മൺറോ തുരുത്ത്∙ ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയാണ് മൺറോത്തുരുത്ത് പഞ്ചായത്തിലേത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസും വൈസ് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷവുമാണ് വഹിക്കുന്നത്.
അതിന്റേതായ പോരായ്മ ഭരണത്തിലും വ്യക്തമാണെന്ന് ജനങ്ങളും സമ്മതിക്കുന്നു. ശക്തമായ ഭരണ സമിതി ഇല്ലാത്തതു പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെപ്പോലും ബാധിച്ചിട്ടുണ്ട്.
ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉണ്ടായിട്ടും അവ ഫലവത്തായി ഉപയോഗപ്പെടുത്താൻ ഈ ഭരണ സമിതിക്കു കഴിഞ്ഞില്ല. എന്നാൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും പഞ്ചായത്തും പരാജയപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഇടയ്ക്കിടെ ഡിടിപിസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
സർക്കാർ സംവിധാനത്തിലുള്ള ഒരു വള്ളം പോലും സഞ്ചാരികൾക്കായി ഒരുക്കിയിട്ടില്ല. കാരുത്രക്കടവിൽ ഡിടിപിസിയുടെ ഇൻഫർമേഷൻ സെന്ററിൽ വള്ളങ്ങൾ ഉണ്ടെങ്കിലും പ്രദേശവാസികളുടെയും സ്വകാര്യ ടൂറിസ്റ്റ് സ്ഥാപനങ്ങളുടെയും വള്ളങ്ങളെയാണ് സഞ്ചാരികൾ കൂടുതലും ആശ്രയിക്കുന്നത്.
വാസ്തവത്തിൽ ടൂറിസം കൊണ്ട് പഞ്ചായത്തിനോ ടൂറിസം വകുപ്പിനോ യാതൊരു ഗുണവും ലഭിക്കുന്നില്ല.
തനത് വരുമാനം തീരെ കുറവാണെങ്കിലും ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞെന്നാണ് ഭരണ സമിതി ആവശ്യപ്പെടുന്നത്. എല്ലാ വീടുകളിലും ജല ജീവൻ പദ്ധതി എത്തിക്കാൻ കഴിഞ്ഞു.
18 ലക്ഷം രൂപ വിനിയോഗിച്ച് പട്ടംതുരുത്ത് ഈസ്റ്റ് വാർഡിൽ കുഴൽ കിണർ നിർമിച്ചു. കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്താൽ രോഗ വ്യാപനവും മരണ നിരക്കും പിടിച്ചു നിർത്താൻ പഞ്ചായത്തിന് കഴിഞ്ഞത് ആരോഗ്യ മേഖലയിലെ നേട്ടമായി കരുതാം.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലാബ് സൗകര്യം, സബ് സെന്റർ വെൽനസ് സെന്ററായി ഉയർത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചു.
സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയുമായി ചേർന്ന് മത്സ്യ കർഷകർ, ക്ഷീര കർഷകർ എന്നിവർക്കായി നവീന പദ്ധതികൾ ആവിഷ്കരിച്ചു.
പുരോഗമിക്കുന്ന എംഎഫ്സി കെട്ടിടത്തിന്റെ നിർമാണം, കൃഷി വകുപ്പുമായി ചേർന്ന് വേലിയേറ്റ പ്രദേശങ്ങളിൽ പ്രത്യേക കൃഷി രീതി നടപ്പാക്കൽ, ഇടവേള കൃഷി, തെങ്ങ് കൃഷി പരിപാലനം തുടങ്ങിയവയും നേട്ടമായി ഭരണ സമിതി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലഭിക്കുന്ന ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കുന്നതിൽ പഞ്ചായത്ത് പരാജയമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പശ്ചാത്തല വികസനവും ഗ്രാമീണ റോഡ് നവീകരണവും നടപ്പാക്കിയിട്ടില്ല. തീരദേശ പരിപാലന നിയമത്തിൽ ഇളവ് ലഭിച്ചിട്ടും പൊതു ശ്മശാനം പുനർനിർമിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രധാന കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്കായി ശുചിമുറി ഒരുക്കാൻ പോലും പഞ്ചായത്തിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
“മൺറോ തുരുത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. എന്നാൽ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
ഭരണ സമിതിക്ക് ഭൂരിപക്ഷം ഇല്ലാത്തതും ഫണ്ടിന്റെ കുറവും കാരണം വളരെയേറെ പരിമിതികളിലൂടെ ആണ് 5 വർഷം പൂർത്തിയാക്കുന്നത്. എന്നിരുന്നാലും പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കഴിയുന്ന രീതിയിൽ ഭരണ സമിതിക്കു പ്രവർത്തിക്കാൻ കഴിഞ്ഞു.”
മിനി സൂര്യകുമാർ, പ്രസിഡന്റ്
“സർക്കാർ ഫണ്ട് പൂർണമായും വിനിയോഗിക്കുന്നതിൽ പഞ്ചായത്ത് പരാജയമാണ് എന്നാണ് പ്രതിപക്ഷ അഭിപ്രായം.
കഴിഞ്ഞ 5 വർഷം കൊണ്ട് 7.5 കോടി രൂപ പ്ലാൻ ഫണ്ടായി സർക്കാർ അനുവദിച്ചെങ്കിലും അതിൽ 1.5 കോടിയോളം രൂപ പഞ്ചായത്ത് നഷ്ടപ്പെടുത്തി. പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിച്ച് അനുവദിച്ച 75 ലക്ഷം രൂപയിൽ 40 ലക്ഷവും ചെലവഴിക്കാതെ പാഴാക്കി.
കണ്ടൽ ബയോപാർക്ക്, ഡെസ്റ്റിനേഷൻ ചലഞ്ച് സമഗ്ര മൺറോത്തുരുത്ത് വികസന പ്ലാൻ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി രൂപീകരണം തുടങ്ങിയവ എല്ലാം പഞ്ചായത്ത് ഉപേക്ഷിച്ച പദ്ധതികളായി അവശേഷിക്കുകയാണ്.”
ബിനു കരുണാകരൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]