കൊല്ലം∙ കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരെയാണു കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിനും സമീപത്തും ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഹോസ്റ്റലിലെ മറ്റ് കുട്ടികൾ വീടുകളിലേക്ക് പോയതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. അവർ തിരിച്ചു വരുന്ന സമയത്ത് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥിനികളുടെ മരണം അന്വേഷിക്കുന്ന സായ് റീജനൽ ഡയറക്ടർ വിഷ്ണു വിഷ്ണു സുധാകരൻ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനെ സന്ദർശിച്ച് അന്വേഷണത്തിൽ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.
എസിപി എസ്. ഷരീഫിനു കീഴിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ, സായ് ഹോസ്റ്റൽ നടത്തിപ്പ് സംബന്ധിച്ചും പരാതികൾ ഉയരുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥാപനത്തിൽ മേൽ നോട്ടം വഹിക്കുന്നവർ കുട്ടികളെ മാത്രമല്ല ജീവനക്കാരെ വരെ മാനസികമായി പീഡിപ്പിക്കുന്നതായും കോവിഡ് കാലത്ത് ഒരു ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി ജീവനൊടുക്കിയതും ഈ പീഡനത്തിന്റെ ഫലമാണന്നും മുൻപ് ഇവിടെ കോച്ചായിരുന്ന ഒളിംപ്യൻ അനിൽകുമാർ പറഞ്ഞു.
ജീവനക്കാരനെ അദ്ദേഹത്തിന്റെ മകന്റെ മുന്നിൽ അധിക്ഷേപിച്ചതിൽ മനംനൊന്തായിരുന്നു ജീവനൊടുക്കിയത്.
അന്ന് പരാതി ഉയർന്നെങ്കിലും ഒരു തരത്തിലുള്ള അന്വേഷണവും നടന്നില്ല. കായിക താരങ്ങളെ മാനസികമായി തളർത്തുന്ന തരത്തിലുള്ള കുറ്റപ്പെടുത്തൽ രൂക്ഷമാണ്.
നിസ്സാര കാര്യങ്ങളുടെ പേരിൽ പലതവണ മെമ്മോ നൽകുകയും നിരന്തരമായ മാനസിക പീഡനം നേരിട്ടതിനെയും തുടർന്നാണ് 2023ൽ രാജിവെച്ചതെന്ന് അനിൽകുമാർ പറഞ്ഞു.
കേരളത്തിലെ കായിക താരങ്ങളെ പരിഗണിക്കാതെ ഉത്തരേന്ത്യയിൽ നിന്നുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. പലരും പ്രായപരിധി കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. കൗൺസലിങ് ഉൾപ്പെടെയുള്ള നടപടികൾ നൽകിയിരുന്നെങ്കിൽ കുട്ടികളുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് രക്ഷിതാക്കളും മറ്റുള്ളവരും പറഞ്ഞത്.
സായ് ഹോസ്റ്റൽ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ എസ്എച്ച്ഒമാർക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
ദുരൂഹത അന്വേഷിക്കണമെന്ന് സാന്ദ്രയുടെ പിതാവ്
കടലുണ്ടി (കോഴിക്കോട്)∙ കൊല്ലം സായ് ഹോസ്റ്റലിൽ 2 പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നു പിതാവ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയതായും പെൺകുട്ടികളിലൊരാളായ കടലുണ്ടി സ്വദേശി സാന്ദ്രയുടെ അച്ഛൻ പേടിയാട്ടുകുന്ന് അമ്പാളി രവി പറഞ്ഞു.
‘സായിലെ ഒരു അധ്യാപകൻ മകളെ മാനസികമായി പീഡിപ്പിച്ചു. അധ്യാപകർ മോശമായി പെരുമാറിയെന്ന് മകൾ പറഞ്ഞിരുന്നു.
അവൾ കടുത്ത മാനസികപീഡനം നേരിട്ടു. സഹിക്കാൻ പറ്റാവുന്നതിനപ്പുറം സഹിച്ചുവെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
സായി അധികൃതർ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. പൊലീസാണു മരണ വിവരം അറിയിച്ചത്.’ രവി പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചിനാണു സാന്ദ്രയെയും തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവിയെയും ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

