
കുളത്തൂപ്പുഴ സെൻട്രൽ ജംക്ഷനിൽ വയോധികയെ പിക്കപ് ഇടിച്ചിട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുളത്തൂപ്പുഴ∙ സെൻട്രൽ ജംക്ഷനിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന 2 വയോധികമാരിൽ ഒരാൾ പിക്കപ് ഇടിച്ച് അപകടത്തിൽ പരുക്കേറ്റു. ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച സാം നഗർ അനിൽ ഭവനിൽ തങ്കച്ചിയെ (55) പിന്നീട് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.15നായിരുന്നു അപകടം. തെന്മല പാതയിൽ നിന്ന് അഞ്ചൽ പാതയിലേക്കു തിരിയുകയായിരുന്ന തമിഴ്നാട് പിക് അപ് ഈ റോഡ് മുറിച്ചുകടക്കുകയായിരുന്നു വയോധികയെ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വയോധികയുടെ നിലവിളി കേട്ടാണു പിക്കപ് പെട്ടെന്നു നിർത്തിയത്. പിക്കപ്പിന്റെ മുൻഭാഗത്തിനടിയിൽപ്പെട്ടു വീണ തങ്കച്ചിയെ നാട്ടുകാർ ഗവ. ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്നാണു പ്രാഥമിക ശുശ്രൂഷ നൽകി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം ചെങ്കോട്ട പാതയിൽ മലയോര ഹൈവേയുടെ അഞ്ചൽ പാത വന്നു ചേരുന്ന ഭാഗത്ത് വാഹന ഗതാഗതം കാൽനടയാത്രക്കാർക്കു ഭീഷണിയാണ്. ഗതാഗത നിയമങ്ങൾ പാലിച്ചും വേഗത കുറച്ചും കടന്നു പോകേണ്ട ഭാഗത്ത് കുത്തഴിഞ്ഞ ഗതാഗതമാണു തിരിച്ചടി. തമിഴ്നാട്ടിലേക്കും തിരിച്ചും പോകുന്ന വലിയ ട്രക്കുകൾ അടക്കമുള്ള ചരക്കു വാഹനങ്ങളും തോന്നും പോലെ പോയി വരുന്നതിനാൽ റോഡ് മുറിച്ചു കടക്കുന്നവർക്ക് വെല്ലുവിളിയായി. റോഡിൽ കാൽനടയാത്രക്കാർക്കാണു മുൻഗണനയെന്നതൊക്കെ കാറ്റിൽപറത്തിയാണു വാഹനങ്ങളുടെ ഒാട്ടം. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അപകട സമയത്ത് ആളില്ലായിരുന്നു.