കൊല്ലം∙ ടൗണിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 4 വീടുകൾ കത്തിയമർന്നു. രണ്ടു വീടുകളിൽ സൂക്ഷിച്ചിരുന്ന 2 പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
അപകടത്തിൽ ആർക്കും പരുക്കില്ല. വീട്ടുപകരണങ്ങളും രേഖകളും വസ്ത്രങ്ങളും ഉൾപ്പെടെ കത്തിച്ചാമ്പലായി.
തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര വടക്കേത്തൊടിയിലുള്ള തകര ഷീറ്റ് കൊണ്ടു നിർമിച്ച 4 വീടുകളാണ് കത്തി നശിച്ചത്. 32 വീടുകളാണ് ഇവിടെയുള്ളത്.
അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ വീടുകളിലേക്ക് തീ പടരാതിരുന്നത്. കത്തിയമർന്ന വീടുകളോടു ചേർന്ന മറ്റു 3 വീടുകളിലും ഭാഗികമായി തീ പിടിച്ചു.
ഇന്നലെ രാത്രി 7.45നാണ് സംഭവം. മുരുകൻ, അനി, അജി, ലോട്ടറി കച്ചവടക്കാരനും അംഗപരിമിതനുമായ കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകളാണ് പൂർണമായും കത്തി നശിച്ചത്.
ചാമക്കട, കടപ്പാക്കട, കുണ്ടറ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ 8 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുരുകന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആദ്യം തീപിടിച്ചത്. ഈ വീട്ടിൽ ഇപ്പോൾ ശാന്തിയും കുടുംബവുമാണ് വാടകയ്ക്കു താമസിക്കുന്നത്.
ഇവർ വീടിനുള്ളിൽ നിലവിളക്ക് കൊളുത്തി വച്ചിട്ടു പുറത്തു പോയ സമയത്ത് നിലവിളക്കിൽ നിന്നു തീ പടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. വിളക്കിൽ നിന്നു വ്യാപിച്ച തീ പാചക വാതക സിലിണ്ടറിലേക്കു നിമിഷ നേരം കൊണ്ടു പടർന്നു.
തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ചു. വലിയ ശബ്ദം കേട്ട് സമീപത്തെ അനിയുടെ ഭാര്യ ശാലിനിയും മകൾ അനുശ്രീയും വീടിന് പുറത്തേു വന്നു നോക്കിയപ്പോഴാണ് മുരുകന്റെ വീട്ടിൽ നിന്നു തീ ഉയരുന്നത് കണ്ടത്.
പെട്ടെന്ന് തീ തൊട്ടടുത്തുള്ള കൃഷ്ണൻകുട്ടിയുടെയും അജിയുടെയും വീട്ടിലേക്കും പടർന്നു. നിമിഷ നേരം കൊണ്ട് അനിയുടെ വീടും അഗ്നി വിഴുങ്ങി.
തീ ഉയർന്നപ്പോൾ അംഗപരിമിതനായ കൃഷ്ണൻകുട്ടിയും മകളും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു. തീ ഉയരുന്നതു കണ്ട
മറ്റ് അയൽവാസികളാണ് കൃഷ്ണൻകുട്ടിയെ തോളിലെടുത്ത് വീട്ടിൽ നിന്ന് മാറ്റിയത്. 4 വീടുകളിലും തീ ആളിപ്പടർന്നതോടെ പ്രദേശവാസികൾ അവിടെ നിന്ന് ഒാടി മാറി.
അപ്പോഴേക്കും ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ എത്തി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.
ഇതിനിടെയാണ് കൃഷ്ണൻകുട്ടിയുടെ വീട്ടിലെ പാചക വാതക സിലിണ്ടറും പൊട്ടിത്തെറിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയുടെ കൂടുതൽ യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തി. അരമണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി.
അപകടവിവരം അറിഞ്ഞ് കലക്ടർ എൻ.ദേവിദാസ്, മേയർ ഹണി ബഞ്ചമിൻ, എസിപി എസ്.ഷെരീഫ് എന്നിവർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. വീട് നഷ്ടപ്പെട്ട 4 കുടുംബങ്ങൾ ഉൾപ്പെടെ 7 കുടുംബങ്ങളെ മുണ്ടയ്ക്കലിലുള്ള കോർപറേഷൻ പകൽ വീട്ടിലേക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന നഷ്ടപ്പെട്ട
രേഖകളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കലക്ടർ വീട്ടുകാരെ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

