പരവൂർ ∙ കാപ്പിൽ ബീച്ചിലേക്കു പോകുന്ന പാതയിലെ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ വഴിയടച്ചു മതിൽ നിർമാണം നടത്താൻ ശ്രമിച്ചതു പ്രദേശവാസികളും കച്ചവടക്കാരും തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണു മതിൽ നിർമാണത്തിനായി സാധനസാമഗ്രികളും തൊഴിലാളികളും സ്ഥലം ഉടമയുടെ നേതൃത്വത്തിൽ പരവൂർ ഭാഗത്തു നിന്ന് കാപ്പിൽ ബീച്ചിലേക്കുള്ള ഇടവ പഞ്ചായത്ത് പരിധിയിലെ സ്ഥലത്ത് എത്തിയത്.
പരവൂർ ഭാഗത്തു നിന്നു കാപ്പിൽ പൊഴിയിലേക്ക് സഞ്ചാരികളെത്തുന്ന വഴിയിൽ കുറുകെ മതിൽ നിർമിക്കുകയായിരുന്നു ഉദ്ദേശ്യം. വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇടവ പഞ്ചായത്ത് അധികൃതർ എത്തി നിർമാണപ്രവർത്തനങ്ങൾ താൽക്കാലികമായി തടയുകയായിരുന്നു.
പരവൂർ ഭാഗത്തു നിന്നു കാപ്പിൽ ബീച്ചിലേക്കുള്ള പാതയിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ വസ്തുവാണ്. ഇവിടെ മതിൽ കെട്ടാൻ ആരംഭിച്ചാൽ ബീച്ചിലേക്കുള്ള പ്രവേശനം പൂർണമായും തടസ്സപ്പെടും.
ദിവസേന ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന ബീച്ചിൽ വഴി തടസ്സപ്പെടുന്നതു മേഖലയുടെ വികസനം തകർക്കും എന്നാണു നാട്ടുകാർ പറയുന്നത്.
സ്വകാര്യ വ്യക്തികളുടെ വസ്തു ആയതിനാൽ പൊലീസിനും ഇടവ പഞ്ചായത്തിനും ടൂറിസം വകുപ്പിനും ഇടപെടുന്നതിനു പരിമിതികളുണ്ട്. എന്നാൽ, തീരദേശ പാതയ്ക്കായി കല്ലിടീൽ നടത്തിയ ഭൂമി ആയതിനാലും തീരദേശ പരിപാലന നിയമം ബാധകം ആയതിനാലും നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സമുണ്ട്.
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കലക്ടർ ഇതു സംബന്ധിച്ചു പ്രത്യേക ഉത്തരവ് ഇറക്കുന്നതിനു പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.
മഴക്കാലത്ത് ഇടവ – നടയറ കായലിൽ ജലനിരപ്പ് ഉയരുമ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊഴി മുറിക്കുന്ന പ്രദേശമാണ് ഇവിടം. ഈ വഴിയിൽ മതിൽ കെട്ടി അടച്ചാൽ മണ്ണുമാന്തി യന്ത്രത്തിനു പൊഴിയിലേക്കു പോകാനും സാധിക്കില്ല.
ഇതു പരവൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കായൽ തീരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

