
തേവലക്കര∙ തേവലക്കര ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര കെഎസ്ഇബി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഓഫിസിനുള്ളിൽ കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീണ യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെയാണ് നേതാക്കളും പ്രവർത്തകരും കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ചു ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
മുദ്രാവാക്യം മുഴക്കി ഓഫിസിനുള്ളിൽ കുത്തിയിരുന്ന പ്രവർത്തകരെ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിനോസ് ഷാ കുഴഞ്ഞുവീണത്.
പൊലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി.
സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു . സംസ്ഥാന ജനറൽ സെക്രട്ടറി ഷംല നൗഷാദ്, നിയോജകമണ്ഡലം പ്രസിഡന്റ് അനന്ത കൃഷ്ണൻ, ജോയ്മോൻ അരിനല്ലൂർ, എസ്.പി.അതുൽ, കുറ്റിയിൽ മുഹ്സിൻ, അതുൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
‘നരഹത്യയ്ക്ക് കേസെടുക്കണം’
തേവലക്കര∙ ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും കെഎസ്ഇബി അധികൃതർക്കും എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട
എല്ലാവർക്കും എതിരെ കേസെടുക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാലും കൺവീനർ ജസ്റ്റിൻ ജോണും ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം വേണം: എഐവൈഎഫ്
കൊല്ലം∙തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം ഉണ്ടായതിനു പിന്നാലെ സ്കൂൾ മാനേജ്മെന്റും കെഎസ്ഇബിയും പരസ്പരം പഴിചാരുകയാണ്. സ്കൂൾ ഫിറ്റ്നസിനെ സംബന്ധിച്ചുള്ള ആശങ്കകളും പുറത്തു വരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് വിനീത വിൻസെന്റ് , സെക്രട്ടറി ടി.എസ് നിധീഷ് എന്നിവർ ആവശ്യപ്പെട്ടു.
‘ മാനേജ്മെന്റിനും വൈദ്യുതി വകുപ്പിനും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’
കൊല്ലം∙ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും വൈദ്യുതി വകുപ്പിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ആവശ്യപ്പെട്ടു. വൈദ്യുത ലൈൻ കെട്ടിടത്തോടു ചേർന്ന് പോകുന്ന സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിലും അന്വേഷണം വേണമെന്നു അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]