കൊല്ലം∙ ഒരു നൂറ്റാണ്ട് പഴക്കമുള്ള ആ ചരിത്ര നിമിഷം നീരാവിൽ സ്കൂൾ കവാടത്തിൽ ഇനി ചുവർശിൽപ സൗന്ദര്യമാകും. സ്കൂൾ സ്ഥാപകൻ കൊച്ചുവരമ്പേൽ കേശവൻ മുതലാളി, ശ്രീനാരായണഗുരുദേവന് കെട്ടിടത്തിന്റെ താക്കോൽ കൈമാറുന്നതാണ് ശിൽപ രൂപത്തിൽ തെളിയുന്നത്.
ഇന്ന് ശ്രീനാരായണഗുരു സമാധി ആചരിക്കുമ്പോൾ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര നിമിഷത്തിന്റെ ശിൽപ ഭാഷ്യമാണു കരവിരുതിൽ കാണുന്നത്.
ഐപ്പുഴ എന്നറിയപ്പെട്ടിരുന്ന അവിടെ ക്ഷേത്രം പണിയുന്നതിന് അനുമതി തേടി നാരായണഗുരുവിനു മുന്നിലെത്തിയ കയർ വ്യവസായിയായ കേശവൻ മുതലാളിയോടു വിദ്യാലയം തുടങ്ങാനായിരുന്നു ഉപദേശം. അങ്ങനെ സ്വന്തം സ്ഥലത്ത് കേശവൻ സ്കൂൾ നിർമിച്ചു.
നാരായണഗുരുവിനു താക്കോൽ കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
പ്രാക്കുളത്ത് നിന്ന് ഒട്ടേറെ ഓടി വള്ളങ്ങളുടെ അകമ്പടിയോടെയാണ് അഷ്ടമുടിക്കായലിലൂടെ ആഘോഷപൂർവം ഗുരുവിനെ ഉദ്ഘാടന സ്ഥലത്ത് എത്തിച്ചത്. ചട്ടമ്പി സ്വാമികളും മഹാകവി കുമാരനാശാനും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
അങ്ങനെ സ്കൂൾ ചരിത്രത്തിലെ സുവർണ ഏടായി മാറി.
ഐപ്പുഴ ഇംഗ്ലിഷ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. ‘ഐപ്പുഴയിലെ മഹാത്ഭുതം’ എന്നാണ് ആത്മകഥയായ ‘ ജീവിത സമരത്തിൽ’ തിരു–കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവൻ സ്കൂളിനെ വിശേഷിപ്പിച്ചത്.
പൊതു ഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന അധഃസ്ഥിതർക്ക് ആരെയും ഭയക്കാതെ വെള്ളം കോരിക്കുടിക്കാൻ വിദ്യാലയ മുറ്റത്തു കേശവൻ മുതലാളി കിണർ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് സ്കൂളിനോടു ചേർന്നു ഗുരു മന്ദിരവും ഗ്രന്ഥശാലയും സ്ഥാപിച്ചു. സ്കൂൾ നടത്തിപ്പ് എസ്എൻഡിപി യോഗത്തിന് എഴുതി നൽകി.
യോഗത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ സ്കൂൾ ആണിത്.
ശതാബ്ദിയുടെ ഭാഗമായി നിർമിച്ച കവാടത്തിന് സമീപമാണ് അജി എസ്.ധരൻ ചുവർശിൽപ നിർമാണം നടത്തുന്നത്. കേരള ലളിതകലാ അക്കാദമി ആസ്ഥാനത്ത് ഉഴവൻ ശിൽപം ഉൾപ്പെടെ കേരളത്തിലുടനീളം ശിൽപങ്ങൾ തീർത്ത കലാകാരനാണ് അജി.
10 ഉയരത്തിലും 7 അടി വീതിയിലും നിർമിക്കുന്ന ഈ ശിൽപത്തിന്റെ നിർമാണ നിർവഹണം സ്കൂളിലെ 1989 ബാച്ച് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലാണ്. 10 ദിവസത്തിനകം പൂർത്തിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]