ചിറക്കര ∙ ഉണ്ണുനീലി സന്ദേശത്തിൽ പ്രതിപാദിച്ച പ്രസിദ്ധമായ ചിറക്കര ക്ഷേത്രം, തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാടവും ദേശാടനപക്ഷി സങ്കേതവുമായ പോളച്ചിറ, കണ്ടൽക്കാടിന്റെ മാസ്മരിക ഭംഗി നിറഞ്ഞ മാലാക്കായൽ, ആയിരവില്ലി വെള്ളച്ചാട്ടം, താവണപൊയ്ക തുടങ്ങിയവ അലങ്കാരമായ പ്രദേശമാണു ചിറക്കര. രണ്ടു പതിറ്റാണ്ടു മുൻപു ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണു ഗ്രാമപ്പഞ്ചായത്ത് രൂപീകരിച്ചത്.
കേരള ഗാമ പോളച്ചിറ രാമചന്ദ്രൻ, കഥകളി ആചാര്യൻ ചിറക്കര മാധവൻ കുട്ടി എന്നിവരുടെ ജന്മദേശമെന്ന പ്രസിദ്ധിയുള്ള സ്ഥലം. വിനോദസഞ്ചാരം, കാർഷികം എന്നീ മേഖലകളിൽ ഒട്ടേറെ വികസന സാധ്യതകൾ ഉള്ളയിടം.
മാലാക്കായൽ, പോളച്ചിറ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കണമെന്നതു സർക്കാരിന്റെ പരിഗണനയിലാണ്.
ഇവിടം ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഫാം ടൂറിസം തുടങ്ങിയവയ്ക്കു പദ്ധതികൾ ഉണ്ടാകണം.
പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴം ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള പൊതുയാത്രാ സൗകര്യത്തിന്റെ കുറവും ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയും പ്രതിസന്ധിയാണ്.
“പോളച്ചിറ ഏലായിൽ മുടക്കം കൂടാതെ നെൽക്കൃഷി നടപ്പാക്കുന്നതിനായി ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസിന്റെ പരിധിയിൽ കൊണ്ടു വരാൻ കഴിഞ്ഞു. ജില്ലയിൽ ആദ്യമായാണ് ഒരു ഏലാ ആലപ്പുഴ പുഞ്ച സ്പെഷൽ ഓഫിസ് ഏറ്റെടുക്കുന്നത്.
കാട്ടു പന്നിശല്യം അമർച്ച ചെയ്യുന്നതിനു ബജറ്റിൽ തുക വകയിരുത്തി. കിഴങ്ങു വർഗം കൃഷി ചെയ്യുന്നവർക്കും ചെറുകിട
നാമമാത്ര വാഴ കർഷകർക്കും സബ്സിഡി അനുവദിച്ചു. ക്ഷീരോൽപാദന-കാർഷിക മേഖല, വിനോദസഞ്ചാരം, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ ഭാവനാപൂർണമായ പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞു.”
ടി.ആർ.സജില , പഞ്ചായത്ത് പ്രസിഡന്റ്, ചിറക്കര.
“വിനോദ സഞ്ചാര വികസനത്തിനു സ്വന്തമായി ഭൂമി ഇല്ലാത്ത പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നെടുങ്ങോലം കുളിക്കടവിൽ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി പൂർത്തിയായി. ഉടനടി ഭൂമി പഞ്ചായത്തിനു ലഭിക്കും.
ഇവിടെ വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന 2 കോടി രൂപയുടെ ടൂറിസം പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് ആദ്യമായി കോളനിയുടെ പേര് ഔദ്യോഗികമായി മാറ്റിയതു ചിറക്കര പഞ്ചായത്തിലാണ്.
ഒഴുകുപാറ കോളനിയുടെ പേര് ഡോ. ഇ.രാമൻകുട്ടി നഗർ എന്ന് പ്രഖ്യാപിച്ചു.
മൃഗാശുപത്രിയിൽ സ്കാനിങ് മെഷീൻ, കിടപ്പിലായ കന്നുകാലികളെ ഉയർത്തുന്നതിനുള്ള ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ സജ്ജമാക്കുന്ന ഒരു കോടി രൂപയുടെ പദ്ധതി അനുമതിക്കായി സർക്കാരിൽ സമർപ്പിച്ചു. പ്രഫഷനൽ കോഴ്സിനു പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കു ലാപ്ടോപ് നൽകി.”
കെ.സുജയ്കുമാർ, വൈസ് പ്രസിഡന്റ് ചിറക്കര പഞ്ചായത്ത്.
“എൽഡിഎഫ് ഭരണകാലത്ത് ആരോഗ്യ കേരള, മത്സ്യകേരള പുരസ്കാരങ്ങൾ നേടിയ പഞ്ചായത്ത് ഇപ്പോൾ ഏറെ പിന്നിലാണ്.
പോളച്ചിറയിൽ മത്സ്യകൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നില്ല. ചെമ്മീൻ, കരിമീൻ കൃഷി വളരെ ചുരുങ്ങി.
പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമതു നിന്ന പഞ്ചായത്ത് ഇപ്പോൾ പിന്നിലാണ്. ചിറക്കര മാധവൻകുട്ടി സ്മാരകം, പോളച്ചിറ രാമചന്ദ്രൻ സ്മാരകം എന്നിവ കടലാസിൽ ഒതുങ്ങി.
ഏലാകളിൽ നെൽക്കൃഷി നടക്കുന്നില്ല. എൽഡിഎഫിൽ നിന്നു കൂറുമാറി കോൺഗ്രസ് പിന്തുണയോടെ നടത്തുന്ന ഭരണത്തിൽ വികസന മുരടിപ്പാണ്.”
എസ്.രജനീഷ്, പാർലമെന്ററി പാർട്ടി ലീഡർ, സിപിഎം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]