
ശാസ്താംകോട്ട ∙ ‘വേറെ ഒരാൾക്ക് ഇനി ഈ അവസ്ഥ വരരുത്, ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇനി ആരും അനുഭവിക്കാൻ ഇടയാകരുത്’ അത്രയും പറഞ്ഞപ്പോഴേക്കും മിഥുനിന്റെ അച്ഛൻ മനുവിന്റെ കണ്ണുകൾ നിറഞ്ഞു.
താൻ രാവിലെ ട്യൂഷൻ സെന്ററിൽ കൊണ്ടുവിട്ട പ്രിയപ്പെട്ട
മകൻ ഇനി ജീവനോടെ തിരിച്ചു വരില്ലെന്ന യാഥാർഥ്യം ഇനിയും മനുവിന് ഉൾക്കൊള്ളാനായിട്ടില്ല. അമ്മ വിദേശത്തേക്കു പോയ ശേഷം എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
ഏത് കാര്യത്തിനും സ്വയം മുന്നിട്ടിറങ്ങുന്ന സ്വഭാവമായിരുന്നു അവനുണ്ടായിരുന്നത്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ– മനു വികാരഭരിതനായി.
മിഥുനിന്റെ അനിയനും പട്ടകടവ് സെന്റ് ആൻഡ്രൂസ് യുപിഎസ് വിദ്യാർഥിയുമായ സുജിൻ ഇപ്പോഴും മുത്തശ്ശിയുടെ കൂടെത്തന്നെയാണ്.
തേവലക്കര ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്ക് ചേരുന്നതിന് മുൻപ് ഏട്ടന്റെ കൂടെ സ്കൂളിൽ പോയിരുന്ന ഓർമകളും ഒരുമിച്ചു വീടിന് പരിസരത്തു കളിക്കുന്നതുമൊക്കെയാണ് സുജിന്റെ ഓർമകളിൽ ഇപ്പോഴുമുള്ളത്. പുതിയ സ്കൂളിൽ ചേരുകയും ട്യൂഷനു ചേർന്നതോടെയുമാണ് ഇരുവരും രണ്ടു സമയങ്ങളിൽ പോയിത്തുടങ്ങിയത്.
എങ്കിലും എപ്പോഴും അനിയനെ നോക്കാനും അമ്മ കൂടെയില്ലാത്ത ബുദ്ധിമുട്ട് അവനെ അറിയിക്കാതെ പരിഗണിച്ചു കൂടെക്കൊണ്ടു നടക്കാനും മിഥുൻ എപ്പോഴുമുണ്ടായിരുന്നു.
അവൻ ആഗ്രഹിച്ചിരുന്നു; ഇതിലും നല്ലൊരു വീട്
ശാസ്താംകോട്ട ∙ ഒരുപാട് മോഹങ്ങളും പ്രതീക്ഷകളുമായാണ് ഓരോ ദിവസവും മിഥുൻ വീട്ടിൽ നിന്നിറങ്ങുന്നത്.
അതിൽ പ്രധാനമായ ഒരാഗ്രഹം തന്റെ വീട് പുതുക്കിപ്പണിയാനും കൂടുതൽ സൗകര്യങ്ങളുള്ള വീട്ടിലേക്ക് മാറാനും കൂടിയായിരുന്നു. എന്നാൽ എല്ലാ മോഹങ്ങൾക്കും മീതെ വകുപ്പുകളുടെ അനാസ്ഥ വൈദ്യുതാഘാതത്തിന്റെ രൂപത്തിൽ ജീവൻ കവർന്നു.
ഇന്നിനി അവസാനമായി മിഥുൻ വീണ്ടും ആ പൊട്ടിപ്പൊളിഞ്ഞ വീട്ടിലേക്കെത്തും. പുതിയ വീടെന്ന സ്വപ്നം ബാക്കിയാക്കി ആ മണ്ണിൽ തന്നെ അലിഞ്ഞുചേരും.
വർഷങ്ങൾക്കു മുൻപ് ഇഎംഎസ് ഭവനപദ്ധതിയിലൂടെയാണ് ഇവർ പടിഞ്ഞാറേകല്ലട
വലിയപാടത്തെ മനു ഭവനം നിർമിക്കുന്നത്. 2 മുറികൾ മാത്രമുണ്ടായിരുന്ന ഈ വീട് പിന്നീട് പിറകിലേക്ക് അടുക്കളയും ഒരു ചെറിയ മുറിയും ചേർത്തു വികസിപ്പിച്ചു.
വളരെ ചെറിയ 2 മുറികളും ഹാളും അടുക്കളയും മാത്രമാണ് ഈ പൊട്ടിപ്പൊളിഞ്ഞ വീട്ടിലുള്ളത്. ഓട് മേഞ്ഞ മേൽക്കൂര തകരാറിലായതോടെ ടാർപോളിൻ കെട്ടിയാണ് മഴയെ തടയുന്നത്.
വീടിന് പിറകിൽ ചോർന്നലിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്താൻ പോലും കുടുംബത്തിന് സാധിച്ചിട്ടില്ല. വീടിന്റെ പുനരുദ്ധാരണവും മക്കളുടെ വിദ്യാഭ്യാസവും ലക്ഷ്യം വച്ചാണ് 4 മാസങ്ങൾക്കു മുൻപ് മിഥുന്റെ അമ്മ വിദേശത്തേക്ക് ഹോം നഴ്സായി പോയത്.
സത്വര നടപടികളുമായി ബാലാവകാശ കമ്മിഷൻ
തേവലക്കര ∙ സ്കൂൾ സന്ദർശനത്തിനുശേഷം ബന്ധപ്പെട്ടവരുമായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.
മനോജ് കുമാർചർച്ച നടത്തി. കമ്മിഷന്റെ നിർദേശങ്ങൾ: ത്രീ ഫേസ് ലൈനിൽ നിന്ന് ഗേൾസ് ഹൈസ്കൂളിനു നൽകിയിട്ടുള്ള വൈദ്യുതി ലൈൻ മുൻവശത്തെ കെട്ടിടം വഴി നൽകും.
അനധികൃതമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ പഞ്ചായത്ത് നടപടിയെടുക്കണം. മരിച്ച കുട്ടിയുടെ സഹപാഠികൾക്കും അന്ന് സംഭവത്തിനു സാക്ഷികളായ കുട്ടികൾക്കും കൗൺസലിങ് നൽകും.
ബാലാവകാശ കമ്മിഷനംഗം ഡോ.എഫ്.വിൽസൺ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻദേവ്, ശിശു സംരക്ഷണ ഓഫിസർ എൽ.രഞ്ജിനി, അജിത്ത് പ്രസാദ്, സനൽ വെള്ളിമൺ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മനോജ് കുമാർ, ചൈൽഡ് ഹെൽപ് ലൈൻ പ്രതിനിധി ശ്യാം, പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, എഇഒ ടി.കെ.അനിത, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]