കൊല്ലം ∙ ലാപ്ടോപ്, പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിലെ കാലതാമസം മൂലം ബുദ്ധിമുട്ടിലായി സ്കൂളുകൾ. വർഷങ്ങൾക്കു മുൻപ് ഐസിടി അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിലെ ക്ലാസ് മുറികളിൽ സ്ഥാപിച്ച പ്രൊജക്ടറും ലാപ്ടോപുകളുമാണ് കാലപ്പഴക്കം മൂലം ഇപ്പോൾ കേടു വന്നിരിക്കുന്നത്.പത്തോളം ക്ലാസ് മുറികളുള്ള സ്കൂളുകളിൽ മൂന്നും നാലും ലാപ്ടോപുകളും പ്രൊജക്ടറും ഇതിനോടകം പ്രവർത്തിക്കാതായിട്ടുണ്ട്.
ലാപ്ടോപ് മറ്റൊരു ക്ലാസിൽ നിന്നു വാങ്ങി തൽക്കാലത്തേക്ക് പ്രശ്നം പരിഹരിക്കാമെങ്കിലും ഒരു ക്ലാസിലെ പ്രൊജക്ടർ കേടുവന്നാൽ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ല. അധ്യാപകരും ക്ലാസ് മുറികളും പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.
അതിനാൽ തന്നെ സമയബന്ധിതമായി ഉപകരണങ്ങൾ ശരിയാക്കി ലഭിക്കാത്തതു സ്കൂളിലെ പഠനത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.ലാപ്ടോപിലെ തകരാറുകൾ പരിഹരിക്കാൻ ഏൽപിച്ച ഏജൻസി ഇപ്പോൾ പരിഹാര നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും എല്ലായിടത്തും എത്തിയിട്ടില്ല.
പ്രൊജക്ടറിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളവയെല്ലാം എറണാകുളത്തെ ഏജൻസിക്ക് അയയ്ക്കാനാണ് നിർദേശം. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊജക്ടറുകൾ എറണാകുളത്തേക്ക് ഒരുമിച്ചു അയയ്ക്കുന്നതിനാൽ തന്നെ നന്നാക്കി കിട്ടാൻ വലിയ കാലതാമസമാണ്.
വിവിധ ഇടങ്ങളിൽ പരിഹരിക്കാൻ വ്യത്യസ്ത ഏജൻസികളെ എൽപിച്ചാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ സാധിക്കും.
അധ്യയന വർഷം തുടങ്ങി 2 മാസത്തോളമാകുമ്പോഴും പ്രൊജക്ടറിന്റെ സഹായമില്ലാതെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സ്കൂളിലെ ബിഎസ്എൻഎൽ കണക്ഷനുകൾ വിഛേദിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇന്റർനെറ്റ് സൗകര്യം പൂർണമായി ലഭ്യമാക്കാൻ ഇനിയും സാധിച്ചിട്ടില്ല.
അതിന് പുറമേയാണ് ഉപകരണങ്ങളുടെ കാലപ്പഴക്കം മൂലമുള്ള തകരാറുകൾ പരിഹരിക്കുന്നതിൽ കാലതാമസമെടുക്കുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]