
ഇരുട്ടിൽ തപ്പി യാത്രക്കാർ; ചെമ്മന്തൂർ മുതൽ സ്വാഗതം മുക്കുവരെ കൂരിരൂട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ ചെമ്മന്തൂർ മുതൽ സ്വാഗതം മുക്കുവരെ ദേശീയപാതയിൽ വെളിച്ചം ഇല്ലാത്തതിനാൽ യാത്രക്കാർ കൂരിരുട്ടിൽ. വശങ്ങളിൽ കാടു പടർന്നു നിൽക്കുന്ന പാതയിൽ രാത്രിയിലെ ഡ്രൈവിങ് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വലിയ വാഹനങ്ങൾ വശം കൊടുക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്. ഒന്നര കിലോമീറ്ററോളം ദൂരത്തിലാണു വെളിച്ചക്കുറവ് ഗതാഗതത്തെ ബാധിക്കുന്നത്. ഈ റോഡിന്റെ പടിഞ്ഞാറേ ഭാഗം വിളക്കുടി പഞ്ചായത്തിന്റെ പരിധിയിലാണ്.
വെളിച്ചത്തിനായി കെഎസ്ഇബിയുടെ പോസ്റ്റുകളിൽ മൂന്നും നാലും ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊരു എൽഇഡി ബൾബ് മാത്രമാണ് പ്രകാശിക്കുന്നത്. മുൻപ് സ്ഥാപിച്ച ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല. സ്റ്റേഡിയം ഭാഗം, എസ്എൻ കോളജ് ജംക്ഷൻ, ആശുപത്രി ഭാഗം, പൈനാപ്പിൾ ജംക്ഷൻ, ബിഷപ് ഹൗസ് ഭാഗം എന്നിവിടങ്ങളിൽ രാത്രിയിൽ പതിയിരിക്കുന്നത് വലിയ അപകടമാണ്, പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും ചെറിയ റോഡുകളിലും വെളിച്ചക്കുറവ് ഉണ്ടെന്ന് പരാതിയുണ്ട്.
സ്റ്റേഡിയം മുതൽ അര കിലോമീറ്ററോളം ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ്. രാത്രിയിൽ ഇതുവഴി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരെ തെരുവ്നായ്ക്കൾ ആക്രമിക്കാൻ ഒരുങ്ങുന്നത് പതിവ് കാഴ്ചയാണ്. വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം അണഞ്ഞു കഴിഞ്ഞാൽ റോഡ് പൂർണമായും ഇരുട്ടിലാകും.റെയിൽവേ സ്റ്റേഷനിൽ നിന്നു ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 3 ഇട റോഡുകളിലും തെരുവുവിളക്കുകൾ ഇല്ലാത്തത് പ്രശ്നമാണ്. രാത്രിയിൽ റെയിൽവേ സ്റ്റേഷനിലേക്കും തിരികെയും ഒട്ടേറെ ഇരുചക്ര വാഹന യാത്രികരാണ് ഇതുവഴി കടന്നുപോകുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.