
തിരുമുല്ലവാരം കടൽത്തീരം: കടലെടുത്തോ വികസന പദ്ധതികൾ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ എന്നും അവഗണനകൾ മാത്രം ഏറ്റുവാങ്ങുന്ന കടൽത്തീരമാണ് തിരുമുല്ലവാരം കടൽത്തീരം. മനോഹരമായ ബീച്ച് സംരക്ഷിക്കുന്നതിനോ മികച്ച ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനോ ഇവിടെ ഇനിയും നടപടികൾ ഉണ്ടായിട്ടില്ല. ഡിടിപിസിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളടക്കം എങ്ങുമെത്താതെ അവസാനിപ്പിക്കുകയും ചെയ്തു.
ആ പദ്ധതിയിലൂടെ സ്ഥാപിച്ച ലൈറ്റുകൾ പോലും കൃത്യമായ പരിചരണമോ പരിശോധനയോ നടക്കാത്തതിനാൽ നശിച്ചുകഴിഞ്ഞു. ചിൽഡ്രൻസ് പാർക്കെന്ന ബോർഡ് മാത്രം ഇവിടെ കാണാം. തിരയടിക്കാത്ത കടൽ കാണാൻ സാധിക്കുന്ന തിരുമുല്ലവാരത്തെ ആകർഷണീയത ടൂറിസത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും നടപ്പാക്കാൻ വൈകിക്കൂടാ.
ടൂറിസം സാധ്യത ഏറെ
ക്ഷേത്രത്തിന്റെ സാന്നിധ്യവും ബലിതർപ്പണ സൗകര്യവും കടൽത്തീര സൗന്ദര്യവുമെല്ലാം ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ ഇനിയും ഉണ്ടായിട്ടില്ല. സ്ഥലത്തിന്റെ അപര്യാപ്തത ഉള്ളതിനാൽ ചെറു പദ്ധതികൾ ഇവിടെ ആവിഷ്കരിക്കാവുന്നതാണ്. കോർപറേഷൻ, ഡിടിപിസി, ദേവസ്വം ബോർഡ് എന്നിവരുടെ നേതൃത്വത്തിലെല്ലാം വിവിധ പദ്ധതികൾ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല. പാതി വഴിയിൽ ഉപേക്ഷിച്ചതും നശിച്ചതുമായ പദ്ധതികളാണ് കൂടുതലും.
ലൈറ്റുകളുടെ അവസ്ഥ ദയനീയം
തിരുമുല്ലവാരം ബീച്ചിന് മുൻപിലുള്ള ഹൈ മാസ്റ്റ് ലൈറ്റും ഒരു തെരുവു വിളക്കുമില്ലാതെ മറ്റൊരു ലൈറ്റുകളും ഇവിടെയില്ല. പല തെരുവു വിളക്കുകളുടെ കാലുകൾ മാത്രമാണുള്ളത്. ചിലവ പൂർണമായും തകർന്നു വീണുകിടക്കുകയാണ്. കടലോരത്തിന് ചേർന്നായതിനാൽ നശിക്കാനുള്ള സാധ്യത കൂടുതലായതിനാൽ അതിനനുസരിച്ചുള്ള പരിചരണം അനിവാര്യമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും അതിനാൽ തന്നെ ഇരുട്ടിയാൽ ഇവിടെ നിന്ന് മടങ്ങേണ്ടി വരും. നടപ്പാതയും പുലിമുട്ടുമെല്ലാം രാത്രി പൂർണമായും ഇരുട്ടിലാണ്. ഡിടിപിസിയുടെ നേതൃത്വത്തിൽ ലൈറ്റ് ഘടിപ്പിക്കുന്നതിലൂടെ തുടങ്ങിയ പദ്ധതി സ്ഥലത്തിന്റെ തർക്കങ്ങളിലും മറ്റും തട്ടി നിലച്ചു. നിലവിൽ ഡിടിപിസിക്ക് പ്രത്യേകം പദ്ധതികളൊന്നും ഇവിടെയില്ല.
ഇരിക്കാനും ഇടമില്ല
വൈകുന്നേരങ്ങളിൽ നൂറുകണക്കിന് ആളുകൾ ഇവിടേക്കെത്തുമെങ്കിലും ഇവർക്കെല്ലാം ഇരിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെയില്ല. ആറോളം ഇരിപ്പിടങ്ങളാണ് ആകെയുള്ളത്. പാർക്കിന്റെ ചെറിയ മതിലിലും കടലിലേക്കിങ്ങിക്കിടക്കുന്ന കരിങ്കൽക്കെട്ടുകളിലുമാണ് മിക്കവരും ഇരിക്കുന്നത്. അതിനാൽ തന്നെ ഇരിക്കാനും കടൽ സൗന്ദര്യം ആസ്വദിക്കാനുമുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കേണ്ടതുണ്ട്.