കൊല്ലം / പരവൂർ ∙ ഒരു വശത്തു കടലും മറുവശത്തു കൊല്ലം തോടോ, പരവൂർ കായലോ അതിരിടുന്ന തീരദേശ റോഡിലൂടെയുള്ള യാത്ര ദുരിത പൂർണം. കൊല്ലം ബീച്ച് മുതൽ ഇരവിപുരം പള്ളിനേരു വരെ തരിപ്പണമായി കിടക്കുന്നു.
പരവൂർ പൊഴിക്കര മുതൽ മുതൽ പൊഴിക്കര ക്ഷേത്രം വരെ അടുത്തിടെ നിർമിച്ച റോഡ് തകർന്നു തുടങ്ങി. ഇവിടെ റോഡ് നവീകരണത്തെക്കുറിച്ചു ആരോപണങ്ങളും ശക്തം.
പൊഴിക്കര ബീച്ച്– പൊഴിക്കര ക്ഷേത്രം റോഡ്
അമിതഭാരം കയറ്റിവരുന്ന വലിയ ലോറികളെ താങ്ങാനുള്ള കരുത്തില്ലാതെ റോഡും കുടിവെള്ള പൈപ്പ് ലൈനും തകരുന്നു.
3 മാസം മുൻപു നിർമാണം പൂർത്തിയാക്കിയ പൊഴിക്കര ബീച്ച്– പൊഴിക്കര ദേവി ക്ഷേത്രം റോഡ് ആണ് തകരുന്നത്. പതിനഞ്ചോളം സ്ഥലങ്ങൾ തകർന്നു.
പലഭാഗത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനു പുറമേ വലിയ കുഴിയും രൂപപ്പെട്ടു. പത്തിലേറെ സ്ഥലങ്ങളിൽ വശങ്ങൾ ഇടിഞ്ഞു താഴ്ന്നു. പരവൂർ കായലിൽ നിന്നു ഖനനം ചെയ്യുന്ന മണൽ, റോഡിന് താങ്ങാൻ കഴിയുന്നതിനെക്കാൾ ഭാരം വഹിച്ചാണ് ദേശീയപാത നിർമാണത്തിനു കൊണ്ടുപോകുന്നത്.
ദിവസേന പത്തിലേറെ ടോറസ് ലോറികൾ നിരന്തരം ഓടുകയാണ്.
ഭാരം താങ്ങാനാകാതെ വശങ്ങൾ ഇടിയുകയും കുടിവെള്ള പൈപ്പ് ലൈൻ തകരുകയും ചെയ്യുന്നു. പൊഴിക്കര ചീപ്പ് പാലത്തിന് സമീപം ഇരുവശത്തും പൈപ്പ് ലൈൻ പൊട്ടിയൊഴുകുകയും കുഴികളിൽ വെള്ളം കെട്ടി നിൽക്കുകയുമാണ്.
കാർത്തിക്കഴികം ക്ഷേത്രത്തിനു മുന്നിൽ ഒന്നിലേറെ കുഴികളുണ്ട്. പരമാവധി 10 ടൺ ഭാരശേഷിയുള്ള വാഹനങ്ങൾക്ക് കടന്നു പോകാവുന്ന തരത്തിലുള്ള 20 എംഎം മിക്സ് സീൽ സർഫസിങ് ടാറിങ്ങാണ് റോഡിൽ നടത്തിയതെന്നാണ് കരാറുകാരൻ പറയുന്നത്.
എന്നാൽ 30 ടണ്ണിലേറെ ഭാരം വഹിക്കുന്ന ടോറസ് ലോറികളാണ് കടന്നു പോകുന്നത്. ഭാരവാഹനങ്ങളുടെ യാത്ര നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് കരാറുകാരൻ ഒട്ടേറെ തവണ ഹാർബർ എൻജിനീയറിങ് വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
പൊഴിക്കര ക്ഷേത്രം– ബീച്ച് റോഡ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് സെപ്റ്റംബറിൽ നിർമാണം പൂർത്തിയാക്കിയത്. 1.1 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തത്.
റോഡ് നിർമാണത്തിന് ഹാർബർ എൻജിനീയറിങ് വിഭാഗം 1.25 കോടി രൂപയുടെ അടങ്കൽ തുകയാണ് കണക്കാക്കിയിരുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് 50 ലക്ഷമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
തീരദേശ പാതയുടെ ഭാഗമാണ് ഇത്.
മുണ്ടയ്ക്കൽ പാലം – പള്ളിനേര് റോഡ്
ഒരു വർഷത്തിനിടയിൽ റോഡിലെ കുഴിയിൽ വീണു രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ പോലും വരാത്തവിധം നിറയെ കുഴികളാണിവിടെ.
