
കഴുതുരുട്ടി∙ ആര്യങ്കാവ് പഞ്ചായത്ത് ഒാഫിസിന്റെ പഴയ കെട്ടിടം തകർച്ചയിൽ. 1986ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം നവീകരണം നടത്താതെ ഉപേക്ഷിച്ച നിലയിൽ. കോൺക്രീറ്റ് പാളികൾ തകർന്നിളകി കമ്പികൾ തെളിഞ്ഞ് തകർച്ചയിലായതോടെ കെട്ടിടത്തിന്റെ ഫിറ്റ്നസ് നിഷേധിച്ചു.
ഇതേ തുടർന്നു പഞ്ചായത്ത് ഒാഫിസിന്റെ പ്രവർത്തനം ഇതേ കെട്ടിടത്തിനു പിന്നിൽ പണിത പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. ഫിറ്റ്നസ് ഇല്ലാത്തതിനാൽ കോൺക്രീറ്റ് തകർന്നു കമ്പികൾ തെളിഞ്ഞ ഭാഗത്തെ കടകൾക്ക് അപകട ഭീഷണി കണക്കിലെടുത്തു വൈദ്യുതി കണക്ഷൻ വിഛേദിച്ചു.
ഇതേ കെട്ടിടത്തിലാണ് സഹകരണ ബാങ്ക് ശാഖയും മാവേലി സ്റ്റോറും തൊഴിലുറപ്പു പദ്ധതി ഒാഫിസും പഞ്ചായത്ത് ഹാളും അക്ഷയ കേന്ദ്രവും സിപിഐ പാർട്ടി ഒാഫിസും പ്രവർത്തിക്കുന്നത്.
മരാമത്ത് അസി. എൻജിനീയർ ഒാഫിസ്, വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസ്, ഐസിഡിഎസ് സൂപ്പർവൈസർ ഒാഫിസ്, ഗവ.
ഹോമിയോ ആശുപത്രി, വെറ്ററിനറി ഡിസ്പെൻസറി, കുടുംബശ്രീ സിഡിഎസ് ഒാഫിസ് എന്നിവയും ഈ കെട്ടിടത്തിലുണ്ട് . തകർന്ന ഭാഗങ്ങളിൽ സ്വന്തം നിലയിൽ അറ്റകുറ്റപ്പണി നടത്തിയാണു പാർട്ടി ഒാഫിസിന്റെ പ്രവർത്തനം.
കെട്ടിടഭാഗങ്ങൾ അടർന്നിളകി വീണിട്ടും ഇവിടെ സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടില്ല. പഞ്ചായത്ത് ലേലം ചെയ്തു നൽകിയ കടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഓരോ വർഷവും 5% അധിക ലേലത്തുക ഈടാക്കിയാണു കടകളുടെ ലേലം. സ്ഥാപനങ്ങൾ ഒഴിപ്പിച്ച ശേഷം കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം പണിയാനുള്ള പദ്ധതിക്കും നീക്കമില്ല.
പാർക്കിങ് സൗകര്യത്തോടെ കെട്ടിട സമുച്ചയം പണിതു പൊതുച്ചന്തയുടെ അടക്കം വികസനം അടക്കം നടപ്പാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]