കടയ്ക്കൽ ∙ കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് അംഗമായി തൃക്കണ്ണാപുരം നീല കോട്ടേജിൽ അശ്വതി ഉത്തമൻ (28) സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതു കാണാൻ അച്ഛൻ പുരുഷോത്തമനും ഉണ്ടാകും. പാർട്ടി മാറിയതിന്റെ പേരിൽ വർഷങ്ങളോളം അനുഭവിച്ച ഊരുവിലക്കിനും മാനസിക പീഡനങ്ങൾക്കും ഭീഷണികൾക്കുമുള്ള തന്റെ മറുപടിയാണിത് എന്ന അഭിമാനവുമായി പുരുഷോത്തമൻ ചടങ്ങിനു സാക്ഷിയാകും.
കുടുംബം അനുഭവിച്ച ഉൗരു വിലക്കിന് അച്ഛന്റെ പ്രതികാരമായി മാറുകയാണ് മകളുടെ പഞ്ചായത്ത് അംഗം എന്ന സ്ഥാനം.
തൃക്കണ്ണാപുരം ജനറൽ വാർഡിൽ നിന്നാണ് പട്ടികജാതി വനിതയായ അശ്വതി വിജയിച്ചത്. വർഷങ്ങൾക്ക് മുൻപ് സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പുരുഷോത്തമൻ പിന്നീട് കോൺഗ്രസിൽ ചേർന്നു.
ഒട്ടേറെ ഭീഷണിയാണ് പിന്നീട് നേരിട്ടത്.
വഴി നടക്കുന്നതിന് പോലും തടസ്സമായിരുന്നു. വർഷങ്ങളോളം ഉൗരുവിലക്ക് നേരിട്ടിരുന്നുവെന്ന് പുരുഷോത്തമനും കുടുംബവും പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ പാർട്ടിക്കാർ കൂട്ടംകൂടി നിന്നു കൂകും. മുണ്ട് വലിച്ചൂരും.
മുഖത്ത് അടിക്കും. വീട്ടിലേക്കുള്ള വഴി പോലും കെട്ടിയടച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നു കുടുംബം പറയുന്നു.
എന്നിട്ടും പ്രതികരിക്കാതെ മൗനം ഭജിച്ചു.
‘‘വീട്ടിൽ നിന്ന് അച്ഛൻ പുറത്തു പോയാൽ വരുന്നതുവരെ പേടിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അത്രത്തോളം ഭീഷണിയാണ് അച്ഛന് ഉണ്ടായിരുന്നത്’’–അശ്വതി പറയുന്നു.
തന്നോട് കാട്ടിയ ക്രൂരതകൾക്ക് പ്രതിഷേധം എന്നോണം മകളെ പഞ്ചായത്ത് അംഗമാക്കുക എന്നതായിരുന്നു പുരുഷോത്തമന്റെ ലക്ഷ്യം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആനപ്പാറ വാർഡിൽ നിന്ന് അശ്വതി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇത്തവണ തൃക്കണ്ണാപുരം വാർഡ് ജനറൽ സീറ്റ് ആയിരുന്നിട്ടും അശ്വതിയെ അവിടെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
19 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രമെന്ന് അവർ അവകാശപ്പെട്ടിരുന്ന സ്ഥലത്ത് അശ്വതി വിജയിച്ചു. കർഷകനായ പുരുഷോത്തമന് മാസങ്ങൾക്ക് മുൻപ് മരത്തിൽ നിന്നു വീണു പരുക്കേറ്റിരുന്നു.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിജി ബിരുദധാരിയാണ് അശ്വതി. വോട്ടെണ്ണൽ കേന്ദ്രമായ നിലമേൽ എൻഎസ്എസ് കോളജ് കെട്ടിടത്തിൽ മകളുടെ വിജയം കാത്തിരിക്കുന്ന പുരുഷോത്തമന്റെ ചിത്രം വൈറലായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

