ആര്യങ്കാവ് ∙ കാട്ടാനശല്യത്തിൽ പൊറുതിമുട്ടി വനനടുവിലെ രാജാത്തോട്ടവും റോസ്മലയും. വനാതിർത്തിയിൽ കാട്ടാനകൾ തമ്പടിച്ചതോടെ നാട്ടുകാർ ഭീതിയിൽ. രാജാത്തോട്ടം പുളിക്കത്തടത്തിൽ വീട്ടിൽ പി.സി.
മാത്യുവിന്റെ ഒന്നരയേക്കർ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക നാശം വരുത്തി. തെങ്ങ്, കമുക്, കോലിഞ്ചി എന്നിവയടക്കം എല്ലാ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയാണു കൃഷിയിടത്തിൽ നിന്നും കാട്ടാനക്കൂട്ടം തിരികെ കാടുകയറിയത്.
നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം റോസ്മലയിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. രാത്രി കാട്ടാനക്കൂട്ടം വീടിനു സമീപത്തെ കൃഷിയിടത്തിൽ ഇറങ്ങി നാശം വരുത്തുന്ന കാഴ്ച ഭീതിയോടെയാണു റോസ്മലയിലെ നാട്ടുകാരിയായ അമ്പിളി വിവരിക്കുന്നത്.
രാത്രി വീടിനു സമീപത്ത് അനക്കം കേട്ടപ്പോൾ ഉണർന്നു പുറത്തിറങ്ങി നോക്കിയപ്പോൾ കാട്ടാനക്കൂട്ടം നിൽക്കുന്നതാണു കണ്ടതെന്നും ഉടനെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നെന്നും അമ്പിളി പറഞ്ഞു.
വനത്തിലെ ഭക്ഷ്യക്ഷാമം കാരണമാണു കാട്ടാനകൾ കാടുവിട്ടിറങ്ങുന്നതെന്നാണു സൂചന. കാട്ടാനകളെ വനത്തിലേക്കു പായിക്കാൻ വനംവകുപ്പിന്റെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോസ്മല ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലും രാജാത്തോട്ടം ആര്യങ്കാവ് വനത്തിനുള്ളിലുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

