കൊല്ലം ∙ വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച വൈദ്യുതി തൂണുകൾ കാരണം സ്വന്തം സ്ഥലത്തു വീട് വയ്ക്കാൻ അനുമതി ലഭിക്കാതെ റിട്ട. അധ്യാപക ദമ്പതികൾ.
എറണാകുളത്ത് താമസിക്കുന്ന ബി.വസന്തജവും ഭർത്താവ് സദാശിവനുമാണ് കൊല്ലം കടവൂരിലെ എഴുപത് സെന്റ് ഭൂമിയിൽ വീട് വയ്ക്കാൻ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
കുടുംബ സ്വത്തായി ബി.വസന്തജത്തിന് ലഭിച്ചാണ് ഈ സ്ഥലം. മകളുടെ വീടുള്ള എറണാകുളത്തും ഭർത്താവിന്റെ വീടായ മാവേലിക്കരയിലുമായിരുന്നു സ്ഥിരതാമസമെന്നതിനാൽ കടവൂരിലേക്ക് വല്ലപ്പോഴുമേ വന്നിരുന്നുള്ളു. ഇതിനിടയിൽ ഈ സ്ഥലത്തിലൂടെ ഉണ്ടായിരുന്ന 30 മീറ്ററോളം വഴി കയ്യേറുകയും പൊതുവഴിയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആദ്യം പരാതി ഉയർന്നത്.
ഈ സംഭവത്തിൽ നൽകിയ കേസ് വർഷങ്ങളായി കോടതിയിലാണ്.
സ്ഥലം കയ്യേറുന്നതിനായി സമീപത്തെ സ്ഥലത്തുണ്ടായിരുന്ന വൈദ്യുത തൂണുകൾ അനുമതി ഇല്ലാതെ ഞങ്ങളുടെ സ്ഥലത്തു സ്ഥാപിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. എന്നാൽ ഈ തൂണുകൾ 30 വർഷങ്ങളായി ഇതേ സ്ഥലത്തായിരുന്നുവെന്ന് എതിർകക്ഷി പറഞ്ഞു. മകൾക്കായി ഈ സ്ഥലത്തു വീടു വയ്ക്കാൻ നോക്കിയപ്പോഴാണ് പോസ്റ്റുകളും വൈദ്യുതി ലൈനുകളുമുള്ളതിനാൽ അനുമതി ലഭിക്കില്ലെന്ന് മനസ്സിലായത്.
തുടർന്നാണ് വൈദ്യുത തൂണുകൾ മാറ്റി നൽകണമെന്ന് കെഎസ്ഇബിക്ക് അപേക്ഷ നൽകുന്നത്.
4 വീടുകളിലേക്കാണ് ഇതിലൂടെ വൈദ്യുതി എത്തിക്കുന്നത്. എന്നാൽ ഈ പോസ്റ്റുകൾ നിൽക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലാണെന്നും അതിനാൽ മാറ്റി സ്ഥാപിക്കരുതെന്നും ഈ വീട്ടുകാർ കെഎസ്ഇബിക്കും പരാതി നൽകി.
കയ്യേറ്റം ചെയ്തുവെന്ന് ബി.വസന്തജവും സദാശിവനും ആരോപിക്കുന്ന വ്യക്തി ഈ വഴി തന്റെ പ്രമാണത്തിലുള്ള സ്ഥലമാണെന്നും സ്ഥലത്തിന്റെ പേരിലുള്ള കേസ് അവസാനിക്കാതെ പോസ്റ്റുകൾ മാറ്റരുതെന്നും കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.
ഇതോടെ കേസ് അവസാനിക്കാതെ പോസ്റ്റുകൾ മാറ്റാൻ കഴിയില്ലെന്നാണ് കെഎസ്ഇബി പറയുന്നത്. എന്നാൽ സ്ഥലം കയ്യേറിയ വ്യക്തിയും കെഎസ്ഇബി ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടു ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു ദമ്പതികൾ പറയുന്നു.
വൈദ്യുത ലൈനുകളുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്തു നിന്ന് അനധികൃതമായി മണ്ണും മരങ്ങളും കടത്തിക്കൊണ്ടു പോയി എന്ന കയ്യേറ്റവുമായ ബന്ധപ്പെട്ട
കേസിന്റെ പേര് പറഞ്ഞാണ് ഇപ്പോൾ വിഷയത്തിൽ കാലതാമസം വരുത്തുന്നത്. റവന്യു വകുപ്പ് ആർഡിഒയുടെയോ എഡിഎമ്മിന്റെയോ നേതൃത്വത്തിൽ കൃത്യമായി പരിശോധന നടത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തി വൈദ്യുതി ലൈനുകൾ മാറ്റാൻ നിർദേശം നൽകിയാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
ഇതിനായി ആർഡിഒയ്ക്കും റവന്യു മന്ത്രിക്കും അപേക്ഷ നൽകി കാത്തിരിക്കുകയാണ് എഴുപത് പിന്നിട്ട ദമ്പതികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]