
ഷാർജ, ചവറ ∙ ഷാർജ റോളയിലെ ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെയാണ് (30) കഴിഞ്ഞ ശനി പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
തെക്കുംഭാഗം എസ്ഐ എൽ.നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി.കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇൻസ്പെക്ടർ എസ്.ശ്രീകുമാറിനാണ് അന്വേഷണച്ചുമതല. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടിയിരുന്നു.
അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്നു ഷാർജ പൊലീസിലും പരാതി നൽകുന്നുണ്ട്.2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലർച്ചെ ഫ്ലാറ്റിൽ വച്ചു മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പൊലീസിനു മൊഴി നൽകിയത്.
ഇതു പ്രകാരമാണ് കൊലപാതകക്കുറ്റത്തിനു കേസെടുത്തത്.
2 വർഷമായി ദുബായിയിലായിരുന്ന അതുല്യ നാട്ടിൽ വന്ന് മകൾ ആരാധ്യയുമായി (10) മൂന്നുമാസം മുൻപ് തിരികെ പോയെങ്കിലും മകൾക്ക് അവിടെ പഠിക്കാൻ താൽപര്യമില്ലാത്തതു കൊണ്ട് തിരിച്ചു നാട്ടിലേക്കു പോന്നിരുന്നു. അതുല്യക്കു ഭർത്താവിൽ നിന്നു ക്രൂരപീഡനം നേരിട്ടുവെന്നു വെളിവാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നിട്ടുണ്ട്.
ഭർത്താവ് സതീഷ് ശങ്കർ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മർദനമേറ്റ അതുല്യയുടെ ചിത്രങ്ങളുമാണ് പുറത്തുവന്നത്.
അതുല്യ തന്നെ ചിത്രീകരിച്ച് തന്റെ സഹോദരിക്ക് അയച്ച ദൃശ്യങ്ങളാണ് ഇവ. സതീഷിന്റെ ഉപദ്രവത്തിനിടെ അതുല്യ നിലവിളിക്കുന്നതും സതീഷ് അശ്ലീലം പറയുന്നതും വിഡിയോയിലുണ്ട്.
‘എത്ര വിഡിയോ ചെയ്യുന്നു, നിനക്ക് ബോറാകുന്നില്ലേ’ എന്നും ‘ഓഫ് ചെയ്യെടീ’ എന്നും പറയുന്നതും കാണാം. അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുമുണ്ട്.
വിഡിയോകളും ചിത്രങ്ങളും കുടുംബം പൊലീസിനു കൈമാറി. ഭർത്താവിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ പുതിയ ജോലിയിൽ പ്രവേശിച്ചു മാറിത്താമസിക്കാനുള്ള ഒരുക്കത്തിലായിരുന്നു അതുല്യ.
ഇന്നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]