കൊല്ലം ∙ രാഷ്ട്രീയം നോക്കാതെ കോർപറേഷനിലെ എല്ലാ ഡിവിഷനുകളിലുമായി 1240 കോടിയോളം രൂപയുടെ വികസനമെത്തിച്ചുവെന്ന് മേയർ ഹണി ബെഞ്ചമിൻ. എന്നാൽ നഗരത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ജോർജ് ഡി.കാട്ടിലിന്റെ പക്ഷം.
ആത്മാർഥതയോടെ ഒരു വിഷയത്തിലും ഭരണസമിതി ഇടപെടുന്നില്ലെന്നും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇടമായി കോർപറേഷൻ മാറിയെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി.ഗിരീഷ് അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ് ക്ലബ് തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടത്തിയ ദേശപ്പോരിൽ സംസാരിക്കുകയായിരുന്നു മൂവരും.
സമാനതകളില്ലാത്ത വികസനം: മേയർ
മാലിന്യ നിർമാർജനത്തിലും ശുചീകരണത്തിലും കോർപറേഷൻ ഏറെ മുന്നോട്ടു പോയി.
കുരീപ്പുഴ ചണ്ടി ഡിപ്പോ ഉൾപ്പെടെയുള്ള പദ്ധതികൾ ഏറെ പ്രതീക്ഷയോടെയാണ് നാട് കാണുന്നത്. ലിങ്ക് റോഡിലെ മാലിന്യം മാറ്റി, പോളയത്തോട്ടിലെയും തീരദേശത്തെയും മാറ്റിക്കൊണ്ടിരിക്കുന്നു.
ശുചിമുറി മാലിന്യപ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. കുരീപ്പുഴ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യ ഈ തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കും.
ഞാങ്കടവ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. അഷ്ടമുടിക്കായൽ മനോഹരമാക്കി.
6 പകൽവീടുകൾ നിർമിച്ചു. എല്ലാ ഡിവിഷനെയും ഒരുപോലെ കണ്ടാണ് വികസനം നടപ്പാക്കിയത്.
കോർപറേഷൻ ഒളിച്ചോടുന്നു: കോൺഗ്രസ്
മാലിന്യപ്രശ്നം, കുടിവെള്ള പ്രശ്നം തുടങ്ങി എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന സമീപനമാണ് കോർപറേഷനെന്ന് പ്രതിപക്ഷ നേതാവ് ജോർജ് ഡി.കാട്ടിൽ.
ഒരു നല്ല ചർച്ച പോലും കോർപറേഷനിൽ നടക്കുന്നില്ല. നികുതി പിരിച്ചെടുക്കുന്നതിൽ പോലും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
വ്യവസായങ്ങളെ കൊല്ലത്തേക്ക് ആകർഷിക്കാനും സാധിക്കുന്നില്ല. ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ഞാങ്കടവ് പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
മാലിന്യം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്താണെന്ന് ചോദിച്ചാൽ മറുപടിയില്ല.
തീരദേശം ഇപ്പോഴും മാലിന്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്.
ആർക്കോ വേണ്ടി ചെയ്യുന്നു: ബിജെപി
കോർപറേഷൻ പദ്ധതികൾ നടപ്പിലാക്കുന്നത് ആർക്കോ വേണ്ടിയാണെന്നും ഒരു വിഷയത്തിലും ആത്മാർഥമായ ഇടപെടൽ ഇല്ലെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി.ഗിരീഷ്. കുരീപ്പുഴയിൽ നിന്ന് മാലിന്യം നീക്കിയത് വലിയ നേട്ടമായി പറയുന്നു.
ആരാണ് നഗരത്തിലെ മാലിന്യം മുഴുവൻ അവിടെ ഉപേക്ഷിച്ചത്. നഗരത്തിന്റെ മുക്കിലും മൂലയിലും ഇലക്ട്രിക് പോസ്റ്റുകൾക്കു താഴെ ചാക്കുകളിലാക്കി പ്ലാസ്റ്റിക് മാലിന്യം കിടക്കുകയാണ്.
ആരാണ് ഇത് കൊണ്ടുപോകേണ്ടത്? തെരുവുനായ പ്രശ്നവും അതിരൂക്ഷമാണ്. അഷ്ടമുടിക്കായലിലേക്കുള്ള മാലിന്യ കൈവഴികൾ അടക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അറവുശാലയില്ലാത്തതിനാൽ നഗരത്തിൽ വ്യവസ്ഥയില്ലാതെ അറവു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

