
അഞ്ചാലുംമൂട് ∙ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ ഇപ്പോൾ മിക്ക വീടുകളിലും ഉണ്ടെങ്കിലും നൂറോളം പൂക്കൾ ഒന്നിച്ച് കാണുന്നത് കൗതുകം തന്നെയാണ്. കടവൂർ മതിലിൽ ജോബൻ വില്ലയിൽ ജോയി ജോർജിന്റെ തോട്ടത്തിലാണ് ദിവസേന നൂറിൽ പരം പൂക്കൾ ഒന്നിച്ച് വിരിഞ്ഞ് വസന്തം തീര്‍ക്കുന്നത്.
വീട്ടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പോളിഹൗസിൽ ആണ് തോട്ടം. 52 ബക്കറ്റുകളില്‍ 200ൽ പരം ചെടികളാണ് നട്ടിരിക്കുന്നത്.
25 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരികെ എത്തിയപ്പോൾ കൗതുകത്തിന് ആരംഭിച്ചതാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി.
അകം ചുവന്ന മധുരമുള്ള ഹൈബ്രിഡ് ഇനമാണ് കൃഷി ചെയ്തിരിക്കുന്നത്. വലിയ നീല വീപ്പകൾ രണ്ടായി മുറിച്ച് ആവശ്യത്തിന് ദ്വാരങ്ങൾ ഇട്ട
ശേഷം നടീൽ മിശ്രിതം ഉപയോഗിച്ചാണ് തൈകൾ നട്ടിരിക്കുന്നത്. ഒരു മൂട്ടിൽ 2 മുതൽ 4 വരെ തൈകൾ നട്ടിട്ടുണ്ട്.
ആദ്യഘട്ട കൃഷി വിജയിക്കുമെന്ന് മനസ്സിലായതോടെ 140 തൈകൾ കൂടി വാങ്ങി നട്ടു.
ഉണക്കി പൊടിച്ച ചാണകവും ആട്ടിൻ കാഷ്ഠവും പ്രത്യേക അനുപാതത്തിൽ ഇളക്കിയെടുത്താണ് വളമായി നൽകുന്നത്.
തുറസ്സായ ഇടങ്ങളിൽ കൃഷി ചെയ്യുന്ന ചെടികൾ മേയ് മാസം മുതൽ പൂക്കുമെങ്കിലും പോളിഹൗസിൽ ജൂൺ – ജൂലൈ മാസങ്ങളിലാണു പൂക്കുന്നത്. ഡിസംബർ വരെ കായ്കൾ ലഭിക്കും.
രാത്രി 8ന് ശേഷമാണ് ഇവ പൂക്കുന്നതെന്നു ജോയി പറയുന്നു. 10 മണിയോടെ എല്ലാ പൂക്കളും വിടരുകയും പുലർച്ചയോടെ വാടുകയും ചെയ്യും.
പൂവിരിഞ്ഞു 28 ദിവസത്തിനുള്ളിൽ കായ്കൾ വിളവെടുക്കാം. ഒരു കായ്ക്ക് ശരാശരി 450 ഗ്രാം വരെ തൂക്കം ലഭിക്കും.
വിരിയുന്ന പൂക്കൾ എല്ലാം കായ്കളാകും എന്നതാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത.
ഇത്തവണ 300 കായ്കൾ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വിൽപന നടത്തിയിട്ടില്ല.
ഈ വർഷം മുതൽ വിപണിയിൽ വിൽക്കാൻ കഴിയുമെന്ന് കരുതുന്നതായി ജോയി പറഞ്ഞു. പൂർണ പിന്തുണയോടെ ഭാര്യ ലിജി ജോയിയും ഒപ്പമുണ്ട്.
എംഎസ്സി ഫൊറൻസിക് പഠനം പൂർത്തിയാക്കിയ മകൻ ഹാരിസ് ജോയി വിദേശത്താണ്. മകൾ ഹന്ന ജോയി നഴ്സിങ് വിദ്യാർഥിനിയാണ്.
ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് ജോയി മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ഫോൺ: 9846466680.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]