചെയ്യാനും വിഎസ് വന്നു.
പി.കെ ഗുരുദാസൻ, അന്തരിച്ച നേതാവ് സുശീല ഗോപാലൻ തുടങ്ങി വൻ നേതൃനിരയെ രംഗത്തിറക്കിയായിരുന്നു വിഎസിന്റെ സമരപദ്ധതി.
ആ കൺവൻഷനിലെ വിഎസിന്റെ ഉദ്ഘാടന പ്രസംഗം കേട്ട് ആവേശം കൊണ്ടു വിദ്യാർഥി രംഗത്തു നിന്നു നേരിട്ടു ട്രേഡ് യൂണിയൻ രംഗത്തേക്ക് എടുത്തുചാടിയ ഒരു പാർട്ടി നേതാവും കൊല്ലത്തുണ്ട്– ജെ. മേഴ്സിക്കുട്ടിയമ്മ.2012 ൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് 2 മത്സ്യത്തൊഴിലാളികൾ വെടിയേറ്റു മരിച്ച സംഭവത്തിലും വിഎസിന്റെ ശക്തമായ ഇടപെടൽ കൊല്ലം കണ്ടു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ ഇടപെട്ടു നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സംഘടനകൾ സംയുക്തമായി തീരദേശത്തു മനുഷ്യച്ചങ്ങല തീർത്തപ്പോൾ അത് ഉദ്ഘാടനം ചെയ്യാനെത്തിയതും വിഎസ് ആയിരുന്നു. കുണ്ടറ ഇൻഫോ പാർക്ക്, വെള്ളിമണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി തുടങ്ങി മുഖ്യമന്ത്രിയായിരിക്കെ വിഎസ് ഉദ്ഘാടനം ചെയ്ത പദ്ധതികളും ആ ഓർമകൾ പേറി ജില്ലയിലുണ്ട്.
പാർട്ടിയിലെ പോരാട്ടത്തിലും ജില്ല വിഎസിനൊപ്പം
പാർട്ടിയിലെ ആഭ്യന്തരപ്പോരിലും ഒരുകാലത്തു വിഎസിനൊപ്പം ശക്തമായ നിലയുറപ്പിച്ച ജില്ലയായിരുന്നു കൊല്ലം.
1995 ൽ ജില്ലയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അക്കാലത്തെ പ്രബല സിഐടിയു ഗ്രൂപ്പിനെതിരെ പട നയിച്ച വിഎസിനൊപ്പം ജില്ലയിലെ മിക്ക നേതാക്കളും പിന്നീട് അണിനിരന്നതു ചരിത്രം.
വിഎസ് പക്ഷത്തിന്റെ ശക്തമായ ജില്ല എന്ന പേരു പാർട്ടിയിൽ കൊല്ലത്തിനു വന്നതും അങ്ങനെയാണ്. അതേ, വിഎസിന്റെ പേരില്ലാതെ, ഈ വർഷമാദ്യം കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി പാനൽ പ്രഖ്യാപിക്കപ്പെട്ടതും പുതുചരിത്രം; പിന്നീട് വിഎസിനെ ഉൾപ്പെടുത്തിയെങ്കിലും.
വിഎസിനൊപ്പം നിന്ന പല നേതാക്കളും ‘അക്കരപ്പച്ച’ തേടി പാർട്ടിയിൽ മറുകണ്ടം ചാടിയതും കൗതുകമുള്ള കൊല്ലം ചരിത്രം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]