
‘ഇവിടെ കളിച്ചു നടന്നിരുന്ന കുട്ടികളല്ലേ…’; സഹോദരിമാരുടെ മരണം: നടുക്കം മാറാതെ നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙മൂത്ത സഹോദരിക്കു പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ഇളയ സഹോദരിയും മരിച്ചു. കണ്ണനല്ലൂർ ചേരീക്കോണം തലച്ചിറ നഗർ ചിറയിൽ വീട്ടിൽ മുരളീധരന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ നീതു (17) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതുവിന്റെ മുതിർന്ന സഹോദരി മീനാക്ഷി (19) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ഇവരുടെ ഇളയ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അമ്പാടിയെ ചികിത്സിക്കുന്ന സമയങ്ങളിൽ പലപ്പോഴും 2 സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് സംശയം. അതേ സമയം അപകടനില തരണം ചെയ്ത അമ്പാടിയെ വീട്ടിലേക്കു കൊണ്ടുവരുകയും കഴിഞ്ഞ ദിവസം നടന്ന മീനാക്ഷിയുടെ സംസ്കാര ചടങ്ങുകളിൽ അമ്പാടി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ വീണ്ടും ഛർദി വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 പേർക്കും ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചിട്ടുണ്ട്. നീതുവിന്റെ സംസ്കാരം പിന്നീട്.
കിടക്കുന്ന സ്ഥലത്തോടു ചേർന്നുള്ള വീടുകളിലെ കിണർ.
അതേ സമയം കുട്ടികളുടെ മരണത്തിന് മഞ്ഞപ്പിത്തത്തോടൊപ്പം മറ്റു കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയോ മറ്റേതെങ്കിലും രോഗങ്ങളോ മരണത്തിനു കാരണമായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവർ താമസിക്കുന്ന തലച്ചിറ നഗറിൽ ഒരു മാസത്തിലധികമായി പത്തോളം പേർക്കു മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലച്ചിറ ബണ്ടിനോട് ചേർന്നുള്ള തലച്ചിറ നഗറിൽ കെട്ടിക്കിടക്കുന്ന മലിനജലം അടുത്തടുത്തുള്ള കിണറുകളിലേക്ക് ഊർന്നിറങ്ങി ജലം മലിനമായിട്ടുണ്ടാകുമെന്നാണു കണക്കാക്കുന്നത്.
നീതുവിന്റെ വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും.
ആരോഗ്യ വകുപ്പിന്റെയും തൃക്കോവിൽവട്ടം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് നാളെ മെഡിക്കൽ ക്യാംപ് നടത്തും.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മതിയായ ചികിത്സ ലഭിച്ചില്ലെന്നു നീതുവിന്റെ കുടുംബം ആരോപിച്ചു. ചികിത്സ തേടിയെത്തിയ ദിവസം നിലത്താണു കിടത്തിയതെന്നും മരിക്കുന്നതിന്റെ 2 ദിവസം മുൻപ് മാത്രമാണ് അഡ്മിറ്റ് ചെയ്യാൻ തയാറായതെന്നുമാണു കുടുംബത്തിന്റെ ആരോപണം.നീതുവിന്റെ സംസ്കാരം നടത്തി.
നാളെ മേഖലയിൽ ആരോഗ്യ ക്യാംപ്
തലച്ചിറ നഗറിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് നാളെ തൃക്കോവിൽവട്ടം ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാംപ് നടത്തും. ചെറിയ ലക്ഷണങ്ങളുള്ളരെയും പരിശോധിക്കാനാണ് നീക്കം. മഹാത്മാ വായനശാലയിൽ നടത്തുന്ന ക്യാംപിലെത്താത്തവരെ വീട്ടിൽ ചെന്നു പരിശോധിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇനിയുള്ള 2 മാസം മേഖല കേന്ദ്രീകരിച്ചു പ്രവർത്തനം ശക്തമാക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ക്ലോറിനേഷൻ നടത്തുകയും ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കുന്നതിനായി ബോധവൽക്കരണവും നടത്തും.
മേഖലയിൽ ഒരു മാസത്തിലധികമായി മഞ്ഞപ്പിത്ത ബാധ ഉണ്ടെങ്കിലും പലരും ആരോഗ്യ വകുപ്പിനെയോ ഹെൽത്ത് സെന്ററുകളെയോ സമീപിക്കാത്തത് ആരോഗ്യ പ്രവർത്തകരെ കുഴപ്പിക്കുന്നുണ്ടായിരുന്നു. കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുന്നത് ജാഗ്രതാ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും സ്വയം ചികിത്സ നടത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
സഹോദരിമാരുടെ മരണം: നടുക്കം മാറാതെ നാട്ടുകാർ
കൊല്ലം ∙ ദിവസങ്ങളുടെ ഇടവേളയിൽ മഞ്ഞപ്പിത്തം ബാധിച്ചു 2 കുട്ടികൾ മരിച്ചതിന്റെ ആഘാതത്തിലാണ് കണ്ണനല്ലൂർ ചേരീക്കോണം തലച്ചിറ നഗറിലെ ചിറയിൽ വീട്. ‘ഇവിടെ കളിച്ചു നടന്നിരുന്ന കുട്ടികളല്ലേ ദിവസങ്ങൾക്കിടയിൽ മരിച്ചത്. ഒരു മാസത്തിലധികമായി ഇവിടെയുള്ള പല കുട്ടികൾക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. മരിച്ച കുട്ടികൾക്കു ഇത്രയും ഗുരുതരമാണെന്ന് അറിയില്ലായിരുന്നു. ഇനിയെങ്കിലും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം’ വീട്ടിൽ ആശ്വസിപ്പിക്കാനെത്തിയവരോട് ബന്ധുക്കളും അയൽവാസികളും സങ്കടങ്ങൾ പറഞ്ഞു.
തലച്ചിറ നഗർ മേഖലയിൽ മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ട് ഇപ്പോൾ ഒരു മാസത്തിലധികമായി. അടുത്തടുത്ത് വീടുകൾ സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ രോഗം ബാധിക്കാനുള്ള സാഹചര്യങ്ങൾ ഏറെയുണ്ട്. തലച്ചിറ ബണ്ടിനോട് ചേർന്നാണ് തലച്ചിറ നഗർ സ്ഥിതി ചെയ്യുന്നത്. ബണ്ടിലെ വെള്ളം തുറന്നു വിടുമ്പോഴും മഴക്കാലത്തും ഈ മേഖലയിൽ വെള്ളം ഉയരും. മരിച്ച കുട്ടികളുടെ വീടുകളുടെ സമീപത്തും താഴ്ന്ന പ്രദേശമുണ്ട്. ഇവിടെ ഇപ്പോഴും ഒഴുകിപ്പോകാൻ കഴിയാത്ത നിലയിൽ വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെ നിന്ന് മീറ്ററുകൾ ദൂരത്തിൽ മാത്രമാണ് നീതുവിന്റെ വീട്ടിലെ കിണർ. ഇതിലൂടെ വെള്ളം കിണറിലേക്ക് ഊർന്നിറങ്ങി മലിനമായതാണോ എന്നും ശുചിമുറി മാലിന്യം കിണറിലേക്കോ വെള്ളത്തിലേക്കോ കലർന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.