കൊല്ലം∙ നഗരത്തിൽ മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഒാട്ടോ റിക്ഷകൾക്കെതിരെ പരിശോധനയുടെ പിടിമുറുക്കി പൊലീസും മോട്ടർ വാഹനവകുപ്പും. മീറ്ററില്ലാതെ സർവീസ് നടത്തിയ 71 ഒാട്ടോറിക്ഷകൾക്ക് ഇന്നലെ പൊലീസ് പിഴയിട്ടപ്പോൾ മോട്ടർ വാഹന വകുപ്പ് 22 ഒാട്ടോറിക്ഷകളെ പിടികൂടി പിഴ ചുമത്തി.
രാവിലെ മുതൽ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.ചിന്നക്കട, വെള്ളയിട്ടമ്പലം, കല്ലുംതാഴം, മേവറം, കരിക്കോട്, പള്ളിമുക്ക് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഒാട്ടോ റിക്ഷ ഡ്രൈവർമാർക്ക് പൊലീസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുന്നറിയിപ്പു നൽകിയിരുന്നു.
ഇത് അവഗണിച്ച് ഇന്നലെ സർവീസ് നടത്തിയ ഒാട്ടോ റിക്ഷകൾക്കാണ് പിഴ അടയ്ക്കേണ്ടി വന്നത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
പിഴ ഒടുക്കേണ്ടി വന്ന ഒാട്ടോറിക്ഷകൾ അതേ കുറ്റം കൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. അടുത്ത ഘട്ടത്തിൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കോർപറേഷൻ പരിധിയിൽ മീറ്റർ പ്രവർത്തിപ്പിക്കാതെ ഒാടുന്ന ഒാട്ടോ റിക്ഷകൾക്ക് എതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതിയാണ് ഉണ്ടായത്.
ചെറിയ ദൂരത്തേക്കു സർവീസ് നടത്താനും ചില ഒാട്ടോ റിക്ഷ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന വ്യാപക പരാതിയും ഉയർന്നിരുന്നു. ഇതേ തുടർന്ന് 16ന് മേയറുടെ അധ്യക്ഷതയിൽ കൂടിയ ട്രാഫിക് അവലോകന സമിതിയാണ് നിയമ ലംഘനത്തിന് എതിരെ കർശന നടപടി എടുക്കാൻ പൊലീസിനെയും മോട്ടർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തിയത്.അതേസമയം ഇന്നലെ നഗരത്തിൽ മീറ്റർ ഘടിപ്പിച്ചു സർവീസ് നടത്തിയ ചില ഒാട്ടോറിക്ഷകളിൽ തെറ്റായ രീതിയിലുള്ള മീറ്റർ റീഡിങാണ് കാണിച്ചതെന്നു പരാതി ഉയർന്നിട്ടുണ്ട്.
പരാതിയുണ്ടായ പശ്ചാത്തലത്തിൽ മീറ്റർ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്നതിനെപ്പറ്റിയും അന്വേഷണം നടത്തുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]