പുനലൂർ ∙ താലൂക്ക് ആശുപത്രിയിൽ നൂറുകണക്കിന് രോഗികൾക്ക് അനുഗ്രഹമായിരുന്ന സിടി സ്കാനിങ് മെഷീൻ (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) തകരാറിലായതിനാൽ സ്കാനിങ് മുടങ്ങി. ഇതോടെ രോഗികൾക്ക് സ്കാനിങ്ങിനായി ഇരട്ടിയിലധികം തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുമായി.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ വിശദമായ ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ആന്തരിക പരുക്കുകൾ, മുഴകൾ, രക്തം കട്ടപിടിക്കൽ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ കണ്ടെത്താൻ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്.
ശസ്ത്രക്രിയകൾക്കും റേഡിയേഷൻ ചികിത്സയ്ക്കും തയാറെടുക്കുന്നതിന് ഇത് ഉപയോഗിക്കാറുണ്ട്. അത്യാഹിതവിഭാഗത്തിൽ നിന്നുള്ളവരടക്കം ദിവസം ഏതാണ്ട് 40 പേർക്കുവരെ ആശുപത്രിയിൽ സിടി സ്കാനിങ് നടത്താറുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് ഇവിടെ സിടി സ്കാനിങ് നടക്കുന്നത്. 9,00 മുതൽ 8,000 രൂപ വരെ ഇവിടെ ഈടാക്കുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ ഇതിന്റെ ഇരട്ടിയിലേറെ തുക നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഏതാനും വർഷം മുൻപ് സ്ഥാപിച്ച യന്ത്രമാണ് തകരാറിലായത്.
നിലവിൽ 5 ദിവസമായി സ്കാനിങ് മുടങ്ങിയിരിക്കുകയാണ്.
എംആർഐ സ്കാനിങ് സംവിധാനം സ്ഥാപിക്കുന്നത് വൈകുന്നു
ആശുപത്രി മാനേജ്മെന്റ് സമിതി കഴിഞ്ഞ ജൂണിലെടുത്ത തീരുമാന പ്രകാരം ആശുപത്രിയിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എംആർഐ) സ്കാനിങ് സംവിധാനം ഇനിയും സ്ഥാപിച്ചിട്ടില്ല. ഏകദേശം 12 കോടി രൂപ ചെലവു വരുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനമൊരുക്കാനായിരുന്നു തീരുമാനം. സാധാരണ താലൂക്ക് ആശുപത്രികളിൽ എംആർഐ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ മാതൃകാ താലൂക്ക് ആശുപത്രിയായ പുനലൂരിലെ ആശുപത്രിയിൽ ഈ സംവിധാനമൊരുക്കാൻ എച്ച്എംസി തീരുമാനിച്ചത്.
സ്കാനിങ് ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ
താലൂക്ക് ആശുപത്രിയിൽ തകരാറിലായ സിടി സ്കാനിങ് യന്ത്രത്തിന്റെ തകരാർ ഉടൻ പരിഹരിക്കുമെന്ന് നഗരസഭാ അധ്യക്ഷ കെ.പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ.
കെ.ആർ.സുനിൽ കുമാർ എന്നിവർ അറിയിച്ചു. യന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
ട്യൂബിനും ബോർഡിനുമാണ് തകരാർ . ഈ യന്ത്ര ഭാഗങ്ങൾക്ക് മാത്രമായി ഏകദേശം 1 കോടി രൂപ ചെലവ് വരും.
വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ സൗജന്യമായി ഇതു മാറ്റി ലഭിക്കും.
പൂർണമായും ഇറക്കുമതി ചെയ്ത യന്ത്രമാണിത്. അതുകൊണ്ട് യന്ത്രഭാഗങ്ങൾ ഇന്ത്യയിൽ ലഭ്യമല്ല.
ട്യൂബ് ലഭിക്കേണ്ടത് സിംഗപ്പൂരിൽ നിന്നാണ്. യന്ത്രം തകരാറിലായ ഉടൻ വാർഷിക മെയിന്റനൻസ് കരാർ നൽകിയിട്ടുള്ള കമ്പനിയെ അറിയിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ യന്ത്രഭാഗങ്ങൾ സിംഗപ്പൂരിൽ നിന്ന് എത്തും. സ്വാഭാവികമായി യന്ത്രങ്ങൾക്ക് ഉണ്ടാകുന്ന തകരാർ മാത്രമാണ് ഇവിടെയും സംഭവിച്ചത്.
യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്യേണ്ടതിനാലാണ് തകരാർ പരിഹരിക്കാൻ കാലതാമസം ഉണ്ടായതെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]