
കൊല്ലം ∙ എസ്എൻ കോളജ് –കർബല റോഡ് ഭാഗം സ്ട്രീറ്റ് വെൻഡിങ് സോണാക്കാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം. കോർപറേഷനിലെ വിവിധ ഇടങ്ങൾ സ്ട്രീറ്റ് വെൻഡിങ് സോണാക്കാൻ തീരുമാനിച്ചതിൽ എസ്എൻ കോളജ് –കർബല റോഡ് ഭാഗം ഉൾപ്പെട്ടതോടെയാണ് എസ്എൻഡിപി പരാതിയുമായി രംഗത്തെത്തിയത്.
ഈ സ്ഥലങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാകാനും അലങ്കോലമാകാനും ഇടയാക്കുമെന്നാണ് പരാതി. എസ്എൻ വനിതാ കോളജ്, എസ്എൻ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, വിഎൻഎസ്എസ് കോളജ് ഓഫ് നഴ്സിങ്, ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, എസ്എൻഡിപി യോഗം ഓഫിസ് തുടങ്ങി വിവിധ വിദ്യാഭ്യാസ, സാമൂഹിക, സംഘടനാ സ്ഥാപനങ്ങളും ഓഫിസുകളും ഈ റോഡിന് സമീപത്തു പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർഥികളാണ് ഈ റോഡുകളും നടപ്പാതകളും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്.
സ്ട്രീറ്റ് വെൻഡിങ് സോണായി മേഖല മാറുന്നതോടെ സുരക്ഷാ ഭീഷണി ഉയരുമെന്നും സുഗമമായ സഞ്ചാരത്തിന് തടസ്സമാകുമെന്നും നീക്കത്തിൽ നിന്ന് കോർപറേഷൻ പിൻവാങ്ങണമെന്നും എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. നഗരത്തിലെ വഴിയോര കച്ചവടത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിനാണ് കോർപറേഷൻ നഗരത്തിൽ 17 സ്ട്രീറ്റ് വെൻഡിങ് സോണുകൾ കണ്ടെത്തിയത്.
ഘട്ടം ഘട്ടമായി തെരുവോര കച്ചവടക്കാരെ ഇവിടേക്ക് പുനഃരധിവസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഓണത്തിന് മുൻപ് നടപടി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോർപറേഷൻ നിർമിക്കുന്ന ഒരേ രൂപത്തിലും വലുപ്പത്തിലുമുള്ള ബങ്കുകൾ വാടകയ്ക്കു നൽകിയാണ് വെൻഡിങ് സോൺ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ സ്ഥലങ്ങൾക്കു പുറമേയുള്ള സ്ഥലങ്ങളിൽ വഴിയോര കച്ചവടം പൂർണമായും നിരോധിക്കാനും അതിലൂടെ നഗരത്തിലെ റോഡ് ഗതാഗതവും കാൽനട യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ മെച്ചെപ്പെടുത്താനാണ് ലക്ഷ്യം.
സ്ട്രീറ്റ് വെൻഡിങ് സോണുകൾ
∙ ക്യുഎസി റോഡിന്റെ ഒരു വശം
∙ ചെമ്മാൻമുക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന്റെ ഒരു വശം
∙ കർബല–എസ്എൻ കോളജ് റോഡ്
∙ ജല അതോറിറ്റി ഓഫിസിന് മുൻവശം
∙ ഡിസിസി ഓഫിസിന് എതിർവശം മുതൽ ബീച്ച് റോഡ് വരെ
∙ ബീച്ചിലെ മറൈൻ അക്വേറിയത്തിന് എതിർവശം
∙ പോളയത്തോട് തുമ്പൂർമുഴി
∙ പോളയത്തോട് ശ്മശാനത്തിന് എതിർവശം
∙ കോളജ് ജംക്ഷനിലെ ക്ഷേത്രത്തിന് സമീപം
∙ തുമ്പറ മാർക്കറ്റിന് സമീപം
∙ ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് എതിർവശം
∙ ചിന്നക്കട
ക്ലോക്ക് ടവറിനു സമീപം ∙ പുകയിലെ പണ്ടകശാല റോഡ് ∙ തങ്കശ്ശേരി വാടി പാർക്കിങ് ഗ്രൗണ്ട് ∙ കൊട്ടാരക്കുളത്തിന് സമീപം ∙ കെഎസ്ആർടിസി ലിങ്ക് റോഡ്– മുനീശ്വരം കോവിൽ ∙ ലിങ്ക് റോഡിന് സമീപത്തെ മാർക്കറ്റ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]