
കരുനാഗപ്പള്ളി ∙ ആയിരക്കണക്കിനു യാത്രക്കാർ ദിനവും വന്നു പോകുകയും റെയിൽവേക്ക് മികച്ച വരുമാനം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്കും സ്പെഷ്യൽ ട്രയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർക്കു ചിറ്റമ്മ നയം തുടരുന്നുവെന്ന് ആക്ഷേപം. കോവിഡ് സമയത്തു സ്റ്റോപ്പുകൾ നിർത്തലാക്കിയ 16350 രാജ്യ റാണി എക്സ്പ്രസ്, 16348 ട്രിവാൻഡ്രം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഒട്ടുമിക്ക സ്റ്റേഷനുകളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ പലപ്പോഴായി സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ഇറക്കിയ ഉത്തരവു പ്രകാരം ഈ ട്രെയിനുകൾക്കു ശേഷിക്കുന്ന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങിയെങ്കിലും കരുനാഗപ്പള്ളിയെ മാത്രം ഒഴിവാക്കി. ഇന്നലെ ഇറക്കിയ ഉത്തരവിൽ 06523–ാം നമ്പർ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന് ശാസ്താംകോട്ട
റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടും കരുനാഗപ്പള്ളി സ്റ്റേഷനെ അവഗണിച്ചു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈനിന്റെ പ്രശ്നം ചൂണ്ടികാട്ടിയാണു വടക്കോട്ടുള്ള സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കു സ്റ്റോപ്പുകൾ നിഷേധിക്കുന്നത്. എന്നാൽ, ലൂപ്പ് ലൈൻ പ്രശ്നമില്ലാത്ത തെക്കോട്ടുള്ള പാതയും പ്ലാറ്റ്ഫോമും ഉണ്ടായിട്ടും തിരുവനന്തപുരം ദിശയിലേക്കുള്ള ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിനു പോലും സ്റ്റോപ്പ് നൽകുന്നില്ല.
മാത്രമല്ല ലൂപ്പ് ലൈൻ പ്രശ്നമുള്ള വർക്കല ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ഒട്ടേറെ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകിയിട്ടുമുണ്ട്. സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണു പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]