
ശാസ്താംകോട്ട ∙ ജനസമുദ്രം തീർത്ത കണ്ണീർമഴയിൽ കുതിർന്നു നാടിന്റെ പൊന്നോമന മിഥുൻ നിത്യതയിലേക്കു മടങ്ങി.
കുടുംബത്തിന്റെ നഷ്ടത്തിന് പകരം നൽകാൻ ഒന്നുമില്ലെന്നും എങ്കിലും ഞങ്ങളുടെ മനസ്സും പ്രാർഥനയും എന്നും കൂടെയുണ്ടെന്നും മിഥുനെ അവസാനമായി കാണാനെത്തിയ ഓരോ മുഖവും പറയാതെ പറഞ്ഞു. സ്കൂളിൽ നിന്ന് ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുനെ അവസാനമായി കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് സ്കൂളിലും വീട്ടിലുമായെത്തിയത്.
സ്കൂളിൽ പൊതുദർശനം ആരംഭിക്കുന്നത് മുൻപ് തന്നെ സഹപാഠികളും വിദ്യാർഥികളും മിഥുനെ കാണാനായി എത്തിയിരുന്നു.
സ്കൂൾ കോംപൗണ്ട് നിറഞ്ഞു കവിഞ്ഞ പൊതുദർശനത്തിൽ കാണാനെത്തിയവരുടെ നിര സ്കൂളിന് പുറത്തേക്കും നീണ്ടു. സ്കൂളിലേക്കും വീട്ടിലേക്കുമുള്ള വിലാപയാത്രയിലും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഓരോ വീടുകൾക്കും ജംക്ഷനുകൾക്കും മുൻപിൽ ആളുകൾ കൂട്ടത്തോടെ മിഥുനെ കാണാനായി കാത്തിരിക്കുകയായിരുന്നു.
മൃതദേഹം വീട്ടിലേക്കെത്തിച്ചതോടെ അതുവരെ കണ്ട ജനക്കൂട്ടം ഒന്നുമല്ലെന്ന് തോന്നിപ്പിക്കും വിധം നെഞ്ചുപൊട്ടി നാടൊന്നായി മനുഭവനത്തിലേക്കെത്തി.
3 മണിക്കൂറോളം നീണ്ട പൊതുദർശന ചടങ്ങിൽ ഒരിക്കൽ പോലും ഇടവേള ഇല്ലാത്ത വിധം ജനം മിഥുന് യാത്രയേകാനും അവസാനമായി ഒന്നു കാണാനുമായി തടിച്ചുകൂടിയത് ആയിരങ്ങളാണ്.
സങ്കടം താങ്ങാനാകാതെ പലരും മിഥുന്റെ ജീവനറ്റ മുഖം കണ്ടു വിങ്ങിപ്പൊട്ടി. ചിലർ കെട്ടിപ്പിടിച്ചു കരഞ്ഞു.
പൊലീസ് പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടി. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസ്സിലാകാതെ ഓരോരുത്തരും പരസ്പരം നോക്കി.
സംസ്കാര ചടങ്ങുകൾ ആരംഭിച്ചപ്പോഴും ആളുകൾ എത്തുന്നത് തുടരുകയായിരുന്നു. മിഥുൻ അണയാത്ത ഓർമയായി മാറുന്നത് വരെ അവരെല്ലാം അവന്റെ സമീപത്തു തന്നെ നിന്നു.
ചടങ്ങുകൾ പൂർത്തിയാക്കി ഓരോരുത്തരും മടങ്ങിയത് ഇനി ഒരാൾക്കും ഇങ്ങനൊരു ദുർവിധി വരരുതേ എന്ന പ്രാർഥനയുമായി മാത്രമാണ്. ശാസ്താംകോട്ട
താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊതുദർശനത്തിനായി തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്കു വിലാപയാത്രയായി കൊണ്ടുപോകുമ്പോൾ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണു വഴിനീളെ ആയിരങ്ങൾ കാത്തുനിന്നത്. ശാസ്താംകോട്ട– ചവറ പ്രധാന പാതയിലെ ഓരോ കവലയിലും വൻ ജനാവലി കാത്തുനിന്നതോടെ ആംബുലൻസ് അഞ്ച് കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂറെടുത്തു.
തളർന്നു വീണ് ക്ലാസ് ടീച്ചർ
ഷോക്കേറ്റു മരിച്ച മിഥുന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മിഥുന്റെ ക്ലാസ് ടീച്ചർ റൂബി കുഴഞ്ഞുവീണു.
മിഥുന്റെ മൃതദേഹം കണ്ടു മടങ്ങിയ ടീച്ചർ സങ്കടം സഹിക്കാൻ സാധിക്കാതെ തളർന്നു വീഴുകയായിരുന്നു. അധ്യാപികയെ സഹ അധ്യാപകർ തൊട്ടടുത്ത ക്ലാസ് മുറിയിലേക്കു മാറ്റി.
തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രിയ കൂട്ടുകാരന് യാത്രാമൊഴി
തന്റെ സ്കൂളിലേക്കും കൂട്ടുകാരുടെയും പ്രിയ അധ്യാപകരുടെയും മുന്നിലേക്കും അവസാന യാത്ര പറയാനായി മിഥുൻ വീണ്ടുമെത്തി. പ്രിയ സുഹൃത്തുക്കളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ചേർന്ന് മിഥുന് കണ്ണീരോടെ യാത്രയയപ്പ് നൽകി.
രാവിലെ മുതൽ തന്നെ സ്കൂളിലെ വരാന്ത നിറഞ്ഞു കവിയും വിധം വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചിരുന്നു എല്ലാവരും.
സ്കൂളിന് പുറത്തും സമീപത്തെ കടകളിലുമെല്ലാം ജനക്കൂട്ടമായിരുന്നു. നിശബ്ദമായി കാത്തുനിന്ന സ്കൂളിലേക്ക് ഒരു മണിക്കൂറോളം വൈകിയാണ് മിഥുനെത്തിയത്.
അധ്യാപകരുടെ നേതൃത്വത്തിൽ മൃതദേഹം സ്കൂളിലേക്ക് ഏറ്റുവാങ്ങി.
മിഥുന്റെ മൃതദേഹം സ്കൂളിലേക്ക് എത്തിച്ചതോടെ ജനക്കൂട്ടം ഇളകി. മിഥുനെ കാണാനായി ഓരോരുത്തരും ഓടിയെത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി മാറി.
ഇതോടെ പൊലീസ് സ്കൂളിന്റെ ഗേറ്റിൽ ആളുകളെ തടഞ്ഞു. മൃതദേഹം വയ്ക്കാനായി ഒരുക്കിയ ഇടത്ത് വലിയ തിരക്ക് അനുഭവപ്പെട്ടതോടെ ഒരു ഭാഗത്തൂടെ മാത്രമാണ് ആദ്യം പൊതുദർശനം അനുവദിച്ചത്.
പിന്നീട് വരിവരിയായി ആളുകളെ കടത്തി വിട്ടു. തിരക്ക് ഏറിയതോടെ രണ്ടാമത് മറ്റൊരു ഭാഗത്തും സൗകര്യമൊരുക്കി. തിരക്ക് അര മണിക്കൂർ പിന്നിട്ടതോടെ നിയന്ത്രണവിധേയമായി.
ഒരു മണിക്കൂറിലേറെ നീണ്ട പൊതുദർശനത്തിന് ശേഷം മിഥുന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോയി. എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, സുജിത്ത് വിജയൻപിള്ള, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരടക്കം ഒട്ടേറെ നേതാക്കൾ സ്കൂളിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണം: കെ.സി
സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
തേവലക്കരയിൽ വൈദ്യുതാഘാതമേറ്റു മരിച്ച മിഥുന് അന്ത്യോപചാരം അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. മിഥുന്റെ കുടുംബത്തെ സഹായിക്കാനുള്ള എല്ലാ ശ്രമങ്ങളും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും.
വീട് നിർമിച്ചു നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി സഹായിക്കും. വയനാട്ടിൽ ഒരു വിദ്യാർഥി സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ചപ്പോഴാണ് സ്കൂളുകളുടെ അവസ്ഥയെക്കുറിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തെഴുതേണ്ടി വന്നത്.
എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ അതുണ്ടായ സ്കൂളിൽ മാത്രം നടപടി സ്വീകരിച്ചു മുന്നോട്ടു പോയിട്ടു കാര്യമില്ല. മിഥുൻ ഷോക്കേറ്റു മരിച്ച സംഭവം ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകേണ്ട
മന്ത്രിമാർ അതിനു പകരം വെല്ലുവിളികളുമായി ഇറങ്ങുന്നത് അവർ പൂർണമായും പ്രതിക്കൂട്ടിലാണെന്നു സമ്മതിക്കുന്നതിനു തുല്യമാണ്. എത്ര കുട്ടികളുടെ ജീവൻ കൂടി ഇങ്ങനെ ബലി നൽകേണ്ടി വരും –കെസി വേണുഗോപാൽ ചോദിച്ചു.
അന്തിമോപചാരം അർപ്പിച്ച് രമേശ്
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റു മിഥുന്റെ വീട് സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അന്ത്യോപചാരം അർപ്പിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും അനാസ്ഥയുടെ രക്തസാക്ഷിയാണു മിഥുൻ എന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]