കൊട്ടിയം∙ ദേശീയപാതയിലെ ഉയരപ്പാതയിൽ പറക്കുളത്ത് വിള്ളൽ കണ്ട ഭാഗത്തു രണ്ടടി താഴ്ചയിൽ മണ്ണു നീക്കിയപ്പോൾ ആഴത്തിൽ വിള്ളൽ .
വിള്ളൽ കണ്ട ഭാഗത്ത് വീണ്ടും നിർമാണം നടത്തരുതെന്നു നിർദേശം നിലവിലുള്ളപ്പോൾ കരാർ കമ്പനി അനധികൃതമായി നിർമാണം തുടങ്ങിയെന്ന് ആരോപിച്ചു ജനകീയ സമര സമിതി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കരാർ കമ്പനിക്കാർ പൊലീസിന്റെ സംരക്ഷണത്തിലാണ് ജോലി ആരംഭിച്ചത്. കൊട്ടിയം സിഐ പ്രദീപിന്റെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
ഇന്നലെ രാവിലെ11.30ന് ദേശീയ പാത 66ൽ പറക്കുളത്തിനും ഇഎസ്ഐ ആശുപത്രി ജംക്ഷനും മധ്യേയുള്ള ഉയരപ്പാതയിലാണ് സംഭവം.
കരാർ തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം എത്തിച്ച് വിള്ളൽ കണ്ട ഭാഗത്തെ ടാർ നീക്കി തുടങ്ങിയതോടെയാണു പ്രതിഷേധം ഉയർന്നത്.
രണ്ടാഴ്ച മുൻപാണ് ഇവിടെ പാർശ്വഭിത്തികൾ ഇളകി റോഡിൽ വിള്ളലുകൾ കണ്ടത്. പറക്കുളം വയലിനെയും ഉമയനല്ലൂർ ഏലായിലെ ഏറത്ത് ചിറയെയും ബന്ധിപ്പിക്കുന്ന തോട് കടന്നു ഭാഗത്ത് മണ്ണിട്ട് ഉയർത്തിയ പാലത്തിന് പകരം തൂണുകളിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പറക്കുളം ജനകീയ സമര സമിതി അന്നു മുതൽ സമരം നടത്തി വരികയാണ്.
കൊട്ടിയം ജംക്ഷനിൽ സംയുക്ത സമരസമിതിയും മൈലക്കാട്–സിതാര ജംക്ഷൻ സമര സമിതിയും മണ്ണിട്ട് ഉയർത്തിയ പാലം മാറ്റി തൂണുകളിൽ പാലം വേണമെന്ന ആവശ്യവുമായി സമരം നടത്തുന്നുണ്ട്. ഇതോടൊപ്പം ഉമയനല്ലൂരിലെ അടിപ്പാതയുടെ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലാണ്.
എല്ലാ സ്ഥലങ്ങളിലും സമരം ശക്തമായതോടെ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പഠനം ഒരിക്കൽ കൂടി നടത്തിയതിന് ശേഷമേ നിർമാണ പ്രവർത്തനം ആരംഭിക്കു എന്നായിരുന്നു ദേശീയ പാത അതോറിറ്റി അധികൃതരും കരാർ കമ്പനി അധികൃതരും കലക്ടർക്ക് നൽകിയ ഉറപ്പ്.
കൊട്ടിയം സംയുക്ത സമരസമിതി, ഉമയനല്ലൂർ സമര സമിതി, മൈലക്കാട്–സിതാര ജംക്ഷൻ സമരസമിതി എന്നിവരുടെ യോഗം വിളിച്ച് ഭാവി സമര പരിപാടികളെക്കുറിച്ച് തീരുമാനിക്കുമെന്ന് പറക്കുളം ജനകീയ സമര സമിതി ചെയർമാൻ എം.നാസർ, കൺവീനർ എസ്.താഹ എന്നിവർ പറഞ്ഞു.
തൊഴിലാളികൾ എത്തിയത് നിർമാണത്തിനല്ല: ദേശീയ പാത അധികൃതർ
ഇന്നലെ പറക്കുളത്തെ ഉയരപ്പാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനല്ല കരാർ കമ്പനി തൊഴിലാളികൾ എത്തിയതെന്ന് ദേശീയ പാത ലെയ്സൻ ഒാഫിസർ എം.കെ റഹ്മാൻ പറഞ്ഞു. ഉയരപ്പാതയിൽ വിള്ളൽ കണ്ട ഭാഗത്തെ ടാർ നീക്കി എത്രത്തോളം ആഴത്തിൽ വിള്ളൽ ഉണ്ടായിട്ടുണ്ട് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടാനാണ് ടാറും മണ്ണും നീക്കിയത്.
ഇവിടെ ഇനി വിദഗ്ധ സമിതി പരിശോധന നടത്തും. ദേശീയ പാതയിൽ അപകടം നടന്ന മൈലക്കാട്ടെയും തൂണുകൾ വേണമെന്ന് ആവശ്യപ്പെടുന്ന കൊട്ടിയം,പറക്കുളം എന്നിവിടങ്ങളിലെയും മണ്ണ് പരിശോധന നടത്തി കഴിഞ്ഞു.
പരിശോധന ഫലം ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ദേശീയ പാതയുടെ നിർമാണം പ്രവർത്തനങ്ങൾക്ക് സ്റ്റേ ലഭിച്ചിട്ടില്ലെന്നും ലെയ്സൻ ഒാഫിസർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

