കിഴക്കേ കല്ലട∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൂറിസം ഹബിൽ ചിറ്റുമല ചിറ ഉൾപ്പെടുത്തിയതോടെ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താൻ പദ്ധതി ഒരുക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. എടുത്തുപറയത്തക്ക നേട്ടങ്ങൾ ഇല്ലാത്ത സന്തുലിതമായ ഭരണമായിരുന്നു എന്നാണ് പൊതുജന അഭിപ്രായം.
തനത് ഫണ്ടിന്റെ അപര്യാപ്ത കൊണ്ട് വലിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നാണ് ഭരണ സമിതി പറയുന്നത്. ഒരുകാലത്ത് കൊല്ലത്തിന്റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന കല്ലടയിൽ 3 പതിറ്റാണ്ടുകൾക്ക് ശേഷമാണ് ത്രിവേണി പാടശേഖരത്തിൽ കഴിഞ്ഞ 3 വർഷം നെല്ല് വിളഞ്ഞത്.
കുട്ടനാട് പാടശേഖര സമിതി ആയിരുന്നു കൃഷി ഇറക്കിയത്. എന്നാൽ ഈ വർഷം അതും മുടങ്ങി.
കൃഷി നിലച്ചതോടെ പഞ്ചായത്തിന്റെ വരുമാനവും ഇടിഞ്ഞു.
നിലവിൽ മൈനസിൽ പോകുന്ന വരുമാനം ടൂറിസം ഹബ്ബിലൂടെ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. അതിനായി ചിറ്റുമല ചിറ കേന്ദ്രമാക്കി ചിറ്റുമല ടൂറിസം ഹബ് രൂപീകരിച്ച് വിശദമായ പദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോകുകയാണ് പഞ്ചായത്ത്.
പിഎച്ച്സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ലാബും പുതിയ ആംബുലൻസ് സർവീസും ആരംഭിക്കുകയും ചെയ്തത് നേട്ടമായി ഭരണ സമിതി ഉയർത്തി കാണിക്കുന്നുണ്ട്. എന്നാൽ ഇവ ജനങ്ങൾക്ക് ഉപകരിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ലാബിന്റെ പ്രവർത്തന സമയം കുറവായതിനാൽ രോഗികൾക്ക് പ്രയോജനപ്പെടുന്നില്ല. കൂടാതെ സ്ഥിരം ഡ്രൈവർ ഇല്ലാത്തതിനാൽ ആംബുലൻസ് സർവീസും അവതാളത്തിലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
150 ഏക്കർ പാടശേഖരത്തിൽ നെല്ല് കൃഷി, കേര ഗ്രാമം പദ്ധതി, ഓണത്തിന് ബന്ദിപ്പൂ കൃഷി എന്നിവ കാർഷിക മേഖലയിൽ ഉണർവ് നൽകി. എന്നാൽ പുറത്ത് നിന്ന് എത്തി കൃഷി ഇറക്കിയതിനാൽ പഞ്ചായത്തിന് നേട്ടമാക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
2.13 കോടി രൂപ ചെലവിൽ കിഴക്കേ കല്ലട ചന്തയുടെ നവീകരണം, കൊടുവിള എൽപി സ്കൂളിൽ വർണക്കുടാരം, 80 ശതമാനത്തിനടുത്തു പൂർത്തിയായ റോഡ് നവീകരണം, പഴയാർ വാർഡിലെ ഹാപ്പിനസ് പാർക്ക്, കുടുംബശ്രീയുടെ അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പ്, പഴയാർ, ശിങ്കാരപ്പള്ളി വാർഡുകളിൽ പുതിയ അങ്കണവാടി കെട്ടിടങ്ങൾ എന്നിവ നേട്ടങ്ങളാണ്. കൂടാതെ 1000 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ 1-ാം സ്ഥാനം നിലനിർത്താനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]