
കുണ്ടറ∙ ചാഞ്ഞ തെങ്ങ് വലിച്ചുകെട്ടിയതിന് 50000 രൂപ വാങ്ങി വയോധികനെ കബളിപ്പിച്ചതായി പരാതി. പുന്നമുക്ക് ജംക്ഷന് സമീപം വീട്ടുവളപ്പിൽ നിന്ന തെങ്ങുകൾ വലിച്ച് കെട്ടുന്നതിന് എത്തിയവരാണ് ഗൃഹനാഥനെ കബളിപ്പിച്ച് പണം തട്ടിയത്.
കഴിഞ്ഞ ദേശീയ പണിമുടക്ക് ദിവസം രാവിലെ 10 നായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ 2 പേർ തെങ്ങ് വലിച്ച് കെട്ടിയിരുന്ന കമ്പി കൂടുതൽ മുറുക്കി കൊടുക്കുന്നതിന് തെങ്ങ് ഒന്നിന് 250 രൂപ നിരക്കിൽ ജോലി ഏറ്റെടുത്തു.
എന്നാൽ കമ്പി ബലപ്പെടുത്തുന്നതിനിടെ ദ്രവിച്ച പഴയ കമ്പി പൊട്ടി.
തങ്ങളുടെ കയ്യിൽ വിലകൂടിയ കമ്പി ഉണ്ടെന്നും അതുപയോഗിച്ച് കെട്ടാമെന്നും ഉടമയോട് പറഞ്ഞു. ജോലി കഴിഞ്ഞപ്പോൾ മീറ്ററിന് 160 രൂപ വില വരുന്ന കമ്പി 350 മീറ്റർ ഉപയോഗിച്ചതായും 60000 രൂപ വേണമെന്നും പറഞ്ഞ് തർക്കമായി.
ഇത്രയും പണം നൽകില്ലെന്ന് വയോധികൻ പറഞ്ഞതോടെ ഭീഷണിയായി. തുടർന്ന് 50000 രൂപ വാങ്ങിയെന്നാണ് പരാതി.
പണമായി കൈവശമുണ്ടായിരുന്ന 25000 രൂപയും ബാക്കി ചെക്കും എഴുതി നൽകി.
പിറ്റേദിവസം വീട്ടുടമ സമീപത്തെ ഇരുമ്പ് കടയിലെത്തി കമ്പിയുടെ വില തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. കിലോയ്ക്ക് 130 രൂപ മാത്രമുള്ള കമ്പിയാണ് മീറ്റർ കണക്കാക്കി വില ഈടാക്കിയത്.
തുടർന്ന് വയോധികൻ കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിമുക്കിലുള്ള ബാങ്കിൽ നിന്ന് ചെക്ക് മാറിയ തട്ടിപ്പ് സംഘാംഗങ്ങളിലൊരളുടെ ഫോട്ടോ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]