
കൊല്ലം∙ നഗരത്തിന്റെ രാവുകളിൽ രക്തരക്ഷസ്സ് വീണ്ടും. രക്തരക്ഷസ്സിന് 52 വയസ് പ്രായമെത്തിയെങ്കിലും കൂടുതൽ കരുത്തോടെയാണ് ഇപ്പോൾ എത്തുന്നത്.
ആശ്രാമം മൈതാനത്ത് ഒരുങ്ങിയ സ്ഥിരം നാടകവേദിയിൽ ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകം 22 മുതൽ ഒരു മാസം അവതരിപ്പിക്കും. 18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു കലാനിലയത്തിന്റെ നാടകം കൊല്ലത്ത് അവതരിപ്പിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള രക്തരക്ഷസ്സിന്റെ ചാപ്റ്റർ ഒന്ന് ആണ് അവതരിപ്പിക്കുന്നത്.
കോവിഡിനു ശേഷം രക്തരക്ഷസ്സ് അവതരിപ്പിക്കുന്ന അഞ്ചാമത്തെ വേദിയാണ് കൊല്ലം.
ജഗതി എൻ.കെ.ആചാരി എഴുതി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത രക്തരക്ഷസ്സിന്റെ ആദ്യ അവതരണം 1973ൽ ആയിരുന്നു. അന്നത്തേതിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണു നാടകം ഇപ്പോൾ വേദിയിൽ എത്തുന്നത്.
കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനാണ് ക്രിയേറ്റീവ് ഡയറക്ടർ. 1963ൽ കലാനിലയം സ്ഥിരം നാടക വേദി തുടങ്ങിയത്.
കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി തുടങ്ങി 30ൽ പരം നാടകങ്ങൾ സ്ഥിരം വേദിയിൽ അവതിരിപ്പിച്ചു.ഇതിൽ ഏറ്റവും പ്രശസ്തമാണ് രക്തരക്ഷസ്സ്.
‘ സൽക്കാലദേവതേ’ എന്ന ഏറെ പ്രശസ്തമായ അവതരണ ഗാനത്തോടെയാണു നാടകം തുടങ്ങുന്നത്. കൊട്ടാരസദൃശ്യമായ വേദിയിലെ ചിത്രത്തൂണുകൾ അപ്പോൾ താളാത്മകമായി ചലിക്കും.
പിന്നീടു ഭയവും അത്ഭുതവും നിറഞ്ഞ കാഴ്ചകളിലൂടെ നാടകം വികസിക്കും. പടുകൂറ്റൻ വിമാനവും കാറും മഴയും ഒക്കെ വേദിയിൽ എത്തും.മനം മയക്കുന്ന പശ്ചാത്തല ചിത്രങ്ങൾ, ഇമവെട്ടുന്നതിനിടയിൽ വസ്ത്രം മാറി വരുന്ന കഥാപാത്രങ്ങൾ… അങ്ങനെ പുതുകാഴ്ചകളേറെ.
തിയറ്ററിൽ എന്ന പോലെ 7.1 ശബ്ദവിന്യാസം.
ശീതികരണ സംവിധാനം. 650 പേർക്ക് ഇരിക്കാവുന്ന സദസ്സിന്റെ മുൻനിരയിൽ പുഷ്ബാക്ക് ഇരിപ്പിടങ്ങൾ. ഡിജിറ്റൽ സാങ്കേതിക വിദ്യയെ പരാമവധി പ്രയോജനപ്പെടുത്തി നാടകം മിഴിവുറ്റതാക്കി. മേയർ ഹണി ബെഞ്ചിൻ 22നു നാടകാവതരണം ഉദ്ഘാടനം ചെയ്യും.
ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയിയും അനന്തപത്മനാഭനും ചേർന്നാണ് അവതരിപ്പിക്കുന്നത്. ദിവസവും വൈകിട്ട് 6നും 9നും നാടകം അവതരിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]