
ശാസ്താംകോട്ട ∙ ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന തേവലക്കര ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളുടെ നടുവിലൂടെ ത്രീ ഫേസ് വൈദ്യുതി ലൈനുകൾ സ്ഥാപിച്ചിട്ട് പതിറ്റാണ്ടുകൾ ഏറെയായി.
സമീപത്തെ കോവൂർ ഉന്നതിയിലേക്കു വൈദ്യുതി കണക്ഷൻ എത്തിക്കുന്നത് ഇതേ ലൈനുകളിലൂടെയാണ്. ഇതിനിടെ പത്തു വർഷം മുൻപ് ലൈനിനു തൊട്ടുതാഴെയായി നീളത്തിൽ തകര ഷീറ്റുകളും ഇരുമ്പുകമ്പികളും കൊണ്ട് സൈക്കിൾ ഷെഡ് നിർമിച്ചു.
കുട്ടികൾ കളിക്കുന്ന മൈതാനത്ത് സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് ഷെഡിന്റെ സ്ഥാനം. കാറ്റടിച്ചാൽ പോലും തകര ഷീറ്റിൽ മുട്ടുന്ന തരത്തിലുള്ള വൈദ്യുതി ലൈനുകൾ വലിയ സുരക്ഷാഭീഷണി ഉയർത്തി നിൽക്കുമ്പോഴും ഇവ മാറ്റി സ്ഥാപിക്കണമെന്ന് ഇതുവരെ ആർക്കും തോന്നിയില്ല.
സമീപത്തെ കോവൂർ ഉന്നതിയിലെ കുടുംബങ്ങൾക്കും ഗേൾസ് ഹൈസ്കൂളിനും വീതിയുള്ള വഴി അടുത്തിടെ ഉറപ്പാക്കിയിരുന്നു.
എന്നാൽ ഇതിനൊപ്പം പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയും സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റും താൽപര്യം കാണിച്ചില്ല. സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ളവർ പങ്കെടുത്ത യോഗം നടന്നിരുന്നെങ്കിലും വിഷയം ചർച്ചയായില്ല.
എന്നാൽ 3 ദിവസം മുൻപ് അപകടത്തിന് കാരണമായ വൈദ്യുതി ലൈൻ കേബിൾ ലൈൻ പോലെ സുരക്ഷിതമാക്കി മാറ്റണമെന്ന് അഭിപ്രായം വാക്കാൽ മാനേജ്മെന്റും കെഎസ്ഇബി ഉദ്യോഗസ്ഥരും തമ്മിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
ഇരുവിഭാഗവും ഇത് സ്ഥിരീകരിച്ചിട്ടില്ല.സ്കൂളിന്റെ പരിസരത്ത് അപകടത്തിന് കാരണമായ വൈദ്യുതി ലൈനിന് പുറമേ പല കേബിളുകളും വയറുകളും മറ്റും കിടക്കുന്നത് കാണാം. സ്കൂളിനു സമീപത്തെ വൈദ്യുതി കമ്പിയും ചെടികളും പുല്ലും വളർന്നു ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]