കൊല്ലം∙ കോർപറേഷനിലെ പകൽ വീട് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർമാർ 6 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ദുരിതത്തിൽ. മാർച്ച് മുതൽ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന 18,390 രൂപ മുടങ്ങിയതിനാൽ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാർ വലയുകയാണ്. കോർപറേഷനിൽ 4 ഇടത്താണ് പകൽവീടുള്ളത്.
കിളികൊല്ലൂർ, മങ്ങാട്, കുരീപ്പുഴ, മുണ്ടയ്ക്കൽ എന്നിവിടങ്ങളിലായി 2 ജീവനക്കാർ വീതം ജോലി ചെയ്യുന്നു.
വാളത്തുങ്കലിൽ പുതുതായി ആരംഭിക്കുന്ന പകൽ വീട്ടിലേക്കും 2 ജീവനക്കാരെ ജോലിക്കെടുത്തിരുന്നു. 7,000 രൂപയാണ് തങ്ങൾ നൽകേണ്ട
ഓണറേറിയമെന്നു പറഞ്ഞു കോർപറേഷൻ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.പകൽ വീടുകൾ സാമൂഹികനീതി വകുപ്പ് ഏറ്റെടുത്ത് സായംപ്രഭ ഹോം ആക്കാറുണ്ട്.സായംപ്രഭ ഹോമിലെ ജീവനക്കാർക്ക് 50 ശതമാനം ഓണറേറിയം സാമൂഹികനീതി വകുപ്പും ബാക്കി തുക തദ്ദേശ സ്ഥാപനങ്ങളുമാണ് നൽകേണ്ടത്.
മങ്ങാടുള്ള പകൽ വീട് മാത്രമാണ് നിലവിൽ സായംപ്രഭ ഹോം ആക്കിയിട്ടുള്ളത്.2017ലാണ് കിളികൊല്ലൂരിൽ പകൽവീട് ആരംഭിക്കുന്നത്. തുടക്കത്തിൽ 13,500 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്.
തുടർന്ന് ഇത് 17,625 രൂപയായി ഉയർത്തി . പിന്നീട് 18,390 രൂപ ലഭിച്ചു തുടങ്ങി.
എസ്എസ്എൽസി ആണ് ജീവനക്കാരുടെ അടിസ്ഥാന യോഗ്യത. പ്രതിദിനം പതിനഞ്ചു വയോജനങ്ങളെങ്കിലും പകൽ വീട്ടിലേക്കെത്തുമെന്നു ജീവനക്കാർ പറയുന്നു.
വിശ്രമത്തിനും വിനോദത്തിനുമായി..
പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമാണ് പകൽവീട് പദ്ധതിക്ക് തുടക്കമിട്ടത്. വായിക്കാനും വർത്തമാനം പറയാനും ഒന്നിച്ചിരുന്നു ടിവി കാണാനും മാത്രമല്ല ബോൾ പാസിങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനും അവസരമുണ്ട്.
പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയുടെ ഭാഗമാകുകയും ചെയ്യാം. മെഡിക്കൽ ക്യാംപുകളും നടത്താറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]