പാർക്കിങ്ങിനെച്ചൊല്ലി കലക്ടറേറ്റിൽ സംഘർഷം; റിമാൻഡിൽ ആയവർക്ക് ഇടക്കാല ജാമ്യം
കൊല്ലം∙ ജില്ലാ കോടതികൾ ഉൾപ്പെടുന്ന കലക്ടറേറ്റ് സമുച്ചയത്തിൽ പാർക്കിങ്ങിന്റെ പേരിലുണ്ടായ സംഘർഷത്തിൽ റിമാൻഡിലായ പള്ളിക്കൽ സ്വദേശി സിദ്ദീഖ്, കടയ്ക്കൽ സ്വദേശി ഷെമീന എന്നിവര്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയാറാകുന്നില്ലെന്ന് ജയിൽ സൂപ്രണ്ടിനു ഇവർ ലീഗൽ സർവീസസ് അതോറിറ്റി വഴി അപേക്ഷ നൽകിയിരുന്നു.
ജയിൽ സൂപ്രണ്ട് മജിസ്ട്രേട്ടിനു നൽകിയ റിപ്പോർട്ട് പ്രകാരമാണ് വൈകിട്ട് ഏഴോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. അടുത്ത ഏഴു ദിവസത്തിനുള്ളിൽ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിക്കണമെന്നും മജിസ്ട്രേട്ട് നിർദേശിച്ചിട്ടുണ്ട്.
അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറുമായുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇവരുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയാറാകുന്നില്ലെന്ന് അവരുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.
എന്നാൽ, ഇരുവരുടെയും കേസ് ഏറ്റെടുക്കുന്നതിൽ നിന്ന് അഭിഭാഷകരെ വിലക്കിയിട്ടില്ലെന്നാണ് ബാർ അസോസിയേഷൻ അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു പ്രകടനം നടത്തി.
സിദ്ദീഖിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഭിഭാഷകർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. സംഘർഷത്തിനു കാരണമായ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിന്റെ പരാതിയിലാണ് സിദ്ദീഖ്, ഷെമീന എന്നിവരെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
രാവിലെ 11.30 നു നടന്ന സംഘർഷത്തിൽ വെസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് വൈകിട്ട് 4.40ന്. സിദ്ദീഖ് നൽകിയ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത് വൈകിട്ട് 7.42നും.
സംഭവം നടന്ന സമയ എഫ്ഐആറിൽ കുറിച്ചിരിക്കുന്നത് രാവിലെ 11.45 എന്നാണ്. രണ്ട് എഫ്ഐആറിലും ഏകദേശം ഒരേ വകുപ്പുകളാണു ചുമത്തിയതെങ്കിലും ഒരു എഫ്ഐആറിലെ പ്രതികളെ മാത്രം അറസ്റ്റ് ചെയ്തതിനെയാണ് സിദ്ദീഖിന്റെയും ഷെമീനയുടെയും ബന്ധുക്കൾ ചോദ്യം ചെയ്യുന്നത്.
കോടതി സമുച്ചയം വരുന്നതുവരെ പാർക്കിങ് തർക്കം തുടരും
കൊല്ലം∙ സിവിൽ സ്റ്റേഷനു തൊട്ടടുത്ത് പുതിയ ജില്ലാ കോടതി സമുച്ചയ നിർമാണം പൂർത്തിയാകുമ്പോൾ കലക്ടറേറ്റിലെ തിരക്കിന് അൽപം അയവു വരുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ വർഷമാണ് കോടതി സമുച്ചയത്തിന് തറക്കല്ലിട്ടത്.
നിർമാണം പൂർത്തിയായി സിവിൽ സ്റ്റേഷനിൽ നിന്നു കോടതികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ രണ്ടു വർഷമെങ്കിലും എടുത്തേക്കുമെന്നതിനാൽ സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കം തുടർന്നേക്കും. പുതിയ കോടതി സമുച്ചയത്തിൽ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്.
സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന കോടതികളിലെ ജഡ്ജിമാർ, കേസിന് ഹാജരാകുന്ന അഭിഭാഷകർ, കലക്ടറേറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിവിധ ജില്ലാ ഓഫിസുകളിലെ ജീവനക്കാർ, അവിടെ എത്തുന്ന പൊതുജനങ്ങൾ തുടങ്ങി ആയിരങ്ങളാണ് സിവിൽ സ്റ്റേഷനിൽ എത്തുന്നത്. പാർക്കിങ് നിയന്ത്രണമുണ്ടെങ്കിൽ പല തലത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കാനാകും.
എന്നാൽ തലങ്ങും വിലങ്ങും പാർക്കു ചെയ്യുന്ന രീതിയാണ് തർക്കത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും നയിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]