അഞ്ചാലുംമൂട് ∙ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ട്രെയ്ലർ ലോറിയിടിച്ചു മരിച്ചു. ഭർത്താവിനു പരുക്കേറ്റു .
പ്രദേശത്ത് അപകടം പതിവാണെന്ന് ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. ലോറി ഡ്രൈവർ അറസ്റ്റിൽ.ശക്തികുളങ്ങര വഴിക്കാവ് ക്ഷേത്രത്തിനു സമീപം ആയിത്തറ തെക്കതിൽ ആർ.രാജേഷിന്റെ ഭാര്യ എസ്.സജിതയാണ് (32) മരിച്ചത്.
ഇന്നലെ രാവിലെ 9.30ന് ബൈപാസിൽ നീരാവിൽ പള്ളിവേട്ടച്ചിറ ഒറ്റക്കൽ മേൽപാലത്തിനു സമീപത്താണ് അപകടം.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ ദമ്പതികൾ ജോലിസ്ഥലമായ കല്ലുംതാഴത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. ഇവരുടെ പിന്നിൽ വന്ന കണ്ടെയ്നർ ലോറി ഇടതു വശം ചേർന്നു മറികടക്കുന്നതിനിടെ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി.
നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്നു സജിത ലോറിയുടെ പിൻചക്രങ്ങൾക്ക് അടിയിലേക്കു വീഴുകയായിരുന്നു.
തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങി സജിത തൽക്ഷണം മരിച്ചു. രാജേഷ് (39) ബൈക്കുമായി റോഡിന്റെ വലതുവശത്തേക്കും വീണു.
രാജേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമല്ല. രണ്ടാംകുറ്റിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സജിത.
രാജേഷ് അവിടെത്തന്നെ മറ്റൊരു കമ്പനിയിലെ ഡ്രൈവറാണ്.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സജിതയുടെ മൃതദേഹം സംസ്കരിച്ചു. രണ്ടു വയസ്സുള്ള ഋതുദേവാണ് മകൻ.
അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ലോറി ഡ്രൈവർ നോർത്ത് പറവൂർ കരുമാല്ലൂർ മാമ്പറപറമ്പ് ഹൗസിൽ എം.ബി. ബാബു (65) ആണ് അറസ്റ്റിലായത്.
ലോറി കസ്റ്റഡിയിലെടുത്തു.
ഋതുമോന് മുത്തം നൽകാൻ ഇനി അമ്മയില്ല …
കൊല്ലം∙പൊന്നുമോന് പതിവു മുത്തം നൽകാൻ ഇനി അമ്മയില്ല. ഇന്നലെ രാവിലെ രണ്ടു വയസ്സുള്ള ഏക മകൻ ഋതുദേവിന് മുത്തം നൽകിയാണ് ശക്തികുളങ്ങര സ്വദേശിയായ സജിതയും ഭർത്താവ് രാജേഷും ജോലിക്കായി പോയത്.
ഇരുവരും സഞ്ചരിച്ച ബൈക്കിൽ ബൈപാസിൽ പള്ളിവേട്ടച്ചിറ ഭാഗത്തു വച്ച് ട്രെയ്ലർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സജിത മരിച്ചു.
എല്ലാ ദിവസവും ജോലിക്കിറങ്ങുമ്പോൾ പൊന്നോമനയ്ക്കു മുത്തം നൽകിയാണ് ഇരുവരും ഇറങ്ങുന്നത്. ജോലിക്കു പോയ അച്ഛൻ ഉച്ചയോടെ തിരികെ വന്നപ്പോൾ അവന് സന്തോഷം.
മകനെ കണ്ടതോടെ രാജേഷ് അവനെ ചേർത്തു പിടിച്ചു കരഞ്ഞു. അപ്പോഴും അവനു കാര്യമെന്താണെന്ന് മനസ്സിലായില്ല.
അമ്മയെവിടെ അച്ഛാ….എന്ന് അവൻ പല തവണ അന്വേഷിച്ചപ്പോഴും രാജേഷ് വിതുമ്പി. എന്തു ജോലിക്കും ഒരു മടിയും കൂടാതെ പോകാനുള്ള മനസ്സു കാണിച്ച സജിത നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
രാജേഷ് ഏറെ നാൾ വിദേശത്തായിരുന്നു.
ഇരുവർക്കും അടുത്തടുത്ത സ്ഥാപനങ്ങളിലായിരുന്നു ജോലി എന്നതിനാൽ എന്നും ഒരുമിച്ചായിരുന്നു യാത്ര. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ സജിതയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടു വന്നു.
വൻ ജനാവലിയാണ് സജിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വീട്ടിലെ ചടങ്ങുകൾക്കു ശേഷം വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടത്തി.
അപകടത്തിന് കാരണം അശാസ്ത്രീയ റോഡ് നിർമാണമെന്ന് നാട്ടുകാർ
അഞ്ചാലുംമൂട്∙ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ടെയ്ലർ ലോറി ഇടിച്ചു മരിച്ച സംഭവത്തിനു പിന്നാലെ ബൈപാസ് റോഡിൽ പള്ളിവേട്ടച്ചിറ ഭാഗത്ത് അപകടം പതിവാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.അപകടം പതിവാണെന്നു പരാതിപ്പെടാൻ തുടങ്ങിയിട്ടു നാളേറെയായിട്ടും നടപടിയുണ്ടാകാതായപ്പോഴാണ് ഇന്നലെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇവിടെ സ്ഥിരം അപകടം ഉണ്ടാകുന്നതിന് കാരണമെന്നാണു നാട്ടുകാരുടെ പരാതി. അപകടം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണു നാട്ടുകാർ ബൈപാസ് ഉപരോധിച്ചത്.
തുടർന്ന് റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ രാഗേഷ് കുമാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. 2 ദിവസത്തിനകം കലക്ടറേറ്റിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി ചർച്ച നടത്താമെന്ന് ഡപ്യൂട്ടി കലക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]