ഓയൂർ ∙ ശരാശരി 1200 രൂപ വൈദ്യുതി ബിൽ അടച്ചിരുന്ന കുടുംബത്തിനു ഇത്തവണ ലഭിച്ച വൈദ്യുതി ബിൽ കണ്ട് ഗൃഹനാഥയ്ക്കു ദേഹാസ്വാസ്ഥ്യം. പെരപ്പയം രോഹിണിയിൽ സുഭാഷിനും ഭാര്യ അനിതയ്ക്കും ഒരു ലക്ഷം രൂപയ്ക്കു അടുത്തുള്ള ബില്ലാണ് ഇത്തവണ ലഭിച്ചത്.
സിംഗിൾ ഫേസ് കണക്ഷൻ മാത്രമുള്ള 3 അംഗ കുടുംബം താമസിച്ചിരുന്ന വീട്ടിലെ 2 മാസത്തെ ഉപയോഗം 8827 യൂണിറ്റെന്നാണ് കണ്ടെത്തൽ.
ഇതനുസരിച്ചു 90,586 രൂപ ഫെബ്രുവരി 10 നു മുൻപു അടയ്ക്കണമെന്നു കാട്ടി ആയൂർ കെഎസ്ഇബിയിൽ നിന്നു കഴിഞ്ഞ ദിവസം ബിൽ നൽകി.
ദിവസങ്ങൾക്കു മുൻപാണ് മീറ്റർ റീഡിങ് പരിശോധിച്ചു ബിൽ നൽകാൻ ജീവനക്കാരൻ എത്തിയത്. എന്നാൽ റീഡിങ്ങിൽ വലിയ തോതിലുള്ള വ്യത്യാസം കണ്ടതിനാൽ ബിൽ നൽകാതെ ജീവനക്കാരൻ മടങ്ങിപ്പോയി.
പിറ്റേദിവസം 2 ലൈൻമാൻമാരും ഒരു ഉദ്യോഗസ്ഥനും എത്തി മീറ്റർ പരിശോധിച്ചു.
വീട്ടുകാർ ബിൽ തുക തിരക്കിയപ്പോഴാണ് ഉദ്യോഗസ്ഥർ ഒരു ലക്ഷത്തിന് അടുത്തു വരുമെന്നു പറഞ്ഞത്. ഇതു കേട്ടതോടെയാണ് അനിതയ്ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ ഇവരെ പോരേടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.
രക്ത സമ്മർദത്തിലുണ്ടായ വ്യത്യാസത്തെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ആയൂർ വൈദ്യുതി ഓഫിസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നു നിർദേശിച്ചു വീട്ടിലെത്തിയ ജീവനക്കാർ മടങ്ങിയതായി സുഭാഷ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു. വേണ്ട നടപടി സ്വീകരിക്കാമെന്നു പറഞ്ഞെങ്കിലും വൈകിട്ടോടെ ഒരു ജീവനക്കാരന്റെ വശം 90,586 രൂപയുടെ ബിൽ കൊടുത്തു വിട്ടു.പിന്നീട് ആയൂർ ഓഫിസിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു വിവരം ധരിപ്പിച്ചു.
ഇത്രയും യൂണിറ്റ് തങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മീറ്റർ തകരാർ മൂലം സംഭവിച്ച പിശകിന് തങ്ങൾക്ക് ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയില്ലെന്നും കുടുംബം പറയുന്നു.ബിൽ തുകയിൽ ഉണ്ടായ പിശക് ശ്രദ്ധയിൽ പെട്ടതായും ഇതിനു വേണ്ട
നടപടി സ്വീകരിക്കുമെന്നും അസി.എക്സിക്യൂട്ടിവ് എൻജിനീയർ അനീഷ് കെ.അയിലറ പറഞ്ഞു. മറ്റൊരു മീറ്റർ താൽക്കാലികമായി ഘടിപ്പിച്ചു റീഡിങ് പരിശോധിക്കുമെന്നും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