10 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ ഒരു വർഷം മുൻപു കരാർ നൽകിയ മുണ്ടയ്ക്കൽ പാലം – പള്ളിനേര് റോഡിന്റെ അവസ്ഥയാണ് ഇത്. ഇതിനോടൊപ്പം നിർമാണം പൂർത്തിയാക്കേണ്ട പുലിമുട്ട് ബലപ്പെടുത്തൽ ജോലിയും ഇഴയുകയാണ്. റോഡ് നിർമാണത്തിനു പുലിമുട്ട് ബലപ്പെടുത്താനുമായി 10 കോടി രൂപയ്ക്കാണ് കരാർ.
2 കിലോമീറ്ററിൽ അധികം നീളമുള്ള റോഡ് നിർമാണത്തിനു മാത്രം 3.8 കോടി രൂപ.
പാർശ്വഭിത്തി നിർമിച്ചു റോഡ് നിർമാണം നടത്താനാണ് കരാർ. ടെട്രാപോഡുകൾ നിരത്തിയാണ് പുലിമുട്ട് ബലപ്പെടുത്തേണ്ടത.് തമിഴ്നാട് ഈറോഡിലെ സ്ഥാപനമാണ് രണ്ടു ജോലിയുടെയും കരാർ എടുത്തത്.
ഹാർബർ എൻജിനീയറിങ് വിഭാഗത്തിനാണ് മേൽനോട്ട ചുമതല. പാർശ്വ ഭിത്തി നിർമാണം നടക്കുന്നുണ്ടെങ്കിലും റോഡ് നിർമാണം തുടങ്ങിയില്ല.
അമിതഭാരം കയറ്റിയ ലോറികളും ക്രെയിനും മറ്റും വരുന്നതിനാൽ റോഡ് കൂടുതൽ തകർന്നു. ഓട്ടോറിക്ഷ പോലും ഈ ഭാഗത്തേക്കു വരാത്തതിനാൽ രോഗികളും വയോധികരും വലയുകയാണ്.
പുലിമുട്ട് ബലപ്പെടുത്തൽ പൂർത്തിയായ ശേഷമേ റോഡ് നിർമാണം പൂർത്തിയാക്കാനാകു എന്ന സ്ഥിതിയാണ്. എന്നാൽ പുലിമുട്ട് ബലപ്പെടുത്തൽ ജോലി പേരിനു മാത്രമാണ് നടക്കുന്നത്.
ചീപ്പ് പാലത്തിനും ഭീഷണി
ബലക്ഷയം നേരിടുന്ന പൊഴിക്കര ചീപ്പ് പാലത്തിനും ഭാരവാഹനങ്ങൾ ഭീഷണിയാകുന്നു.
പൊഴിക്കര ചീപ്പ് പാലത്തിന് ബലക്ഷയമുണ്ടെന്ന് ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം കണ്ടെത്തിയതിനെ തുടർന്നു 2 വർഷങ്ങൾക്ക് മുൻപ് ഭാരവാഹനങ്ങൾക്കു യാത്ര നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വകുപ്പിന്റെ സിവിൽ വിഭാഗം നടത്തിയ പരിശോധനയിൽ 50 വർഷം പഴക്കമുള്ള പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്.
മുണ്ടയ്ക്കൽ പാലം– കൊല്ലം ബീച്ച്
വർഷങ്ങളായി തകർന്ന തരിപ്പണമായി കിടക്കുകയാണ് തീരദേശ പാതയുടെ ഭാഗമായ മുണ്ടയ്ക്കൽ പാലം– കൊല്ലം ബീച്ച് റോഡ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലം മുതൽ മയ്യനാട് പുല്ലിച്ചിറ വരെ 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. മുണ്ടയ്ക്കൽ പാലം മുതൽ ബീച്ച് വരെ സംരക്ഷണഭിത്തി നിർമാണം തുടങ്ങി. എന്നാൽ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഭൂമി കയ്യേറിയാണ് നിർമാണം എന്നു പറഞ്ഞു തർക്കമുണ്ടായി.
സർക്കാരിന്റെ 2 വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാതായതോടെ നിർമാണം മുടങ്ങി. 10 വർഷമായി അറ്റകുറ്റപ്പണി പോലും നടത്താതെ യാത്രക്കാരുടെ നടുവൊടിക്കുന്ന വിധത്തിൽ തകർന്നു കിടക്കുകയാണ് റോഡ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

