
ഏറനാട് എക്സ്പ്രസ് ശാസ്താംകോട്ടയിൽ
ശാസ്താംകോട്ട ∙ തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605/06) ഇനി മുതൽ ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷനിലും നിർത്തും. ശാസ്താംകോട്ടയിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇതെന്നും സ്ഥിതിഗതികൾ വിശകലനം ചെയ്തു ദക്ഷിണ റെയിൽവേ അനുകൂല തീരുമാനം എടുക്കുകയായിരുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.
ആലപ്പുഴ വഴി പുലർച്ചെ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിനു ശാസ്താംകോട്ടയിൽ സ്റ്റോപ് നൽകണമെന്ന ആവശ്യം തുടർച്ചയായി റെയിൽവേ മന്ത്രിയുടെയും ബോർഡ് ചെയർമാന്റെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
രാവിലെ തിരക്കേറിയ സമയക്രമങ്ങളിൽ സ്റ്റോപ് അനുവദിക്കുക ഏറെ പ്രയാസമുള്ള കാര്യമാണെങ്കിലും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ദക്ഷിണ റെയിൽവേ അനുകൂല തീരുമാനം കൈക്കൊള്ളുക ആയിരുന്നു. കഴിഞ്ഞദിവസം റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ, മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിനും (16348) ശാസ്താംകോട്ടയിൽ വൈകാതെ സ്റ്റോപ് അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചെന്നും എംപി പറഞ്ഞു.
ഇതിനായും യാത്രക്കാരും സംഘടനാ പ്രതിനിധികളും ചേർന്ന് ആവർത്തിച്ച് ആവശ്യം ഉന്നയിച്ചിരുന്നു. മാവേലി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയ മറ്റു പ്രധാന ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കാനുള്ള നടപടികൾ തുടരുകയാണെന്നും എംപി പറഞ്ഞു. പുലർച്ചെ ആലപ്പുഴ വഴി പോകുന്ന ട്രെയിനുകൾക്കു ശാസ്താംകോട്ടയിൽ സ്റ്റോപ് ഇല്ലാത്തത് യാത്രക്കാരുടെ ഇടയിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
കൊല്ലത്തും കരുനാഗപ്പള്ളിയിലും എത്തിയാണ് ഏറനാട് അടക്കമുള്ള ട്രെയിനുകളിൽ രാവിലെ ആളുകൾ യാത്ര ചെയ്തിരുന്നത്. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായത്.
നാഗർകോവിൽ – കോട്ടയത്തിന് ഓച്ചിറയിൽ
ഓച്ചിറ ∙ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിൽ ഓച്ചിറയിൽ നാഗർകോവിൽ – കോട്ടയം എക്സ്പ്രസിനു സ്റ്റോപ് പുനഃസ്ഥാപിച്ചു.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, കെ.സി.വേണുഗോപാൽ എംപി, സി.ആർ.മഹേഷ് എംഎൽഎ എന്നിവരുടെ ഇടപടലിനെത്തുടർന്നാണ്, കോവിഡ് കാലത്തിനു മുൻപ് ഉണ്ടായിരുന്ന സ്റ്റോപ് പുനഃസ്ഥാപിച്ചത്.
കെ.സി.വേണുഗോപാൽ എംപി ഒട്ടേറെത്തവണ ഈ ആവശ്യം ഉന്നയിക്കുന്നതിനായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടിരുന്നു. സമാന്തരമായി വികസന സമിതിയുടെ നേതൃത്വത്തിൽ എംപി മുതൽ പ്രധാനമന്ത്രിക്കു വരെയും നിവേദനം നൽകി.
കോവിഡിനു മുൻപ് പാസഞ്ചർ ആയി ഓടിയിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിൻ കോവിഡിനു ശേഷം എക്സ്പ്രസ് ആക്കിയതോടെയാണ് ഓച്ചിറയിലെ സ്റ്റോപ് റെയിൽവേ അധികൃതർ നിർത്തിയത്.
ഓച്ചിറ ഭാഗത്തു നിന്നു വിവിധ ഓഫിസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്ന യാത്രക്കാർക്കും ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, വള്ളിക്കാവ് അമൃതപുരി, അഴീക്കൽ മത്സ്യബന്ധന തുറമുഖം, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലേക്കു വരുന്നവർക്കും ഏറെ പ്രയോജനം ചെയ്യുന്ന തീരുമാനമാണിത്. റെയിൽവേ സ്റ്റേഷന്റെ വരുമാനത്തിലും ഇതു വർധനയുണ്ടാക്കും.
കോവിഡിനെത്തുടർന്നു നിർത്തിയ മധുര – ഗുരുവായൂർ ട്രെയിനിന്റെയും സ്റ്റോപ് പുനഃസ്ഥാപിക്കണം എന്ന ആവശ്യവും യാത്രക്കാർ ശക്തമാക്കിയിട്ടുണ്ട്.
കൊടിക്കുന്നിൽ സുരേഷിന് അഭിനന്ദനം
∙ ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ് അനുവദിക്കുന്നതിന് സജീവമായി ഇടപെട്ട കൊടിക്കുന്നിൽ സുരേഷ് എംപിയെ ശാസ്താംകോട്ട
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.മഹീന്ദ്രനും സെക്രട്ടറി സജീവ് പരിശവിളയും അഭിനന്ദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]