
കൊല്ലം ∙ എക്സൈസ് വകുപ്പ് ആവിഷ്കരിച്ച വിമുക്തി മിഷനിലൂടെ ജില്ലയിൽ ലഹരി മുക്തി നേടിയത് 6,165 പേർ. നെടുങ്ങോലം പറവൂർ രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലെ വിമുക്തി മിഷന്റെ ലഹരി മോചന കേന്ദ്രത്തിലെ സൗജന്യ ചികിത്സയിലൂടെയാണ് ഇവർ പുതുജീവിതം നേടിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കോർപറേഷൻ മേയർ വൈസ് ചെയർമാനും കലക്ടർ കൺവീനറും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജോയിന്റ് കൺവീനറുമായ സമിതിയാണ് വിമുക്തി മിഷന്റെ നേതൃത്വം.
21 ദിവസമാണ് ചികിത്സാ കാലയളവെങ്കിലും ഓരോ വ്യക്തിയുടെയും സാഹചര്യമനുസരിച്ച് വ്യത്യസ്തത ഉണ്ടാകുമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ് പറഞ്ഞു.ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്താൻ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, വായനശാലകൾ, കോർപറേഷൻ, നഗരസഭകൾ, ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ, തെരുവുനാടകങ്ങൾ, സെമിനാറുകൾ, വിവിധ മത്സരങ്ങളും നടത്തുന്നതായി വിമുക്തി മിഷൻ ജില്ലാ മാനേജർ വി.സി.ബൈജു പറഞ്ഞു.
⏩ കോളജുകളിൽ നേർക്കൂട്ടം, ശ്രദ്ധ സമിതികൾ
ലഹരിയുടെ ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ അകറ്റി കായികക്ഷമത വർധിപ്പിക്കുന്നതിന് വിമുക്തി ലഹരി വർജന മിഷനുമായി ചേർന്ന് വിവിധ പദ്ധതികൾ ജില്ലയിൽ നടപ്പാക്കുന്നുണ്ട്. കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം ഇല്ലാതാക്കാനും മാർഗനിർദേശം നൽകുന്നതിനും ജില്ലയിലെ 75 കോളജുകളിൽ ‘നേർക്കൂട്ടം’ സമിതിയും 48 കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ‘ശ്രദ്ധ’ സമിതിയും ആരംഭിച്ചിട്ടുണ്ട്.
പിന്നാക്ക മേഖലകളിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് സർക്കാർ ജോലി നേടാൻ സഹായിക്കുന്ന പരിശീലനം നൽകുന്ന ‘തൊഴിലാണ് ലഹരി’ പദ്ധതിക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
⏩ സ്കൂളുകളിൽ വിമുക്തി കായിക ടീമുകൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ത്വരിതപ്പെടുത്താൻ രൂപീകരിച്ച വിമുക്തി ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ ജില്ലയിലെ 413 സ്കൂളുകളിൽ രൂപീകരിച്ചിട്ടുണ്ട്. ‘ഉണർവ്’ പദ്ധതിയിലൂടെ കുലശേഖരപുരം ഗവ. സ്കൂളിലും പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മൾട്ടി പർപ്പസ് വോളിബോൾ കോർട്ടുകൾ നിർമിച്ചു.
ഈ അധ്യയന വർഷം ജില്ലയിലെ 3 സ്കൂളുകളിൽ കലാ-കായിക ഉപകരണങ്ങൾ വാങ്ങാൻ 2.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളുകളിൽ 72 ‘ടീം വിമുക്തി’ കായിക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
ഇവരെ ഉൾപ്പെടുത്തി താലൂക്ക് -ജില്ലാ തലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് 7,20,000 രൂപ അനുവദിച്ചിട്ടുണ്ട്.
⏩ അധ്യാപകർക്ക് വിവരം നൽകാം
വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അധ്യാപകർക്ക് ‘നേർവഴി’ പദ്ധതിയുടെ 9656178000 എന്ന നമ്പറിലേക്ക് വാട്സാപ്/ ഫോൺ മുഖാന്തരം വിവരങ്ങൾ കൈമാറാം. ലഹരിയിലേക്ക് തിരിയുന്ന കുട്ടികളെ പ്രാഥമിക ഇടപെടലിലൂടെ തിരിച്ച് ജീവിതത്തിലെത്തിക്കാൻ വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്.
‘ബാല്യം അമൂല്യം’ പദ്ധതിയിലൂടെ വിമുക്തി മിഷൻ പ്രവർത്തനങ്ങൾ പ്രൈമറി സ്കൂൾ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. പൊതുജനങ്ങൾക്ക് ടോൾഫ്രീ നമ്പറായ 155358-ൽ പരാതികൾ/വിവരങ്ങൾ അറിയിക്കാം.
പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും
⏩ ഓണത്തിന് പ്രത്യേക പരിശോധന
ഓണക്കാലത്ത് അനധികൃത വ്യാജ മദ്യവിൽപനയും വിപണനവും സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുടെ വിൽപന, സംഭരണം, ഉപഭോഗം എന്നിവയും തടയുന്നതിന് എക്സൈസ് പ്രത്യേക പരിശോധന നടത്തും. റെയിൽവേ സ്റ്റേഷൻ, കർബല ജംക്ഷൻ, എസ്എൻ കോളജ് ജംക്ഷൻ, ബീച്ച്, കെഎസ്ആർടിസി, ബോട്ട് ജെട്ടി, വാടി കടപ്പുറം, ആര്യങ്കാവ്, തെന്മല തുടങ്ങിയ ഇടങ്ങളിൽ നിരന്തര പരിശോധനകളുണ്ടാകും.
ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. സെപ്റ്റംബർ 10 വരെയാണ് സ്പെഷൽ ഡ്രൈവ്.
കഴിഞ്ഞ വർഷം 17686 റെയ്ഡുകൾ
കൊല്ലം ∙ കഴിഞ്ഞ ഒരു വർഷത്തിൽ 17686 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ നടത്തിയത്.
2368 അബ്കാരി കേസുകളും 1367 എൻഡിപിഎസ് (നർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ്) കേസുകളും റജിസ്റ്റർ ചെയ്തു. ജില്ലയിൽ മാർച്ച് 30 മുതൽ ഓഗസ്റ്റ് 10 വരെ മാത്രം 2,139 റെയ്ഡുകൾ നടത്തി.
10,189 വാഹനങ്ങൾ പരിശോധിച്ചു. 320 അബ്കാരി കേസുകളും 203 എൻഡിപിഎസ് കേസുകളും 2349 കോട്പ കേസുകളും റജിസ്റ്റർ ചെയ്തു.
24 വാഹനങ്ങൾ പിടികൂടി. 25.7 ലീറ്റർ ചാരായം, 1022.95 ലീറ്റർ വിദേശമദ്യം, 6.5 ലീറ്റർ ബീയർ, 70 ലീറ്റർ കള്ള്, 608 ലീറ്റർ അരിഷ്ടം, 935 ലീറ്റർ കോട
(വാഷ്), 12.1 ലീറ്റർ വ്യാജ വിദേശമദ്യം, 13.140 കിലോഗ്രാം കഞ്ചാവ്, 11 കഞ്ചാവ് ചെടികൾ, 338.140 കി.ഗ്രാം എംഡിഎംഎ, 23.12 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടികൂടി. 14 സംയുക്ത റെയ്ഡുകളും നടത്തി.
അബ്കാരി കേസുകളിൽ 271 പേരെയും എൻഡിപിഎസ് കേസുകളിൽ 207 പേരെയും അറസ്റ്റ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]