കൊല്ലം ∙ ജില്ലയിലെ ഏഷ്യൻ നീർപ്പക്ഷി സെൻസസിൽ പക്ഷികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർധന. 87 ഇനങ്ങളിൽ പെട്ട
19,555 പക്ഷികളെയാണ് ഈ വർഷത്തെ സെൻസസിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ സെൻസസിൽ 81 ഇനങ്ങളിൽ നിന്നുള്ള 11,525 പക്ഷികളെ മാത്രമാണ് കണ്ടെത്തിയിരുന്നത്.
കേരള വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും ഫാത്തിമ മാതാ നാഷനൽ കോളജിന്റെയും പിന്തുണയോടെ കൊല്ലം ബേഡിങ് ബറ്റാലിയൻ ഡബ്ല്യുഡബ്ല്യുഎഫുമായി ചേർന്നാണ് സെൻസസ് നടത്തിയത്.
കൂടുതൽ വെള്ളനാതുരുത്തിൽ
വെള്ളനാതുരുത്ത് ബീച്ചിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്, 42 ഇനങ്ങളിൽ നിന്നായി 3,983 പക്ഷികൾ. ഇതിൽ ഭൂരിഭാഗവും തീരദേശ ദേശാടന പക്ഷികളായ ഹ്യുഗ്ലിനി കടൽക്കാക്കകൾ (1,252), തവിട്ടു തലയൻ കടൽകാക്കകൾ (850), ചെറിയ കടലാളകൾ (24), വലിയ കടലാളകൾ (74), ചെറുമണൽക്കോഴികൾ (75) എന്നിവയാണ്.
ശക്തികുളങ്ങര-നീണ്ടകര ഹാർബറുകളിൽ 3,248 പക്ഷികളെ കണക്കാക്കിയെങ്കിലും സ്പീഷീസുകളുടെ എണ്ണം 10 മാത്രമായിരുന്നു. പോളച്ചിറയിൽ 37 ഇനങ്ങളിലുള്ള 2,726 പക്ഷികൾ, ചിറ്റുമലച്ചിറയിൽ 37 ഇനങ്ങളിലുള്ള 1654 പക്ഷികൾ, അഴീക്കൽ ബീച്ചിൽ 27 ഇനങ്ങളിലുള്ള 1512 പക്ഷികൾ, പോച്ചപ്പുറത്ത് 37 ഇനങ്ങളിലുള്ള 1130 പക്ഷികൾ, കണ്ടച്ചിറ 22 ഇനങ്ങളിലുള്ള 254 പക്ഷികളെയും കണ്ടെത്തി. പാവുമ്പ തണ്ണീർത്തടങ്ങളിൽ 43 ഇനങ്ങളിൽ നിന്നായി 2,743 പക്ഷികൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്.
ദീർഘദൂര ദേശാടനത്തിന് പേരുകേട്ട പട്ടവാലൻ ഗോഡ്വിറ്റുകൾ പോച്ചപ്പുറം തണ്ണീർത്തടത്തിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഏറെക്കാലമായി നീർപ്പക്ഷി സർവേ നടന്നുവരുന്ന കാരാളി ചതുപ്പിൽ പക്ഷികളുടെ എണ്ണം കുറഞ്ഞു. 33 ഇനങ്ങളിൽ നിന്ന് 341 പക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശാസ്താംകോട്ട തടാകത്തിൽ കഴിഞ്ഞ വർഷം 26 ഇനങ്ങളിലായി 291 പക്ഷികളെ നിരീക്ഷിച്ച സ്ഥാനത്ത് ഇത്തവണ 28 ഇനങ്ങളിലായി 302 പക്ഷികളെ നിരീക്ഷിക്കാൻ സാധിച്ചു.
കഴിഞ്ഞ വർഷം 31 ഇനങ്ങളിൽ നിന്ന് 781 പക്ഷികളെ നിരീക്ഷിച്ച ഉമയനല്ലൂർ ഏലായിൽ 28 ഇനങ്ങളിൽ നിന്ന് 302 പക്ഷികളെ മാത്രമേ നിരീക്ഷിക്കാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ ഇവിടെ വംശനാശഭീഷണി നേരിടുന്ന 14 കന്യാസ്ത്രീ കൊക്കുകളെ കണ്ടെത്തി.
എണ്ണത്തിൽ വർധന
മൺറോത്തുരുത്ത്, ചീലൂർ, ഉമയനല്ലൂർ, കാപ്പിൽ-പൊഴിക്കര, അഷ്ടമുടി തുടങ്ങിയ ചുരുക്കം സ്ഥലങ്ങൾ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടായി.
കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ നീർക്കാക്കകളും താറാവുകളുടെയും എണ്ണത്തിലുണ്ടായ വർധനയ്ക്കു കാരണം വെള്ളം നിറഞ്ഞു കിടന്നതാകുമെന്നാണ് വിലയിരുത്തുന്നത്. ജില്ലയിലെ തണ്ണീർത്തടങ്ങളിൽ പതിവായി കാണുന്ന എല്ലാ കാട്ടു താറാവ് ഇനങ്ങളെയും കണ്ടെത്തിയെങ്കിലും വരി എരണ്ടയുടെ അഭാവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കടൽക്കാക്കകളും കടലാളകളും ഉൾപ്പെടുന്ന തീരദേശ പക്ഷികളുടെ ഉയർന്ന സാന്നിധ്യവും ആകെ പക്ഷികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയ്ക്ക് കാരണമായി.
കാലാവസ്ഥാ മാറ്റത്തിന്റെ സൂചന
വംശനാശ ഭീഷണി നേരിടുന്ന കന്യാസ്ത്രീ കൊക്കിനെ തുടർച്ചയായി രണ്ടാം തവണയും കണ്ടെത്തിയത് ജില്ലയിലെ താപനില ഉയരുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. മനുഷ്യ ഇടപെടലുകളും കാലാവസ്ഥയിലെ അനിശ്ചിത മാറ്റങ്ങളും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ എല്ലാ സർവേ കേന്ദ്രങ്ങളിലും ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിൽ മാറ്റം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
നിരന്തരമായ നിരീക്ഷണവും ജലപക്ഷി ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളും നടപ്പിലാക്കണമെന്ന് ഏഷ്യൻ നീർപ്പക്ഷി സെൻസസ് കൊല്ലം ജില്ലാ കോഓർഡിനേറ്റർമാരായ എ.കെ.ശിവകുമാർ, പോളികാർപ്പ് ജോസഫ്, അമ്പാടി സുഗതൻ എന്നിവർ പറഞ്ഞു. സർവേയുടെ സമാപനയോഗത്തിൽ കൊല്ലം സാമൂഹിക വനവൽക്കരണ വിഭാഗം ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കോശി ജോൺ പങ്കെടുത്തു. എസ്എൻ കോളജ്, അമൃത വിശ്വവിദ്യാപീഠം വള്ളിക്കാവ്, കെ.യു.സി.ടി.ഇ കുളക്കട, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ്, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ വിദ്യാർഥികൾ പരിപാടിയുടെ ഭാഗമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

