പുനലൂർ ∙ നഗരസഭയുടെ തൊളിക്കോട്ടെ വാതക ശ്മശാനം ‘ശമനതീരം’ തകരാറിലായി ഒരു വർഷമായിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തി തുറന്നുനൽകാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തം. അറ്റകുറ്റപ്പണി സംബന്ധിച്ചു പരാതി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം 20നു വിജിലൻസ് നഗരസഭയിൽ എത്തി രേഖകൾ പരിശോധിച്ചിരുന്നു.
‘ശമനതീരം’ പണിമുടക്കിയതോടെ നഗരസഭയിൽ നിന്നും സമീപത്തെ പഞ്ചായത്തുകളിൽ നിന്നും മൃതദേഹം കിലോമീറ്ററുകൾ അകലെ തെന്മല പഞ്ചായത്തിലെ ഇടമൺ ശ്മശാനത്തിലോ കൊല്ലം കോർപറേഷൻ ശ്മശാനത്തിലോ എത്തിച്ചു സംസ്കരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
ഒന്നരവർഷം മുൻപ് 9 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ശ്മശാനമാണു വീണ്ടും പണിമുടക്കിയത്. കരാർ മുഖേന ഇതു നവീകരിക്കാൻ ആകുന്നില്ല.
നവീകരണത്തിനായി നഗരസഭ നേരത്തേ പദ്ധതി തയാറാക്കുകയും ജില്ലാ ആസൂത്രണ സമിതി ഇതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.
മുൻപ് നടത്തിയ നവീകരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നു എന്ന പേരിൽ ടെൻഡർ നടപടികൾ നടത്താൻ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതു നവീകരണം വൈകാൻ കാരണമായി. പാചകവാതകം ഉപയോഗിച്ചു മൃതദേഹം ദഹിപ്പിക്കുന്ന പ്ലാന്റിലെ തകിടുകളും മറ്റും ദ്രവിച്ചുപോയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ മുതൽ ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നില്ല. പൊതുവിഭാഗത്തിനു 3,000 രൂപയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് 1,500 രൂപയുമാണ് ഇവിടുത്തെ നിരക്ക്.
സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ശ്മശാനം ഏറെ പ്രയോജനകരമായിരുന്നു.
2018ൽ ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഇതു നവീകരിച്ചിരുന്നു. എന്നാൽ, പിന്നീടിതു തുടർച്ചയായി പ്രവർത്തിച്ചിട്ടേ ഇല്ല.
വാതകച്ചേംബറിലെ ചോർച്ച ഉൾപ്പെടെയുള്ള തകരാറുകൾ മൂലം 2023ലും 6 മാസത്തോളം ഇത് അടച്ചിട്ടു. പിന്നീടു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി തുറന്നതു കഴിഞ്ഞ ജൂണിലാണ്.
ശ്മശാനം സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണിയും നടത്തിയത്. അറ്റകുറ്റപ്പണി തീർക്കുന്നതിനു നഗരസഭ 5 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും തുടർനടപടികൾക്കു ശുചിത്വ മിഷനുമായി ബന്ധപ്പെട്ടുവരികയാണെന്നും ആയിരുന്നു അധികൃതരുടെ വിശദീകരണം.
10 വർഷങ്ങൾക്കു മുൻപ് തൊളിക്കോട്ട് പ്രവർത്തനം ആരംഭിച്ചതാണ് ശ്മശാനം. ഉടൻ വാതക ശ്മശാനം തുറക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ കൂടുതൽ ഇടപെടാൻ ഉദ്യോഗസ്ഥർ ഭയപ്പെടുകയാണെന്നു നഗരസഭ അധ്യക്ഷ കെ.പുഷ്പലത പറഞ്ഞു.
ഡിപിസി കൗൺസിൽ അംഗീകാരത്തോടെ ഇലക്ട്രിക് വിഭാഗത്തിന്റെ അന്വേഷണം നടത്തി. മെക്കാനിക്കൽ വിഭാഗത്തിന്റെ പരിശോധനയിൽ 14 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഡിപിസിയുടെ അംഗീകാരത്തിനായി 3 ദിവസം മുൻപ് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്കു ടെൻഡർ നടപടികൾ ഉണ്ടാകുമെന്നും പറഞ്ഞു.
വിജിലൻസ് അന്വേഷണം
തൊളിക്കോട്ടെ പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ബർണർ അറ്റകുറ്റപ്പണി നഗരസഭയ്ക്കു ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
2017ൽ 17.10 ലക്ഷം രൂപയ്ക്കു സ്ഥാപിച്ച ബർണർ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ല എന്നാണ് ആരോപണം.
യന്ത്രം ആദ്യ വർഷം സൗജന്യമായും തുടർന്ന് ഒരു ലക്ഷം രൂപ നിരക്കിലും അറ്റകുറ്റപ്പണി നടത്തുന്നതിനു കരാറെടുത്തിരുന്ന കമ്പനി നഗരസഭയ്ക്കു രേഖാമൂലം ഉറപ്പു നൽകിയിരുന്നതാണ്. 2022ൽ ശ്മശാനം അറ്റകുറ്റപ്പണിക്കായി അര ലക്ഷം രൂപയ്ക്കു താഴെയുള്ള തുകയ്ക്ക് ഇതേ കമ്പനി തന്നെ കരാർ എടുത്തു.
എന്നാൽ, കരാർ നൽകിയെങ്കിലും നഗരസഭ വർക്ക് ഓർഡർ നൽകിയില്ല. തുടർന്നു 4 മാസത്തിനുശേഷം വീണ്ടും കമ്പനി എസ്റ്റിമേറ്റ് എടുത്തപ്പോൾ 9 ലക്ഷം രൂപയ്ക്കാണു വർക്ക് നൽകിയതെന്നും ഇതു നഗരസഭയ്ക്കു നഷ്ടം വരുത്തി എന്നുമാണു പരാതിയിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

