കൊല്ലം ∙ കടലിലേക്കിറങ്ങുന്നത് വിലക്കിയും വടം കെട്ടി നിയന്ത്രിച്ചും എത്രനാൾ കൊല്ലം ബീച്ചിലെ അപകടങ്ങൾ നമുക്ക് കുറയ്ക്കാനാകും. ജില്ലയുടെ അടയാളങ്ങളിലൊന്നായ ബീച്ചിനെ സംരക്ഷിക്കാനും മെലിഞ്ഞുണങ്ങുന്ന ബീച്ചിലെ അപകടസാധ്യത കുറയ്ക്കാനും ശാശ്വതമായ പരിഹാരമാണ് ആവശ്യം.
കൊല്ലം ബീച്ചിന്റെ പ്രത്യേകതകൾ കണക്കാക്കി വിവിധ പഠനങ്ങൾ നടത്തുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കടലിൽ ജിയോ ട്യൂബുകൾ സ്ഥാപിച്ചുള്ള ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയാണ് പ്രധാനപ്പെട്ടത്.
പഠനങ്ങളെല്ലാം പൂർത്തിയാക്കിയ പദ്ധതി നിലവിൽ ധനാനുമതി കാക്കുകയാണ്. വെടിക്കുന്ന് ഭാഗത്തെ പുലിമുട്ടും കൊല്ലം ബീച്ചിലെ പ്രശ്നം കുറയ്ക്കാൻ സാധിക്കുന്ന പദ്ധതിയായാണ് കണക്കാക്കുന്നത്.
തിരക്കരുത്ത് കുറയ്ക്കാൻ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി
തീരത്തു നിന്നു 150–200 മീറ്റർ മാറി, ബീച്ചിനു സമാന്തരമായി കടലിലെ ആഴം കുറഞ്ഞ ഭാഗത്തു ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി.
കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ (കെഎസ്സിഎഡിസി) ചെന്നൈ ഐഐടിയുമായി ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് കൊല്ലം ബീച്ചിനെ സുരക്ഷിതമായി വികസിപ്പിക്കാനുള്ള ഈ പദ്ധതി നിർദേശിച്ചത്. 200 മീറ്റർ നീളത്തിലായി ഇടയിൽ 100 മീറ്റർ സ്ഥലം ഒഴിച്ചിട്ടു കൊണ്ടു 3 ജിയോ ട്യൂബുകളാണു സ്ഥാപിക്കുക.
ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിലെ 2 വശങ്ങളിൽ ചെറിയ പുലിമുട്ടുകളും സ്ഥാപിക്കും. ഇതിലൂടെ തിരമാലകളുടെ ശക്തി കുറച്ചു അപകടം ഒഴിവാക്കുകയാണ് ലക്ഷ്യമിട്ടത്.
2023 ൽ 10 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതി ഇപ്പോൾ ധനവകുപ്പിന്റെ പരിഗണനയിലാണ്. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ കൊല്ലം ബീച്ചിലെയും എറണാകുളം വൈപ്പിനിലും ജിയോ ട്യൂബുകൾ സ്ഥാപിക്കാനായി 5 കോടി രൂപ വകയിരുത്തിയിരുന്നു.
നിർമാണത്തിന് 3 മാസം വേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മൺസൂണിന് മുൻപ് പൂർത്തിയാക്കുമെന്ന് കെഎസ്സിഎഡിസി എംഡി പി.ഐ.ഷേക് പരീത് പറഞ്ഞു.
ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതോടെ വലിയ തിരമാലകൾ അതിലടിക്കുകയും ശക്തി കുറയുകയും ചെയ്യുമെന്നും തീരത്തേക്കു തിരമാലകൾ ശക്തിയില്ലാതെ എത്തുന്നതോടെ അപകട സാധ്യത വലിയ അളവിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി നടപ്പാക്കുന്ന ഒരു വർഷം കൊണ്ടു ബീച്ചിന്റെ കുത്തനെയുള്ള ചെരിവ് കുറച്ചു കൊണ്ടുവരുകയും ചരിഞ്ഞു കടലിലേക്ക് ഇറങ്ങുന്ന വിധത്തിലേക്കു മാറ്റാനുമാണു ലക്ഷ്യമിടുന്നത്. ഇതോടെ 200 മീറ്റർ ദൂരത്തേക്കു കൂടി ബീച്ചിൽ ആളുകൾക്കു സഞ്ചരിക്കാനും കാൽ നനയ്ക്കാനും കഴിഞ്ഞേക്കും.
ഇതോടെ ബീച്ചിലെ ലൈഫ് ഗാർഡുമാർക്ക് ഈ വെള്ളത്തിൽ നിന്ന് തന്നെ ബീച്ചിനെ നിരീക്ഷിക്കാനും ജലകേളി പദ്ധതികൾ ഈ ഭാഗത്ത് നടപ്പാക്കാനും കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വെടിക്കുന്ന് തീരത്തെ പുലിമുട്ട് നിർമാണം
മുണ്ടയ്ക്കൽ പാപനാശനം മുതൽ കൊല്ലം ബീച്ച് വരെയുള്ള വെടിക്കുന്ന് തീരത്ത് പുലിമുട്ട് നിർമിച്ചാൽ മേഖലയിലെ കടലാക്രമണം കുറക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ കടലാക്രമണമാണ് ഈ പ്രദേശം നേരിടുന്നത്.
ഇവിടെ പുലിമുട്ട് നിർമിക്കാനുള്ള 9.8 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ യോഗം കഴിഞ്ഞ ജൂലൈയിൽ അംഗീകാരം നൽകിയിരുന്നു. പദ്ധതി നിലവിൽ കിഫ്ബിയുടെ പരിഗണനയിലാണ്.
ചെന്നൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ 60 മീറ്റർ നീളത്തിലുള്ള 2 പുലിമുട്ടുകളും 30 മീറ്റർ നീളത്തിലുള്ള 4 പുലിമുട്ടുകളുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുലിമുട്ടുകൾ ടെട്രാപോഡുകൾ ഉപയോഗിച്ച് ആവരണം ചെയ്യും. ഇത് ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിലൂടെ, വെടിക്കുന്ന് പ്രദേശം അഭിമുഖീകരിക്കുന്ന കഠിനമായ കടലാക്രമണത്തിന് ശാശ്വത പരിഹാരവും കൊല്ലം ബീച്ചിലെ കടൽശോഷണം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരുമിച്ചു വേണം ഇരു പദ്ധതികളും
ഇരു പദ്ധതികളും ഒരുമിച്ചു പൂർത്തിയായാൽ മാത്രമേ കൊല്ലം ബീച്ചിന്റെ പ്രശ്നത്തിന് പരിഹാരം കാണാനാവൂ. വെടിക്കുന്ന് ഭാഗത്ത് പുലിമുട്ടുകൾ വരുന്നതോടെ കൊല്ലം ബീച്ചിൽ കടലാക്രമണം ശക്തമാകുമെന്ന് ഇതിനോടകം ആശങ്ക ഉയർന്നിട്ടുണ്ട്.
താന്നി മുതൽ പാപനാശനം വരെ പുലിമുട്ടുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് വെടിക്കുന്ന് ഭാഗത്ത് കടലാക്രമണം ശക്തമായതെന്ന് ആരോപണമുണ്ടായിരുന്നു.
അതിനാൽ തന്നെ ഇരു പദ്ധതികളും ഒരുമിച്ചു പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതികളുടെ ഗുണം ലഭിക്കൂ. ഇനിയും കാലതാമസില്ലാതെ ഇരു പദ്ധതികളും മികച്ച രീതിയിൽ നടപ്പാക്കിയാൽ കൊല്ലം ബീച്ചിനെയും വെടിക്കുന്ന് ഭാഗത്തെയും കടലാക്രമണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും മുക്തമാക്കാൻ സാധിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]