
കടയ്ക്കൽ ∙ കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് വീട്ടുടമയായ മുൻ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തിൽ നിന്നു ടൈൽസ് ഇറക്കി. കുമ്മിൾ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നു ഭാരമുള്ള 150 ടൈൽസ് ഇറക്കിയത്.
വീട് നിർമാണത്തിന് കൊണ്ടു വന്ന ടൈൽസ് ഇറക്കുന്നതിന് സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്ന് പ്രിയ പറയുന്നു.
തച്ചോണം മുസ്ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ നിർമിക്കുന്ന വീട്. വെഞ്ഞാറമൂട്ടിൽ നിന്നാണ് ടൈൽസ് കൊണ്ട് വന്നത്.
രാത്രി വീടിനു മുന്നിൽ ടൈൽസുമായി ലോറി എത്തിയപ്പോൾ ഇറക്കുന്നതിന് തൊഴിലാളികൾ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു തർക്കമായി.
മൂന്ന് തവണ വീടിന്റെ കോംപൗണ്ടിൽ വാഹനം കയറ്റിയെങ്കിലും തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിച്ചില്ല. വീടിന്റെ കോംപൗണ്ടിൽ വാഹനം കയറ്റി പ്രിയയും ഭർത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാൻ പാടില്ലെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
വീടിന്റെ കോംപൗണ്ടിൽ കയറ്റിയ വാഹനത്തിൽ നിന്നു പ്രിയ ഒറ്റയ്ക്ക് ടൈൽസ് ഇറക്കുക ആയിരുന്നു.
പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികൾ വീടിനു മുന്നിൽ നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു.
പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസുകാരും എത്തിയിരുന്നു. കടയ്ക്കൽ പൊലീസ് പരിധിയിലാണ് സ്ഥലം എങ്കിലും എളുപ്പം ഇവിടെ എത്താൻ കഴിയുന്നത് പാങ്ങോട് പൊലീസിന് ആണ്.
ഇറക്കിയ ടൈൽസ് മാറ്റിയിടാൻ ജോലിക്കാർ തയാറായെങ്കിലും അവരെയും തൊഴിലാളികൾ തടഞ്ഞതായി പ്രിയ പറയുന്നു. വെഞ്ഞാറമൂട്ടിൽ നിന്ന് ആണ് ടൈൽസ് എത്തിച്ചത്.
വെഞ്ഞാറമൂട്ടിൽ കയറ്റാൻ നൽകിയ കൂലിയെക്കാൾ കൂടുതലാണ് തൊഴിലാളികൾ ചോദിച്ചതെന്നാണ് പ്രിയയയുടെ ആരോപണം. പ്രിയയുടെ ഭർത്താവ് ഐ.വി.വിനോദ് മലപ്പുറത്ത് എസ്ഐ ആണ്.
നേരത്തെയും ഇവിടെ വീട് നിർമാണത്തിന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിട്ടുണ്ട്.
നേരത്തെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപിക ആയിരുന്ന പ്രിയ ഇപ്പോൾ സ്വതന്ത്ര പത്ര പ്രവർത്തകയും കെപിസിസി മീഡിയ സെൽ അംഗവും ആണ്. എന്നാൽ പ്രിയയുടെ ആരോപണം നിഷേധിക്കുകയാണ് സിഐടിയു.
അമിത കൂലി ചോദിച്ചെന്നു ആരോപണം ശരിയല്ലെന്നു സിഐടിയു കൺവീനർ ഹർഷകുമാർ പറഞ്ഞു. വല്ലപ്പോഴും മാത്രമാണ് ഇവിടെ ഇത്തരം ലോഡ് വരുന്നത്.
ഇവിടെ ഉള്ളവരിൽ കൂടുതലും പാവപ്പെട്ട തൊഴിലാളികൾ ആണ്.
തൊഴിലാളികൾക്ക് നേരെ മോശമായ ആരോപണം ഉന്നയിക്കുക ആണ് പ്രിയ ചെയ്യുന്നത് എന്ന് ഹർഷ കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]