
കൂനയിൽ എൽപിഎസ്-ചരുവിള ക്ഷേത്രം റോഡ് തകർച്ച; വഴിയെ പെരുവഴിയാക്കരുതേ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരവൂർ∙ കൂനയിൽ എൽപിഎസ്-ചരുവിള ക്ഷേത്രം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ടും ടാറിങ്ങിനു നടപടിയില്ല. കൂനയിൽ ജംക്ഷൻ ചരുവിള ക്ഷേത്രം എന്നിവിടങ്ങളിലെ ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ റോഡിലെ മണ്ണ് ഒലിച്ചുപോയി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നതും കാറുകൾ കുഴിയിലൂടെ സഞ്ചരിച്ച് കേടുപാടുകൾ സംഭവിക്കുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്.
പൂതക്കുളം പഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും അതിൽത്തി പങ്കിടുന്ന റോഡ് ഒരു പതിറ്റാണ്ടായി തകർന്ന അവസ്ഥയിലാണ്. അധികൃതരോട് പറഞ്ഞു മടുത്ത നാട്ടുകാരും ജനപ്രതിനിധികളും റോഡ് മണ്ണിട്ട് നികത്താറുണ്ടെങ്കിലും താൽക്കാലികം മാത്രമാണ്. ആദ്യ കാലങ്ങളിൽ പരവൂർ നഗരസഭയാണ് റോഡിന്റെ പരിപാലനം നടത്തിയിരുന്നത്. പഞ്ചായത്ത് അതിർത്തി പ്രശ്നം ഉന്നയിച്ചതോടെ കൂനയിൽ നിന്നുള്ള കുറച്ചു ദൂരം മാത്രം നഗരസഭയും ബാക്കി പൂതക്കുളം പഞ്ചായത്തും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുമാണ് പരിപാലിച്ചിരുന്നത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 8 ലക്ഷം രൂപ ഉപയോഗിച്ചു വർഷങ്ങൾക്ക് മുൻപ് നെൽപാടത്തിനെ കുറുകെയുള്ള റോഡിന്റെ കോൺക്രീറ്റിങും ടാറിങും നടത്തിയിരുന്നു. നഗരസഭയും പഞ്ചായത്തും റോഡ് ഉപേക്ഷിച്ചതോടെ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് റോഡ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും നടപടികളുണ്ടായില്ല. ഇതിനായി ഫിഷറീസ് 10 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്, മാടൻനട പ്രദേശങ്ങളെ പരവൂർ നഗരകേന്ദ്രവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നാട്ടുകാർ ഒട്ടേറെ തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. കൂനയിൽ എൽപിഎസ്, ഐശ്വര്യ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളും സ്കൂൾ ബസുകളും പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കലയ്ക്കോട് മാടൻനട, ലിറ്റിൽ ഫ്ലവർ ചർച്ച് എന്നിവിടങ്ങളിലേക്കും പോകുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് കുനയിൽ–ചരുവിള ക്ഷേത്രം റോഡിനെയാണ്.