
കൂട്ടത്തോടെ ആക്രമിച്ച് കൊതുകിനെപ്പോലെയുള്ള പ്രാണികൾ; കുത്തേറ്റവർക്ക് ചൊറിച്ചിലും വേദനയും: പരിഭ്രാന്തരായി ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ വീടുകൾക്കുള്ളിലും വീട്ടുപരിസരത്തും വലുപ്പമുള്ള കൊതുകിനെപ്പോലെയുള്ള പ്രാണികൾ കൂട്ടമായെത്തിയതു കണ്ടു ഭയന്നു ജനം. ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായം അഭ്യർഥിച്ചപ്പോൾ അവധിയായതിനാൽ ആർക്കും വരാനാകില്ലെന്നു മറുപടിയും. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ഇന്നലെ രാവിലെ മുതൽ മുഖത്തല കുറുമണ്ണ ഭാഗത്തെ വയലിനോടു ചേർന്ന വീടുകളിലാണു വലിയ പ്രാണികൾ കൂട്ടമായി എത്തിയത്. സാധാരണ കാണുന്ന കൊതുകുകളിൽ നിന്നു വ്യത്യസ്തമായി ഏറെ വലുപ്പമുള്ളവയാണു കൂട്ടമായി എത്തിയതെന്നു നാട്ടുകാർ പറഞ്ഞു. കുത്തേറ്റവർക്ക് അസഹനീയമായ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടു.
തുടർന്നു പലരും ജനലും വാതിലുകളും അടച്ചിട്ടു. എന്നിട്ടും ഇവ വീടുകൾക്കുള്ളിൽ കൂട്ടമായി എത്തി. ചുവരുകളിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ വീണ്ടും ഈ പ്രാണികൾ കൂട്ടമായി എത്തി. തുടർന്നു മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സജീവിനെ പ്രദേശവാസികൾ വിളിച്ചറിയിച്ചു. സജീവ് ഉടൻ ആരോഗ്യ വകുപ്പ് ജില്ലാ അസിസ്റ്റന്റ് മെഡിക്കൽ ഒാഫിസറെ ഫോണിൽ വിളിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നിന്നു പരിശോധനയ്ക്കായി ഒരു സംഘം എത്തുമെന്ന് അസിസ്റ്റന്റ് മെഡിക്കൽ ഒാഫിസർ ഉറപ്പു നൽകുകയായിരുന്നു. രാത്രിയോടെ ചില വീട്ടുകാർ സുഗന്ധദ്രവ്യങ്ങൾ ഇട്ടു പുകച്ചതിനെ തുടർന്നു പ്രാണിശല്യം അൽപം കുറഞ്ഞു.