ശാസ്താംകോട്ട ∙ വീടിനുള്ളിലും വരാന്തയിലും ഉറങ്ങിക്കിടന്നവരും ശുചിമുറിയിൽ പോകാനായി മുറ്റത്തേക്ക് ഇറങ്ങിയവരും അടക്കം പത്തോളം പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്.
മുഖത്തും തലയിലും നെഞ്ചിനും കൈകാലുകൾക്കും കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പരുക്കേറ്റവരിൽ കൂടുതലും വയോധികരാണ്.
വീടുകളിൽ വളർത്തിയിരുന്ന നായകൾക്കും കന്നുകാലികൾക്കും കടിയേറ്റു. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ 12 മണിക്കൂറോളം ഭീതി പടർത്തിയ നായ ഓടി മറഞ്ഞതോടെ ജനങ്ങൾ ആശങ്കയിലായി.
ശൂരനാട് വടക്ക് ആനയടി പാറ ജംക്ഷനു വടക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഉഷാലയം വീടിന്റെ പാതി ചാരിയ വാതിൽ കടന്നെത്തിയ നായ, ഉറങ്ങുകയായിരുന്ന മണിയമ്മ (78)യെ ആക്രമിച്ചു. നെഞ്ചിനും കൈകൾക്കും കടിയേറ്റു.
സമീപത്തെ വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ശിവദാസനെ(58)യും ആക്രമിച്ചു. ഇയാളുടെ ചെവിയുടെ പിറകിലും തലയിലും മൂക്കിലും കടിയേറ്റു.
അരുവന്നൂർവിള കിഴക്കേതിൽ ഗോപിനാഥൻ പിള്ള (80), ഉണ്ണിക്കൃഷ്ണ പിള്ള (55)എന്നിവർക്കും വീടിന്റെ പരിസരങ്ങളിൽ നിൽക്കെ കടിയേറ്റു. നെറ്റിയിലും പുറത്തും കൈകൾക്കും സാരമായി പരുക്കേറ്റ ഗോപിനാഥൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആനയടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെ ചക്കുവള്ളി ചിറയുടെ തീരത്ത്, രാവിലെ ഒൻപതരയോടെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ശൂരനാട് തെക്ക് പാലവിളയിൽ ജോർജ് (84), മകൻ അനിൽ ജോർജ് (46) എന്നിവരെയും നായ ആക്രമിച്ചു.
കൈകൾക്കും കാലിനും പരുക്കേറ്റ ജോർജിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി ടൗൺ വാർഡിലെ പുത്തൻപുര ഉന്നതിയിൽ രാവിലെ 11നു വീടിന്റെ മുറ്റത്ത് നിന്ന സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു.
ഇതിനു ശേഷം കൊച്ചുതെരുവ് ജംക്ഷന്റെ ഭാഗത്തേക്ക് എത്തിയ നായ എങ്ങോട്ടോ ഓടി മറഞ്ഞു. നാട്ടുകാർ ചേർന്നു വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

